അമ്പതാണ്ടിൽ ഉമ്മൻചാണ്ടി; ചരിത്രനേട്ടവുമായി പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ്

kunjooju
SHARE

ഉമ്മന്‍ചാണ്ടി കേരളനിയമസഭാംഗമായിട്ട് ഇന്ന് അമ്പതുവര്‍ഷംതികയുന്നു. സ്കൂളില്‍ കെ.എസ്.യു യൂണിറ്റ് ജനറല്‍ സെക്രട്ടറിയായി തുടങ്ങിയ പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് കേരളരാഷ്ട്രീയത്തിലും ഭരണത്തിലും കയറാത്ത പടവുകളില്ല. മറ്റൊരു നിയമസഭാതിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ, ഉമ്മന്‍ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവര്‍ണജൂബിലി നാടെങ്ങും ആഘോഷിക്കുകയാണ്. 

അമ്പതുവര്‍ഷം മുമ്പ് പുതുപ്പള്ളിയിലെ പറമ്പുകളും ഇടവഴികളും  കോട്ടയം ഭാഷയില്‍ കണ്ടവും ചാടിക്കടന്ന് ഒരു കൂട്ടം ചെറുപ്പക്കാര്‍ കുഞ്ഞൂഞ്ഞിന് വോട്ടുതേടി വീടുവീടാന്തരം നടന്നു. ഫലമുണ്ടായി, വിരലിലെണ്ണാവുന്ന സംഘടനാകോണ്‍ഗ്രസുകാര്‍ മാത്രമുണ്ടായിരുന്ന പുതുപ്പള്ളിയില്‍ 7288 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഇ.എം.ജോര്‍ജെന്ന ഗോലിയാത്തിനെ വീഴ്ത്തിയ ദാവീദായി കുഞ്ഞൂഞ്ഞെന്നു പേരുള്ള ഉമ്മന്‍ചാണ്ടി.

