കോവിഡ് പരിശോധനയ്ക്കായി കെഎസ്യു സംസ്ഥാന പ്രസിഡന്റ് പേര് തെറ്റായി രേഖപ്പെടുത്തിയതില്‍ പ്രതിഷേധം ഉയരുന്നതിനിടെ ട്രോളുമായി മന്ത്രി എം.എം മണി. ഫെയ്സ്ബുക്കിലാണ് മന്ത്രി ട്രോൾ കുറിപ്പിട്ടത്. കോവിഡ് ടെസ്റ്റ് നടത്തിയാൽ പേരും വിലാസവും വേറെ അണ്ണന്റെ തരും എന്നാണ് മന്ത്രിയുടെ കുറിപ്പ്.
കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ: ചായകുടിച്ചാൽ കാശ് "അണ്ണൻ തരും" കോവിഡ് ടെസ്റ്റ് നടത്തിയാൽ പേരും മേൽവിലാസവും "വേറെ അണ്ണന്റെ തരും". കെഎസ്യു എന്നത് കോവിഡ് സ്പ്രെഡിങ് യൂണിയൻ എന്നും മന്ത്രി ഹാഷ്ടാഗ് ചേർത്തിട്ടുണ്ട്.
കെഎസ്യു സംസ്ഥാന അധ്യക്ഷനായ കെ.എം അഭിജിത്ത് തിരുവനന്തപുരത്ത് നിന്ന് പരിശോധന നടത്തിയ ശേഷം പേര് അഭി കെ.എം എന്നും ഫോൺ നമ്പര്‍ കെഎസ്യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടേതുമാണ് നൽകിയിരുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പരാതി നൽകിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. എന്നാൽ പേര് തെറ്റായല്ല നൽകിയതെന്നും ക്ലറിക്കൽ പിശകാവാമെന്നും ബാഹുൽ കൃഷ്ണ വ്യക്തമാക്കി.