കോവിഡിനെ ഈസി ആയി തോൽപിച്ചു; വീട്ടിലെ ചികിൽസ വഴി സുഖം പ്രാപിച്ച് 96 കാരി

pathanamthitta-eliamma.jpg.image.845.440
SHARE

പത്തനംതിട്ടയിൽ കോവിഡ് ബാധിതയായ 96 വയസ്സുകാരി വീട്ടിലെ ചികിത്സയിൽ സുഖം പ്രാപിച്ചു. ‌മണ്ണാറക്കുളഞ്ഞി കുഴിയിൽപീടികയിൽ ഏലിയാമ്മ മത്തായിയാണ് മുതിർന്ന പൗരൻമാരിൽ കോവിഡ് നെഗറ്റീവായത്. മകൻ കോവിഡ് ബാധിതനായപ്പോൾ നടത്തിയ പരിശോധനയിൽ ഏലിയാമ്മ പോസിറ്റീവ് ആയെങ്കിലും രോഗലക്ഷണങ്ങൾ ഒന്നും ഇല്ലായിരുന്നു. എന്നാൽ പ്രോട്ടോക്കോൾ പ്രകാരം ആശുപത്രിയിലേക്ക് മാറേണ്ടതും ഉണ്ടായിരുന്നു. എന്നാല്‍ തനിക്കുള്ള മരുന്ന് വീട്ടിൽ തന്നാൽ മതിയെന്നായിരുന്നു ഏലിയാമ്മയുടെ നിലപാട്. കൊച്ചുമകനും ഭാര്യയും ഏലിയാമ്മയെ ശുശ്രൂഷിക്കാമെന്നേറ്റു. ഇക്കാര്യം ജനറൽ ആശുപത്രിയിലും അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലും അറിയിച്ചു.

ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കാമെന്നും വിവരങ്ങൾ ഡോക്ടർക്ക് വാട്സാപ് ചെയ്യാമെന്നും കൊച്ചുമകൻ ഉറപ്പു നൽകി. അടിയന്തര സാഹചര്യം വന്നാൽ ഉടൻ ആശുപത്രിയിൽ എത്തിക്കാമെന്നും സമ്മതിച്ചു. ഒടുവിൽ ആരോഗ്യവകുപ്പ് അനുവാദം നൽകി. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നു ദിവസവും ഫോണിൽ വേണ്ട നിർദേശങ്ങൾ നൽകി.  കൃത്യമായ രോഗ വിവരങ്ങൾ ചെറുമകനും നൽകി. 10 ദിവസം കഴിഞ്ഞതോടെ ആന്റിജൻ പരിശോധന നടത്തി. ഫലം വന്നപ്പോൾ നെഗറ്റീവ്. ഒപ്പം കുടുംബം മുഴുവൻ കോവിഡ് മുക്തരായി.

ആരോഗ്യ പ്രവർത്തകരുടെ പിന്തുണയും കൃത്യമായ ഇടപെടലുകളും വീട്ടുകാരുടെ ശ്രദ്ധയും ഉണ്ടെങ്കിൽ ലക്ഷണം ഇല്ലാത്ത കോവിഡ് ബാധിതർക്ക് വീട്ടുചികിത്സ വിജയമാകുമെന്നതിന്റെ തെളിവായി ഈ 96 വയസ്സുകാരി. കോവിഡ് ബാധിതർക്ക് കാര്യമായ ആരോഗ്യ പ്രശനങ്ങളില്ലെങ്കിൽ വീട്ടിൽ തന്നെ കൃത്യമായ ചികിത്സയും പരിചരണങ്ങളും നൽകുന്നതാണ് അവർക്ക് നല്ലതെന്നും വീട്ടിലെ സാഹചര്യത്തിൽ ഇവർക്ക് മാനസിക സമ്മർദങ്ങളും ഒഴിവാകുമെന്നും ഡിഎംഒ എ.എൽ.ഷീജ പറഞ്ഞു.

MORE IN KERALA
SHOW MORE
Loading...
Loading...