വിവാദ സ്പ്രിന്‍ക്ളര്‍ കരാര്‍ തുടരില്ല; കാലാവധി ഇന്ന് അവസാനിക്കും

sprinkler
SHARE

അമേരിക്കൻ കമ്പനി സ്പ്രിൻക്ലറുമായുള്ള വിവാദ കരാർ തുടരേണ്ട എന്ന് സർക്കാർ തീരുമാനം. കോവിഡ് വിവരശേഖരണത്തിനും വിശകലനത്തിനും സ്പ്രിൻക്ലറുമായി ഒപ്പിട്ട കരാർ കാലാവധി ഇന്ന് അവസാനിക്കും. പ്രതിദിന കോവിഡ് ബാധ അയ്യായിരം കടന്നെങ്കിലും ഇതുവരെ വിവര വിശകലനത്തിന് സ്പ്രിൻക്ലർ ടൂൾ ഉപയോഗിച്ചിട്ടില്ല.

മാർച്ച് 24നായിരുന്നു സ്പ്രിൻക്ലറുമായി സർക്കാർ കരാർ ഒപ്പിട്ടത്. ഇന്നുവരെയോ അല്ലെങ്കിൽ കോവിഡ് വ്യാപനം തീരുന്നതുവരെയോ കാലാവധി എന്നായിരുന്നു കരാർ. ആറു മാസത്തേക്ക് സൗജന്യ സേവനമെന്നും അതിനു ശേഷം കരാർ തുടരണമെങ്കിൽ പണം നൽകണമെന്നുമായിരുന്നു വ്യവസ്ഥ. ഇന്ന് കാലാവധി അവസാനിക്കുന്ന കരാർ തുടരേണ്ട എന്നാണ് സർക്കാർ തീരുമാനം. തുടക്കത്തിൽ സ്പ്രിൻക്ലർ വഴിവിവരശേഖരണം നടത്തിയിരുന്നു. ക്വാറൻ്റീനിൽ കഴിയുന്നവർ ഇതുവഴി സ്വയം റിപ്പോർട്ട് ചെയ്യണമെന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ല. കുറച്ചു പേർ മാത്രമേ ഓൺലൈനായി വിവരം നൽകിയുള്ളു. കാര്യമായ ഡാറ്റ ലഭിക്കാത്തതിനാൽ വിശകലനമൊന്നും സാധ്യമായില്ലെന്ന് സി-ഡിറ്റ് അധികൃതർ പറയുന്നു. അമേരിക്കൻ കമ്പനിയുമായി വ്യക്തിവിവര സുരക്ഷ ഉറപ്പുവരുത്താതെ സർക്കാർ കരാർ ഒപ്പിട്ടെന്ന് ആരോപണം ഉയർന്നതോടെ കരാർ വിവാദത്തിലായിരുന്നു. ഹൈക്കോടതി നിർദ്ദേശപ്രകാരം സർക്കാർ വിവര സുരക്ഷയ്ക്ക് നടപടി എടുത്തു. ശേഖരിച്ച വിവരങ്ങളും വിശകലനത്തിനുള്ള ടൂളും പൂർണമായി സി- സിറ്റിന് കൈമാറുകയും ചെയ്തു. എന്നാൽ ഇതുപയോഗിച്ചുള്ള വിവര വിശകലനം ഒരിക്കൽ പോലും നടന്നില്ല. സ്പ്രിൻക്ലറുമായുള്ള കരാർ കോവിഡ് പ്രതിരോധത്തിന് ഉപയോഗപ്പെടാതെ ഇന്ന് അവസാനിക്കുമ്പോൾ സർക്കാരിനെ പ്രതിരോധത്തിലാക്കിയ വിവാദം മാത്രമാണ് ബാക്കി.

MORE IN KERALA
SHOW MORE
Loading...
Loading...