സെമി ഹൈസ്്പീഡ് റയില്‍ പദ്ധതി; സ്ഥലം റവന്യൂ ഉദ്യോഗസ്ഥര്‍ നേരിട്ട് ഏറ്റെടുക്കും

rail-project
SHARE

തിരുവനന്തപുരം , കാസര്‍കോട് സെമി ഹൈസ്്പീഡ് റയില്‍ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കല്‍ യൂണിറ്റുകള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നേരിട്ട് നടത്തും. വിരമിച്ച ഉദ്യോഗസ്ഥര്‍ മതിയെന്ന കെ റയിലിന്‍റെ അഭിപ്രായം റവന്യൂ വകുപ്പ് അംഗീകരിച്ചില്ല.  ആദ്യഘട്ടത്തില്‍ ഏഴ് ലാന്‍ഡ് അക്വിസിഷന്‍ യൂണിറ്റുകളാരംഭിക്കുക.

1383 ഹെക്ടര്‍ഭൂമിയാണ് സില്‍വര്‍ ലൈന്‍ എന്ന് പേരിട്ടിരിക്കുന്ന സെമി ഹൈസ്്പീഡ് റയില്‍ പദ്ധതിക്കായി വേണ്ടി വരിക. 530 കിലോമീറ്റര്‍ദൂരമുള്ള റയില്‍പാത തിരുവനന്തപുരത്തിനെ കാസര്‍കോടുമായി ബന്ധിപ്പിക്കും. ഏകദേശം പതിനായിരത്തോളം വീടുകളാണ് മാറ്റി സ്ഥാപിക്കേണ്ടി വരിക. 2013 ലെഭൂമി ഏറ്റെടുക്കല്‍നിയമമനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കിക്കൊണ്ട് കഴിവതും ജനവാസകേന്ദ്രങ്ങളെയും നെല്‍വയല്‍ നീര്‍ത്തട പ്രദേശങ്ങളേയും ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്നാണ് കെ.റയില്‍ പറയുന്നത്. ഇതിനായി വിരമിച്ച ഉദ്യോഗസ്ഥരെ നിയോഗിച്ചുകൊണ്ട് പ്രത്യേക സജ്ജീകരണം ചെയ്യാനായിരുന്നു ആലോചിച്ചിരുന്നത്. എന്നാല്‍ റവന്യൂ മന്ത്രി ഇതിനോട് യോജിച്ചില്ല. 

ഇതെ തുടര്‍ന്നാണ് റവന്യൂ ഉദ്യോഗസ്ഥര്‍ മാത്രമുള്ള ലാന്‍ഡ് അക്വിസിഷന്‍ യൂണിറ്റുകള്‍ രൂപീകരിച്ച് സ്ഥലം ഏറ്റെടുക്കാനുള്ള തീരുമാനം. ആവശ്യമെങ്കില്‍ ഇവരെ സഹായിക്കാനായി മാത്രം വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനം തേടും. പത്ത് യൂണിറ്റുകളാണ് ആവശ്യമായി വരിക. ആദ്യഘട്ടത്തില്‍ ഏഴ് യൂണിറ്റുകളാണ് നിലവില്‍വരിക. പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിച്ചാലെ ഭൂമി ഏറ്റെടുക്കുന്നതുള്‍പ്പെടെയുള്ള നടപടികളുമായി കെ റയിലിന് മുന്നോട്ട് പോകാനാകൂ. 63,941 കോടിയുടെ പദ്ധതിയില്‍ 11,535 കോടി ഭൂമി ഏറ്റെടുക്കലിനുള്ള നഷ്ടപരിഹാരത്തിനായാണ് മാറ്റിവെച്ചിട്ടുള്ളത്.  ഇതില്‍ 6100 കോടി സ്വകാര്യഭൂമി ഏറ്റെടുക്കുന്നതിനും 975 കോടി റയില്‍വെ ഭൂമിക്കും ആണ്. 4460 കോടി നഷ്ടപരിഹാരത്തിനാണ്. 1730 കോടി രൂപ പുനരധിവാസത്തിനായി വകകൊള്ളിച്ചിട്ടുണ്ട്. 

MORE IN KERALA
SHOW MORE
Loading...
Loading...