സെപ്റ്റംബറിലെ ഒരാഴ്ച ലഭിച്ചത് 274 ശതമാനം അധികം മഴ; മുന്നില്‍ കോഴിക്കോടും തിരുവനന്തപുരവും

rain-13
SHARE

സെപ്റ്റംബറിലെ ഒരാഴ്ച സംസ്ഥാനത്ത് ലഭിച്ചത് 274 ശതമാനം അധികം മഴ. കോഴിക്കോട്, തിരുവനന്തപുരം ജില്ലകളാണ് മഴക്കണക്കില്‍ മുന്നില്‍. അടുത്തമാസം ആദ്യംവരെ ചെറിയമഴമാത്രമാകും കേരളത്തിലുണ്ടാവുകയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത്. 

സെപ്റ്റംബര്‍ 17 മുതല്‍ 23 വരെയുള്ള ഒരാഴ്ച കേരളത്തില്‍ ലഭിക്കേണ്ടതിനെക്കാള്‍ 274 ശതമാനം അധികം മഴയാണ് പെയ്തത്. 215 മില്ലീമീറ്റര്‍ മഴയാണ്  രേഖപ്പെടുത്തിയത്. ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 25 വരെയുള്ള കാലയളവിലാകട്ടെ 11 ശതമാനം അധികം മഴ കിട്ടി. തിരുവനന്തപുരം , കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴപെയ്തത്. തിരുവനന്തപുരത്ത് 38 ശതമാനവും കോഴിക്കോട് 36 ശതമാനവും മഴ കൂടുതല്‍ ലഭിച്ചു. തൃശൂര്‍ വയനാട് ഇടുക്കി ജില്ലകളിലാണ് സാധാരണ ഈ കാലയളവില്‍ കിട്ടേണ്ടതിലും കുറവ് മഴ രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. വയനാട്ടില്‍ 17, തൃശൂരില്‍ 11, ഇടുക്കിയില്‍ നാല് ശതമാനം വീതം മഴ കുറഞ്ഞു.  ഒാഗസ്റ്റ് , സെപ്റ്റംബര്‍ മാസങ്ങളിലെ ഒാരോ ആഴ്ച വീതമാണ് തീവ്രമഴ പെയ്തത്.  പെട്ടിമുടിയിലെ മണ്ണിടിച്ചിലാണ് മഴക്കാലം കൊണ്ടുവന്ന വന്‍ദുരന്തം.  ആലപ്പുഴ, വയനാട്, ഇടുക്കി, കാസര്‍കോട്, മലപ്പുറം , കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളില്‍ വെള്ളക്കെട്ടും അനുബന്ധപ്രശ്നങ്ങളും ഉണ്ടായെങ്കിലും വലിയ വെള്ളപ്പൊക്കത്തിലേക്ക് കാര്യങ്ങളെത്തിയില്ല .കാലവര്‍ഷക്കാലം അവസാനിക്കാന്‍ ദിവസങ്ങള്‍മാത്രം ഇനി അവശേഷിക്കുമ്പോഴാണ് കാലാവസ്ഥാ വകുപ്പുകള്‍ ഈ കണക്ക് പുറത്തു വിട്ടിരിക്കുന്നത്. 

MORE IN KERALA
SHOW MORE
Loading...
Loading...