80 ശതമാനത്തിലധികം നിറഞ്ഞ് ഇടുക്കി; അതിതീവ്രമഴയ്ക്ക് സാധ്യത

MUMBAI floods
File Photo
SHARE

സംസ്ഥാനത്തെ മഴക്കെടുതിയില്‍ ആകെ നാല് മരണം.  വടക്കന്‍ കേരളത്തില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 9 ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും 5 ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വിവിധ ഡാമുകള്‍ തുറന്നതിനാല്‍ നദികളില്‍ ശക്തമായ നീരൊഴുക്കാണ് അനുഭവപ്പെടുന്നത്.

കാസര്‍കോട് ഹോസ്ദുര്‍ഗ് സ്വദേശി സുധനും ചേനക്കോട് സ്വദേശി ചന്ദ്രശേഖരനും വെള്ളക്കെട്ടില്‍ വീണാണ് മരിച്ചത്. ജില്ലയില്‍ ഇരുപത്തി അഞ്ച് വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. 

കോട്ടയം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. ഈ ജില്ലകളില്‍ മഴയ്ക്ക് ശമനമുണ്ട്. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. നാളെയും മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന നിർദേശമുണ്ട്. സംസ്ഥാനത്തെ പല നദികളിലും ജലനിരപ്പ് അപകടനിലയ്ക്കടുത്തെത്തി. ഇടുക്കിയില്‍ ശക്തമായ മഴയുള്ളതിനാല്‍ മുന്‍കരുതലായി എന്‍.ഡി.അര്‍.എഫ് സംഘം മൂന്നാറില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. 

ഇടുക്കി അണക്കെട്ടിൽ  ജലനിരപ്പ് 80 ശതമാനം പിന്നിട്ടെങ്കിലും നിലവില്‍ തുറക്കാന്‍ തീരുമാനമില്ല. കോഴിക്കോടിന്റെ മലയോര മേഖലയിലും മഴയ്ക്ക് ശമനമുണ്ട്. കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ജലനിരപ്പ് താഴ്ന്നതിനാല്‍ തീരുമാനം മാറ്റി. വാളയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഒരു സെന്റിമീറ്റര്‍ വീതം തുറന്നു. 

തമിഴ്നാട്ടിലെ ആളിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയതിനാല്‍ പാലക്കാട് ചിറ്റൂര്‍ പുഴയില്‍ നേരിയ തോതില്‍ ജലനിരപ്പുയര്‍ന്നു. തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ സ്ലൂയിസ് ഗേറ്റ് തുറന്നതോടെ ചാലക്കുടി പുഴയിലും ജലനിരപ്പ് ഉയര്‍ന്നു. വയനാട് ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ പതിന‍‍ഞ്ച് സെന്റി മീറ്റര്‍ കൂടി ഉയര്‍ത്തിയിട്ടുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...