45 വർഷമായിട്ടും മടുപ്പില്ല; ഉസ്താദിനുള്ള ചായ മുടക്കാതെ പൊന്നൻ

ponnan-tea
SHARE

വടവന്നൂർ: മലയമ്പള്ളം ജുമാഅത്ത് പള്ളിയിൽ സുബ്ഹി നമസ്കാരത്തിനു ബാങ്കുവിളി മുഴങ്ങുമ്പോൾ ഒരു വേലിക്കപ്പുറത്തെ പൊന്നന്റെ (65) വീട്ടിലെ അടുപ്പിൽ ചായയ്ക്കു വെള്ളം വച്ചിരിക്കും. ബാങ്കുവിളി കഴിഞ്ഞു പുറത്തിറങ്ങുന്ന ഉസ്താദിന്റെ ചൂടുള്ള ചായ... അതു പൊന്നേട്ടന്റെ വീട്ടിൽ നിന്നുള്ളതാണ്. പുലർച്ചെ 5 മണിയോടെയുള്ള ബാങ്കുവിളിക്കു ശേഷം മലയമ്പള്ളം പള്ളിയിലെ ഉസ്താദുമാർ കുടിക്കുന്ന പൊന്നന്റെ വീട്ടിലെ ചൂടുചായയുടെ മാധുര്യത്തിനു പറയാനുള്ളതു 45 വർഷം നീളുന്ന കഥ കൂടിയാണ്.

പള്ളിയുടെ വരവും ചായയുടെ മധുരവും...

വടവന്നൂർ പഞ്ചായത്തിലെ മലയമ്പള്ളത്ത് 1974 ഡിസംബർ 20നാണു ജുമാഅത്ത് പള്ളി വരുന്നത്. പള്ളിക്കടുത്തുള്ള ഓലമേഞ്ഞ വീട്ടിലായിരുന്നു അന്നു പൊന്നന്റെ കുടുംബത്തിന്റെ താമസം. പുലർച്ചെ ബാങ്കുവിളിക്കാനായി എത്തുന്ന ഉസ്താദുമാർക്ക് ഒരു ചായ കുടിക്കണമെങ്കിൽ ഏറെ ദൂരം പോകണം. അങ്ങനെയാണു പുലർച്ചെ ഒരു ഗ്ലാസ് ചായ വീട്ടിൽനിന്നു കൊടുത്തുതുടങ്ങിയതെന്നു പൊന്നൻ ഓർക്കുന്നു. പിന്നെയതു ശീലമായി. പള്ളിയിലെത്തുന്നവർക്ക് ആവശ്യമെങ്കിൽ ചായ നൽകുന്നതു കടമയായി തന്നെ കരുതി. മീൻ കച്ചവടം ചെയ്ത് ഉപജീവനം കഴിക്കുന്ന പൊന്നന്റെ ഭാര്യ വിമലയും കുടുംബവും ആ ശീലത്തിനൊപ്പം സഞ്ചരിക്കുന്നതാണു 4 പതിറ്റാണ്ടിനിപ്പുറവും ചായയുടെ മധുരം ഉസ്താദുമാർക്കു പകർന്നു നൽകുന്നതിന്റെ കരുത്ത്.

ചായ മുടങ്ങിയത് ഓർമയിലില്ല...

പ്രവാസ ജീവിതത്തിനു ശേഷമാണു 2012ൽ കരിപ്പാലി സ്വദേശി കാജാഹുസൈൻ ബാഖവി മലയമ്പള്ളം പള്ളിയിലെത്തുന്നത്. ആദ്യ ദിനത്തെ ബാങ്കുവിളിക്കു ശേഷം തനിക്കു കുടിക്കാൻ പൊന്നന്റെ വീട്ടിൽനിന്നു ചായയെത്തിയപ്പോൾ തനിക്ക് അതിൽ അതിശയമുണ്ടായിരുന്നു. അവിടെ ചായ കിട്ടാൻ മറ്റ് ഇടമില്ലാത്തതിനാലും തന്നതു നിഷേധിക്കുന്നതു ശരിയല്ലെന്നതുകൊണ്ടും ആദ്യ ചായയുടെ മധുരം നുകർന്നു. പിന്നീടാണ് അറിയുന്നത് ഇവിടുത്തെ ഉസ്താദുമാർക്കു പൊന്നന്റെ കുടുംബത്തിൽ നിന്നുള്ള ചായ പതിവാണെന്ന്.

8 വർഷത്തിനിപ്പുറം തിരഞ്ഞു നോക്കുമ്പോൾ കാജാഹുസൈൻ ബാഖവിയുടെ വാക്കുകൾ ഇങ്ങനെ ‘‘ഒരു നാൾ പോലും മുടങ്ങിയതായി ഓർമയിലില്ല...’’ താനില്ലാത്ത സമയത്തു പോലും ഇവിടെ തന്നെ അന്വേഷിച്ചെത്തുന്നവർക്കും ചായ നൽകിയാണു പൊന്നന്റെ കുടുംബം സ്വീകരിക്കാറുള്ളതെന്ന് ഉസ്താദ് പറയുന്നു. ബഷീർ സഖാഫി വണ്ടിത്താവളം പൊന്നന്റെ വീട്ടിലെ ചായയുടെ മധുരത്തിന്റെ കഥ സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെയാണ് നാലര പതിറ്റാണ്ടിനപ്പുറം നീളുന്ന സാമൂഹിക അകലമില്ലാത്ത മത സൗഹാർദത്തിന്റെ കഥ പുറംലോകം അറിയുന്നത്. 

MORE IN KERALA
SHOW MORE
Loading...
Loading...