കനകമല ഭീകരവാദക്കേസ്; മുഹമ്മദ് പോളക്കാനിയെ പതിനാറാം പ്രതിയാക്കി

kanakamala
SHARE

കനകമല ഭീകരവാദക്കേസേില്‍ എന്‍ഐഎ ജോര്‍ജിയയില്‍ നിന്ന് കൊച്ചിയിലെത്തിച്ച് അറസ്റ്റ് ചെയ്ത മുഹമ്മദ് പോളക്കാനിയെ പതിനാറാം പ്രതിയാക്കി. കേരളത്തിലും തമിഴ്‌നാട്ടിലും ആക്രമണത്തിന് പദ്ധതിയിട്ട് സമൂഹമാധ്യമമായ ടെലഗ്രാമില്‍ നടന്ന ഗൂഢാലോചനയില്‍ ഹാര്‍പര്‍ പാര്‍ക്കര്‍ എന്ന പേരിലാണ് പോളക്കാനി പങ്കെടുത്തിരുന്നത്. മുഹമ്മദിന്റെ അറസ്റ്റോടെ ഗൂഢാലോചനയില്‍ പങ്കെടുത്ത കൂടുതല്‍ പേരെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് എന്‍ഐഎ.

കേരളത്തിലും തമിഴ്‌നാട്ടിലും ആക്രമണത്തിന് പദ്ധതിയിടാന്‍ 2016 ഒക്ടോബര്‍ 2 ന് കണ്ണൂര്‍ കനകമലയില്‍ ഒത്തുകൂടിയെന്നാണ് പ്രധാന കേസ്. ഇതിന്റെ ഗൂഢാലോചന നടന്ന ടെലഗ്രാം ഗ്രൂപ്പിലെ അംഗമായ മുഹമ്മദ് പോളക്കാനിയെ വെള്ളിയാഴ്ചയാണ് എന്‍ഐഎ ജോര്‍ജിയയില്‍ നിന്ന് ഡല്‍ഹിയിലെത്തിക്കുന്നത്. മുഹമ്മദ് പോളക്കാനിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ ഭാഗമായി കുറ്റവാളികളെ കൈമാറുന്ന നയതന്ത്ര ചാനല്‍ വഴിയാണ് പോളക്കാനിയെ ഇന്ത്യയിലെത്തിച്ചത്. ആക്രമണത്തിന്റെ ഗൂഢാലോചന നടന്ന ടെലഗ്രാം ഗ്രൂപ്പ് ചാറ്റില്‍ ഹാര്‍പര്‍ പാര്‍ക്കര്‍ എന്ന പേരിലാണ് പോളക്കാനി ആദ്യം  പങ്കെടുത്തിരുന്നത്. പിന്നീട് പേര് ഇസ്മാനിക് ബിസര്‍ എന്നാക്കി മാറ്റി. എന്നാല്‍ എന്‍ഐഎ നടത്തിയ അന്വേഷണത്തില്‍ ഇത് മുഹമ്മദ് പോളക്കാനിയാണെന്ന് വ്യക്തമാകുകയായിരുന്നു.

കനകമലക്കേസില്‍ പോളക്കാനിയെ പതിനാറാം പ്രതിയാക്കി. ടെലഗ്രാം ഗ്രൂപ്പില്‍ ഗൂഢാലോചനയില്‍ പങ്കെടുത്ത കൂടുതല്‍ പേരെ കണ്ടെത്താന്‍ മുഹമ്മദിന്റെ അറസ്റ്റിലൂടെ കഴിയുമെന്നാണ് എന്‍ഐഎയുടെ പ്രതീക്ഷ. എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആറുപേരെ കോടതി ശിക്ഷിച്ചിരുന്നു. പ്രതികള്‍ രാജ്യാന്തര ഭീകരസംഘടനയായ ഐഎസിലെ അംഗങ്ങളാണെന്ന എന്‍ഐഎയുടെ ആരോപണം തെളിവുകളുടെ അഭാവത്തില്‍ കോടതി തള്ളിയിരുന്നു. 

MORE IN KERALA
SHOW MORE
Loading...
Loading...