അപ്രതീക്ഷിത രാജി; അസ്വാരസ്യങ്ങള്‍ തലപൊക്കിയതിന്റ ആശങ്കയിൽ കെ.പി.സി.സി

kpcc8
SHARE

ബെന്നി ബഹനാന്റേയും കെ.മുരളീധരന്റേയും അപ്രതീക്ഷിത രാജിയിലൂടെ പാര്‍ട്ടിക്കുള്ളില്‍ വീണ്ടും അസ്വാരസ്യങ്ങള്‍ തലപൊക്കിയതിന്റ ആശങ്കയിലാണ് കെ.പി.സി.സി നേതൃത്വം. യു.ഡി.എഫിന് അനുകൂലമായ സാഹചര്യം നിലനില്‍ക്കെ അനാവശ്യ വിവാദങ്ങള്‍ ഉയരുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം ശക്തമാണ്. തിരഞ്ഞെടുപ്പ് പ്രചാരണസമിതി അധ്യക്ഷസ്ഥാനം ഒഴിഞ്ഞ കെ.മുരളീധരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. 

കെ.പി.സി.സിയുടെ നിര്‍ദേശത്തിന്റ കൂടി അടിസ്ഥാനത്തിലാണ് ബെന്നി ബഹനാന്റ രാജിയെങ്കിലും,രാജിവച്ച രീതി പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസം വെളിപ്പെടുത്തുന്ന തരത്തിലായിരുന്നു. പ്രത്യേകിച്ചും എ ഗ്രൂപ്പിലെ. കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നതിലെ തര്‍ക്കം കാരണം അടുത്തകാലത്തായി ഉമ്മന്‍ചാണ്ടിയുമായും എ ഗ്രൂപ്പുമായും അകലം പാലിച്ചിരുന്ന ബെന്നി ബഹനാന്‍ ആ പാളയത്തില്‍ തന്നെ തുടരുമോയെന്നതാണ് ഇനി കണ്ടറിയേണ്ടത്. സമയത്ത് രാജിവച്ചൊഴിയാതെ കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയത് ബെന്നി ബഹനാന്‍ തന്നെയാണെന്നാണ് എ ഗ്രൂപ്പിലെ പൊതുവികാരം. ബെന്നി ബഹനാന്റ രാജി പ്രഖ്യാപനത്തിന് പിന്നാലെ കെ.മുരളീധരന്‍ തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതും കെ.പി.സി.സിയെ ഞെട്ടിച്ചു. സംസ്ഥാന നേതൃത്വത്തെ അറിയിക്കാതെ നേരിട്ട് സോണിയഗാന്ധിക്ക് കത്ത് നല്‍കിയത് നേതൃത്വത്തോടുള്ള അതൃപ്തി വ്യക്തമാക്കാന്‍ തന്നെയാണ്. മാധ്യമങ്ങളില്‍ നിന്നാണ് കെ.പി.സി.സി പ്രസിഡന്റ് പോലും രാജിക്കാര്യം അറിഞ്ഞത്. സെക്രട്ടറിമാരുടെ എണ്ണം കുറയ്ക്കാനായി ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടപ്പോള്‍ ആരോടും ആലോചിക്കാതെ നേതാക്കള്‍ പേരുകള്‍ ഒഴിവാക്കിയെന്നാണ് മുരളീധരന്റ  പരാതി. ഇക്കാര്യത്തിലുള്ള അതൃപ്തി ഹൈക്കമാന്‍ഡിനെയും അറിയിച്ചിരുന്നു. പുതിയ സെക്രട്ടറിമാര്‍ അടുത്തദിവസം ചുമതലയേല്‍ക്കാനിരിക്കെയാണ് മുരളീധരന്റ രാജിയെന്നതും ശ്രദ്ധേയം. ലോക്സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രചാരണസമിതി‌യുടെ കാലാവധി കഴിഞ്ഞെന്നും അതുകൊണ്ടുതന്നെ മുരളീധരന്റ രാജിക്ക് വലിയ ഗൗരവം കല്‍പിക്കേണ്ടതില്ലെന്ന അഭിപ്രായവുമുണ്ട്. അതേസമയം അനാവശ്യ വിവാദങ്ങളുണ്ടാക്കി യു ഡി.എഫിനുള്ള അനുകൂലമായ സാഹചര്യം ഇല്ലാതാക്കരുതെന്ന ആവശ്യവും പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്.  

MORE IN KERALA
SHOW MORE
Loading...
Loading...