'എന്നാൽ ഫിറോസെന്നോ ഐസക്കെന്നോ പറഞ്ഞാൽ പോരെ? പേര് തെറ്റിച്ചില്ല'

bahul-24
SHARE

കെഎസ്​യു സംസ്ഥാന പ്രസിഡന്റ് കോവിഡ് പരിശോധനയിൽ തെറ്റായ പേര് വിവരങ്ങൾ നൽകിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് സുഹൃത്തും സെക്രട്ടറിയുമായ ബാഹുൽകൃഷ്ണ. കെഎസ്​യു പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്വയം നിരീക്ഷണത്തിലായിരുന്ന അഭിജിത്ത് ചൊവ്വാഴ്ചയാണ് പോത്തന്‍കോട് പഞ്ചായത്തിലേക്ക് എത്തിയത്. സുഹൃത്തിന്റെ വീട്ടിലാണ് അഭിജിത്ത് ക്വാറന്റീനിൽ കഴിയുന്നത്. അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് പ്ലാമൂടുള്ള ആരോഗ്യപ്രവർത്തകരെ വിളിച്ച് വിവരം നൽകിയതായി ബാഹുൽ കൃഷ്ണ പറയുന്നു. ടെസ്റ്റ് നടത്തുന്ന കാര്യം അന്വേഷിച്ചപ്പോൾ ആ പഞ്ചായത്തിൽ താമസിക്കുന്ന ആൾക്ക് മാത്രമേ അവിടെ പരിശോധന നടത്താൻ കഴിയൂ എന്നാണ് അറിയാൻ കഴിഞ്ഞത്. തുടർന്ന് തന്റെ മേൽവിലാസം നൽകി ടെസ്റ്റ് നടത്തുകയായിരുന്നുവെന്നും ബാഹുൽ വ്യക്തമാക്കി. 

ബാഹുലിന്റെ വാക്കുകൾ ഇങ്ങനെ..; 

ഞാനൊരു പൊതുപ്രവർത്തകനാണ്. എല്ലാവർക്കും വീടും അഡ്രസും അറിയാം. അഭിജിത്ത് കെ.എം എന്ന് തന്നെയാണ് പേര് പറഞ്ഞുകൊടുത്തത്. അഭിയെന്ന് പറയേണ്ട കാര്യമുണ്ടോ? ഫിറോസെന്നോ ഐസക്കെന്നോ പറഞ്ഞാൽ മതിയല്ലോ. അഡ്രസും വേറെ കൊടുത്താൽ മതിയല്ലോ. ഇത്തരം വാർത്തകൾ എവിടെ നിന്നാണ് വരുന്നതെന്ന് മനസിലാകുന്നില്ല.

നല്ല ഉദ്ദേശത്തോടെ ചെയ്ത കാര്യമാണ് ഈ അർഥത്തിലേക്ക് മാറിയത്.  അഭിജിത്തിന്റെ ഫോണിൽ വിളിച്ചാൽ കിട്ടാൻ ബുദ്ധിമുട്ടായാലോ എന്ന് കരുതിയാണ് തന്റെ ഫോൺ നമ്പർ നൽകിയത്.  കൂടാതെ താമസിക്കുന്ന സ്ഥലത്തെ വീട്ടുടമസ്ഥന്റെ ഫോൺ നമ്പരും ആരോഗ്യപ്രവർത്തർക്ക് ബന്ധപ്പെടുന്നതിനായി നൽകി. വിവരങ്ങളിലൊന്നും തെറ്റായി നൽകിയില്ല. കെ.എം അഭിജിത്ത് ക്വാറന്റീനിൽ കഴിയുന്നത് ആരോഗ്യപ്രവർത്തകർ നേരിൽ വന്ന് ബോധ്യപ്പെട്ടതാണ്. തച്ചംപള്ളി ആരോഗ്യകേന്ദ്രത്തിലാണ് പരിശോധന നടത്തിയത്. പേരിൽ വന്ന പിഴവ് ക്ലറിക്കൽ മിസ്റ്റേക്ക് വന്നതാകാമെന്നും ബാഹുൽ കൂട്ടിച്ചേർത്തു.

ഒരു മണിക്കൂറിനുള്ളിൽ കോവിഡ് ഫലം ലഭിച്ചുവെന്നും പോസിറ്റീെവന്ന് തെളിഞ്ഞതിനെ തുടർന്ന് സമ്പർക്കത്തിലുള്ളവരെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചുവെന്നും ബാഹുൽ മനോരമന്യൂസിനോട് പറഞ്ഞു. 

MORE IN KERALA
SHOW MORE
Loading...
Loading...