തമ്പാന്‍ പുനുചേരില്‍, 1970ല്‍ ഉമ്മന്‍ചാണ്ടിക്കായി വോട്ടുപിടിച്ചയാള്‍ അങ്ങനെ, കേരള കോണ്‍ഗ്രസിന് വളക്കൂറുള്ള കോട്ടയത്തെ മണ്ണില്‍ നിന്ന് സ്വയം വെട്ടിയ വഴിയിലൂടെ നിയമസഭയിലേക്ക്. തൊഴില്‍ മന്ത്രിയും ആഭ്യന്തര മന്ത്രിയും ധനമന്ത്രിയും പിന്നെ മുഖ്യമന്ത്രിയുമായി. കണക്കുകൂട്ടലുകള്‍ക്കും അളവുകോലുകള്‍ക്കും പിടിതരുന്നയാളല്ല ഉമ്മന്‍ചാണ്ടി. കൊച്ചി മെട്രോയും വിഴിഞ്ഞം തുറമുഖവും പോലെയുള്ള വന്‍പദ്ധതികള്‍ ഉമ്മന്‍ ചാണ്ടിയുടെ നേട്ടം എന്നു പറയുമ്പോള്‍ അദ്ദേഹം തിരുത്തും– തൊഴിലില്ലായ്മ വേതനം ഏര്‍പ്പെടുത്തിയതും സൗജന്യ കോക്ലിയര്‍ ഇംപ്ലാന്റേഷനും ഹീമോഫീലിയ രോഗികള്‍ക്കുള്ള സൗജന്യ ചികില്‍സയുമൊക്കെയാണ് തന്റെ നേട്ടങ്ങള്‍. ജനങ്ങളുടെ പരാതിതീര്‍ക്കാന്‍ മണിക്കൂറുകള്‍ ഒറ്റയിരുപ്പ് ഇരിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കരുത്തായത് സ്വതവേയുള്ള സഹാനുഭൂതിയാണെന്ന് കൂടെയുള്ളവര്‍ പറയും. ഭരണത്തിലായാലും പ്രതിപക്ഷത്തായാലും  ചുറ്റും ആള്‍ക്കൂട്ടമില്ലെങ്കില്‍ കരയില്‍ പിടിച്ചിട്ട മീനാകും ഉമ്മന്‍ചാണ്ടി, അത് കുടുംബത്തിനും അറിയാമെന്നതിനാല്‍ പരാതികളില്ല. കീറിയവസ്ത്രമേ ധരിക്കൂ, കുളിമുറിയില്‍ വരെ പരാതിയുമായി ആള്‍ക്കാരെത്തും ഇങ്ങനെ കഥകള്‍ അനവധി. പാര്‍ട്ടിയല്ല, ഗ്രൂപ്പാണ് ഉമ്മന്‍ ചാണ്ടിക്കുമുഖ്യമെന്ന് വിമര്‍ശിക്കുന്നവരോട് ഗ്രൂപ്പല്ല, പാര്‍ട്ടിയാണ് തനിക്ക് ഒന്നാമതെന്ന് തിരിച്ചുപറയും. കെ.കരുണാകരനെ പോലും അമ്പരപ്പിച്ച കരുനീക്കങ്ങളിലൂടെ രാഷ്ട്രീയ കളങ്ങളില്‍ ഉമ്മന്‍ചാണ്ടി മുന്നേറി. ഒരുഘട്ടം കഴിഞ്ഞപ്പോള്‍ മുന്നണിയിലെ ഘടകക്ഷികള്‍ പാര്‍ട്ടിയിലെ  ഉമ്മന്‍ചാണ്ടിക്ക് കരുത്താകുന്നതും രാഷ്ട്രീയകേരളം കണ്ടു. നിയമസഭയില്‍ പ്രതിപക്ഷനിരയില്‍ നിന്ന് ഉമ്മന്‍ചാണ്ടി എഴുനേല്‍ക്കുമ്പോള്‍ ഭരണപക്ഷം ജാഗരൂകരായി. പ്രായോഗിക രാഷ്ട്രീയത്തിന്റെ ചുഴികളും മലരികളും അത്രമേല്‍ തിട്ടമുണ്ടായിരുന്നതിനാലാണ് കേവലം രണ്ടംഗങ്ങളുടെ ഭൂരിപക്ഷമുണ്ടായിരുന്ന സര്‍ക്കാരിനെ ഉമ്മന്‍ചാണ്ടി അഞ്ചുവര്‍ഷവും കൊണ്ടുപോയത്.  സംഘടനയില്‍ പ്രവര്‍ത്തകസമിതിയംഗം വരെ ആയി. എന്നാല്‍ പുതുപ്പള്ളി മുതല്‍ പുതുപ്പള്ളി വരെയാണ് ഉമ്മന്‍ചാണ്ടിയുടെ ജീവിതം. അതുകൊണ്ടാണ് തിരുവനന്തപുരത്ത് വീടുവാങ്ങിയപ്പോള്‍ പുതുപ്പള്ളി ഹൗസെന്ന് പേരിട്ടത്. അമ്പതാണ്ടിനിടയ്ക്ക് പുതുപ്പള്ളിക്ക് ഉമ്മന്‍ ചാണ്ടിയോടോ ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളിക്കാരോടോ പരിഭവിക്കേണ്ട ഒരവസരവുമുണ്ടായിട്ടില്ല. 

ഉമ്മന്‍ചാണ്ടി ഇങ്ങനെ പറഞ്ഞാലും മറിച്ചുചിന്തിക്കാനാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ക്കിഷ്ടം. കാരണം കേരളത്തിലെ കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടിയെപോലെ ജനങ്ങളെ ആകര്‍ഷിക്കുന്ന, ഏതുപ്രശ്നത്തിലും പരിഹാരം കാണുന്ന മറ്റൊരു നേതാവില്ല.

MORE IN KERALA
SHOW MORE
Loading...
Loading...