ബാരിക്കേഡ് മറികടന്ന കെ.എസ്.യുക്കാര്‍; ലാത്തിവീശി പൊലീസ്

ksu-alappuzha-march-1809
SHARE

ആലപ്പുഴയിൽ കെ.എസ്.യുവിന്റെ  കലക്ട്രേറ്റ് മാർച്ചിനിടെ പൊലീസ് ലാത്തിവീശി. അഞ്ചു പേര്‍ക്ക് പരുക്കേറ്റു. ഇവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ബാരിക്കേഡ് മറികടന്ന പ്രവർത്തകർ പൊലീസുമായി ഉന്തും തള്ളുമായി. പിരിഞ്ഞുപോകാതെ വന്നതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു. പിന്നീട് ഇവരെ അറസ്റ്റ് ചെയ്തു നീക്കി. അവശേഷിച്ച പ്രവർത്തകർ കുറച്ചുനേരം ദേശീയപാത ഉപരോധിച്ചു.

മന്ത്രി കെ.ടി.ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് ഏഴാം ദിവസവും സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം. ലാത്തിച്ചാര്‍ജില്‍ കോട്ടയത്തും മലപ്പുറത്തും  യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് പരുക്കേറ്റു. കോട്ടയത്ത് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പ്രവര്‍ത്തകര്‍ക്കും മര്‍ദനമേറ്റു. ജലീലിനെതിരെ പരാതി നല്‍കിയ സിദ്ദിഖ് പന്താവൂരിനും മര്‍ദനമേറ്റു. കാസര്‍കോട് യുവമോര്‍ച്ച പ്രവര്‍ത്തകയ്ക്ക് പരുക്ക്.

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നുവെന്നും കേസെടുക്കുമെന്നും മുഖ്യമന്ത്രി താക്കീത് നല്‍കിയിട്ടും  ജലീലിനെതിരായ യുവജനസംഘടനകളുടെ  പ്രതിഷേധങ്ങളുടെ ചൂട് ഒട്ടും കുറഞ്ഞില്ല. കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് വളഞ്ഞിട്ട് തല്ലി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു

കോട്ടയത്തെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മാര്‍ച്ചിനുനേരെയും ലാത്തിച്ചാര്‍ജുണ്ടായി. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പന് പരുക്കേറ്റു.  മലപ്പുറത്ത് ലാത്തിച്ചാര്‍ജില്‍  യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ജലീലിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് പരാതി നല്‍കിയ സിദ്ദിഖ് പന്താവൂരിനും മര്‍ദനമേറ്റു. കലക്ടേറ്റിന് മുന്നില്‍നിന്ന് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ജലപീരങ്കിയും പ്രയോഗിച്ചു.

കാസർക്കോട്ടെ യുവമോര്‍ച്ച മാര്‍ച്ചും അക്രമാസക്തമായി. പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. കുഴഞ്ഞുവീണ പ്രവര്‍ത്തകയെ ആശുപത്രിയിലേയ്ക്ക് മാറ്റി. കെ.ടി.ജലീലിന്റെ രാജിയും ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ പ്രതിയായ ലീഗ് എം.എൽ.എ. എം.സി.കമറുദീന്റെ അറസ്റ്റും അവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.  

തിരുവനന്തപുരത്ത് ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകരുടെ മാര്‍ച്ചിലും സംഘര്‍ഷം.  പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പത്തനംതിട്ട കലക്ടേറ്റിന് മുന്നില്‍ പ്രതഷേധിച്ച മഹിളാ മോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കി.

ആലപ്പുഴയില്‍ ദേശീയപാത ഉപരോധിച്ച ബിജെപി പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തുനീക്കി. കേന്ദ്രമന്ത്രി വി. മുരളീധരൻ രാജി വയ്ക്കണമെന്നവശ്യപ്പെട്ട് കോഴിക്കോട്ട് ഡിവൈഎഫ്ഐ ധർണ നടത്തി. സ്വര്‍ണം എത്തിയത് നയതന്ത്ര ബാഗേജിലല്ല എന്ന് കേന്ദ്രമന്ത്രി തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ചാണ് പ്രതിഷേധം.

MORE IN KERALA
SHOW MORE
Loading...
Loading...