മലങ്കര സഭാതർക്കം; അനുരഞ്ജനത്തിന് വീണ്ടും സർക്കാർ

sabha-20
SHARE

മലങ്കര സഭാ തര്‍ക്കത്തില്‍ അനുരഞ്ജനത്തിന് വീണ്ടും സര്‍ക്കാര്‍. ഒാര്‍ത്തഡോക്സ് – യാക്കോബായ സഭകളുമായി മുഖ്യമന്ത്രി നാളെ ചര്‍ച്ച നടത്തും. മലങ്കര സഭാ തര്‍ക്കം രൂക്ഷമായിരിക്കെയാണ് വീണ്ടും സര്‍ക്കാര്‍ മധ്യസ്ഥതയില്‍ ചര്‍ച്ചയ്്ക്ക് വഴിയൊരുങ്ങുന്നത്. രാവിലെ 10.30 യ്ക്ക് യാക്കോബായ സഭാ പ്രതിനിധികളുമായും മൂന്നുമണിക്ക്  ഒാര്‍ത്തഡോക്സ് സഭാ പ്രതിനിധികളുമായും മുഖ്യമന്ത്രി വെവ്വേറെ ചര്‍ച്ച നടത്തും.  പൂര്‍ണമായും സഹകരിക്കുമെന്നാണ് ഇരു സഭകളുടേയും നിലപാട്. 

പാരമ്പര്യമായി കൈവശം വച്ചിരുക്കുന്ന പളളികള്‍ ഏകപക്ഷീയമായി ഏറ്റെടുക്കുന്നത് അവസാനിപ്പിക്കണമെന്ന് യാക്കോബായ സഭ ആവശ്യപ്പെടും. പളളികളില്‍ ജനഹിതം പരിശോധിച്ച് ആര്‍ക്കാണോ ഭൂരിപക്ഷം അവര്‍ക്ക് കൈവശാവകാശവും ന്യൂനപക്ഷത്തിന് ആരാധനാ സ്വാതന്ത്ര്യവും നല്കണമെന്നാണ് യാക്കോബായ സഭയുടെ നിലപാട്. എന്നാല്‍ സുപ്രീം കോടതി ഉത്തരവനുസരിച്ച് പളളികള്‍ ഏറ്റെടുത്തു നല്കണമെന്നാണ് ഒാര്‍ത്തഡോക്സ് സഭ ആവശ്യപ്പെടുന്നത്. ആരാധനാ സ്വാതന്ത്ര്യം, മൃതദേഹ സംസ്കാരം തുടങ്ങിയ കാര്യങ്ങളില്‍ ചര്‍ച്ചയാകാം. അതേസമയം  സുപ്രീം കോടതി വിധി നടപ്പാക്കേണ്ട നിയമപരമായ ബാധ്യത സര്‍ക്കാരിനുണ്ടെന്നും  സഭ നിലപാടെടുക്കുന്നു.  1064 പള്ളികളുടെ കാര്യത്തില്‍ ഒാര്‍ത്തഡോക്സ് സഭ തര്‍ക്കമുന്നയിക്കുന്നുണ്ട്. 

എന്നാല്‍ 2017 ലെ സുപ്രീംകോടതി വിധി കോലഞ്ചേരി ഉള്‍പ്പെടെ മൂന്നു പളളികളെ സംബന്ധിച്ചുളളതാണെന്നും മററ് പളളികളുടെ കാര്യത്തില്‍ കോടതിക്ക് പുറത്ത് ചര്‍ച്ചകളിലൂടെ പരിഹാരം കാണണമെന്നുമാണ് യാക്കോബായ സഭ ആവശ്യപ്പെടുന്നത്. മന്ത്രി സഭാ ഉപമിതി നേരത്തെ സമവായനീക്കങ്ങള്‍ നടത്തിയപ്പോള്‍ വിട്ടു നിന്ന ഒാര്‍ത്തഡോക്സ് സഭ ചര്‍ച്ചകള്‍ക്ക് തയാറായത് സര്‍ക്കാരിന് പ്രതീക്ഷ നല്കുന്നു.  തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ ഒരു ഫോര്‍മുലയാണ് സര്‍ക്കാരിന് മുന്നിലുളള വെല്ലുവിളി .

MORE IN KERALA
SHOW MORE
Loading...
Loading...