കെഎസ്ആര്‍ടിസി ബസ്റ്റേഷന്‍ തുറക്കാന്‍ ഏതുമന്ത്രവാദിയെ വിളിക്കണം; ആലോചനയിൽ തൊടുപുഴക്കാര്‍

Specials-HD-Thumb-Thodupuzha-KSRTC-Bus-Stand
SHARE

കെടുകാര്യസ്ഥതയെന്ന ദുര്‍ഭൂതത്തെ ഒഴിപ്പിച്ച് കെഎസ്ആര്‍ടിസി ബസ്റ്റേഷന്‍ തുറക്കാന്‍ ഇനി ഏതുമന്ത്രവാദിയെ വിളിക്കണമെന്ന ആലോചനയിലാണ് തൊടുപുഴക്കാര്‍. ചുവപ്പുനാട കടുംകെട്ടായതോടെ പതിനാല്കോടി മുടക്കി നിര്‍മിച്ച കെട്ടിടം ഇന്നൊരു പ്രേതാലയമാണ്.. ചോര്‍ന്നൊലിച്ച് പായല്‍ കയറിയ കെട്ടിടമൊന്ന് അറ്റകുറ്റപ്പണി നടത്താനും മുടക്കണം കോടികള്‍.

തൊടുപുഴ നഗരത്തിനൊത്ത നടുക്ക് നിഗൂഢ ശക്തികളാല്‍ വേട്ടായാടപ്പെടുന്നയിടത്തേയ്ക്കാണ് ഈ യാത്ര.ഇരുട്ട് ചുറ്റിനും ഇരുട്ട്, ആരെയും പേടിപ്പിക്കുന്ന ആന്തരീക്ഷം, കഴിഞ്ഞ നാലു വര്‍ഷമായി ഇതുതന്നെയാണ് സ്ഥിതി, 14 കോടി മുടക്കി നിര്‍മിച്ച ഈ മന്ദിരം ഇങ്ങനെയൊന്നാക്കിയെടുക്കാന്‍ ചില്ലറപ്പണിയൊന്നുമല്ല കെഎസ്ആര്‍ടിസി മാനേജ്െമന്റ് നടത്തിയത്. പതിനാല് കോടി മുടക്കി ഒരു നാലുനില മന്ദിരം പണിഞ്ഞു. മനുഷ്യപാദം പതിയാതെ മഴയും വെയിലും കൊളിച്ച് നാലുവര്‍ഷം പരിപാലിച്ചു . ഒടുവില്‍ ഗതിയില്ലാതെ കറങ്ങി നടന്ന ആത്മാക്കളെയെല്ലാം ഇവിടേക്ക് ആവാഹിച്ചു. മുറയ്ക്കെത്തിയ കെഎസ്ആര്‍ടിസി പ്രതിനിധികള്‍ എല്ലാറ്റിനും കാര്‍മികത്വം വഹിച്ചു. ഇത്രയും സജ്ജമായൊരു പ്രേതാലയം ഇടുക്കി ജില്ലയില്‍ ഇപ്പോഴില്ല. പൊറുതിമുട്ടി ജനം പ്രതികരിക്കുെന്ന് തോന്നുമ്പോഴെല്ലാം അധികൃതര‍് ബാധയൊഴിപ്പിക്കുമെന്ന് പ്രഖ്യാപിക്കും പക്ഷേ ഒന്നുമുണ്ടായില്ല , കെട്ടിടത്തിന്റെ ഇടനാഴികളില്‍ ഇപ്പോഴും കേള്‍ക്കാം കടമുറികള്‍ വാടകയ്ക്കെടുത്തവരുടെ വിലാപം. 

പതിനാല് കോടിയുടെ നിര്‍മിതി ചോര്‍ന്നൊലിക്കുന്നതാണ് മറ്റൊരു ഒഴിയാബാധ, യാത്രാ ദുരിതത്തില്‍ തളച്ചിട്ട നാടിനെ രക്ഷിക്കാന്‍ ടേമിന്‍ ജെ. തച്ചങ്കിരയുള്‍പ്പടെയുള്ള പ്രഗല്‍ഭര്‍ എത്തിയെങ്കിലും പരാജയപ്പെട്ട് മടങ്ങി.ഇതിനിടെ അഞ്ചുലക്ഷം അനുവദിച്ച് ബാധയൊഴിപ്പിക്കാന്‍ ഒരു ഡയറക്ടര്‍ ബോര്‍ഡ് അംഗം കഴിഞ്ഞമാസം രംഗത്തെത്തി . ഒടുവില്‍ കോര്‍പ്പറേഷന്‍ കാശില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തിയതോടെ ആ പ്രതീക്ഷയും പൊലിഞ്ഞു.

തൊടുപുഴ ബസ് സ്റ്റേഷന്‍ തുറക്കാനുള്ള തടസം  പരിഹരിക്കാന്‍   സര്‍ക്കാര്‍ സിദ്ധന്‍മാര്‍ പരിശ്രമിച്ചെന്നാണ് പറയുന്നത്, എന്നാല്‍ ഒന്നും നടന്നില്ല, പരിഹാരക്രിയ കൂടിയെ തീരു.

MORE IN KERALA
SHOW MORE
Loading...
Loading...