കാൽനൂറ്റാണ്ട് പിന്നിട്ട നിയമപോരാട്ടം; ഒടുവിൽ കിടപ്പാടം തിരിച്ച് പിടിച്ച് കുഞ്ഞുമോൾ

kunjumol-25
SHARE

ജപ്തി ഭീഷണി നേരിട്ട കുടുംബം ഇരുപത്തിയാറു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ കിടപ്പാടം തിരിച്ചുപിടിച്ചു. ബാങ്ക് വിച്ഛേദിച്ച വൈദ്യുതി ബന്ധം പതിനൊന്നു വര്‍ഷത്തിനു ശേഷം ഇന്നലെ പുനഃസ്ഥാപിച്ചു. തൃശൂര്‍ തലോരില്‍ നിന്നാണ് നിയമ പോരാട്ടത്തിന്റെ കഥ.  

ഈ വീട് കടംകയറി ഇരുട്ടിലായിരുന്നു. ആ ഇരുട്ട് നീക്കിയത് ഹൈക്കോടതിയാണ്. ഇരുപത്തിയാറു വര്‍ഷം മുമ്പ് ബേക്കറി തുടങ്ങാന്‍ ബാങ്ക് വായ്പയെടുത്തിരുന്നു. രണ്ടേക്കാല്‍ ലക്ഷം രൂപ. മടക്കി അടയ്ക്കാന്‍ പറ്റിയില്ല. ജപ്തിയായി. ഈട് നല്‍കിയിരുന്ന ഇരുപത്തിമൂന്നര സെന്റ് ഭൂമിയും വീടും ബാങ്ക് ഏറ്റെടുക്കാന്‍ നടപടി തുടങ്ങി. ഇതിനിടെ, വീട്ടുടമ മരിച്ചു. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം കിടപ്പാടം ഉപേക്ഷിക്കാതെ നിയമ പോരാട്ടത്തിനിറങ്ങി. കുടുംബത്തിന്റെ ദയനീയ അവസ്ഥ കണ്ട് അഭിഭാഷകരും ഫീസ് വാങ്ങിയില്ല. സര്‍ഫാസി വിരുദ്ധ സമര സമിതിയും പിന്തുണ നല്‍കി. കുടുംബത്തെ ഒഴിപ്പിക്കാന്‍ ബാങ്ക് പലവഴിയും നോക്കി. പതിനൊന്നു വര്‍ഷം മുമ്പ് വീടിന്റെ ഫ്യൂസ് ഊരിയതായിരുന്നു വലിയ പ്രതിസന്ധി സൃഷ്ടിച്ചത്. മണ്ണെണ്ണ വിളക്കില്‍ പതിനൊന്നു വര്‍ഷം ജീവിച്ചു. ഇരുപത്തിയാറു വര്‍ഷം നീണ്ട പോരട്ടത്തിനൊടുവില്‍ ഹൈക്കോടതി വിധി കുടുംബത്തിന് അനുകൂലമായി. രണ്ടേക്കാല്‍ ലക്ഷം രൂപയുടെ വായ്പയ്ക്കു രണ്ടേക്കാല്‍ കോടിയുടെ സ്വത്ത് ഏറ്റെടുക്കേണ്ടെന്ന് കോടതി വിധിച്ചു. വീടിന്റെ മുന്‍വശത്തുള്ള ആറു സെന്റ് ഭൂമി ബാങ്കിന് നല്‍കി. ബാക്കിയുള്ള പതിനേഴര സെന്റ് ഭൂമിയും വീടും കുടുംബത്തിന് അനുവദിച്ചു. മൂന്നു സെന്റ് വീതിയില്‍ റോഡും.

വീടിന്റെ അതിരുകള്‍ സംബന്ധിച്ച് സര്‍വേയറുടെ റിപ്പോര്‍ട്ടില്‍ അപകാതകളുണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇക്കാര്യം, കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും. വീട്ടില്‍ വൈദ്യുതി വന്നതോടെ മക്കളുടെ ഓണ്‍ലൈന്‍ പഠനത്തിന് വഴിതെളിഞ്ഞു. ഇനി, ടെലിവിഷന്‍ കൂടി വേണം. സ്കൂള്‍ ബസിലെ ജീവനക്കാരിയായ കു‍ഞ്ഞുമോളുടെ വരുമാനമായിരുന്നു ഇവരുടെ ആശ്രയം.

MORE IN KERALA
SHOW MORE
Loading...
Loading...