വിമാനത്താവള സ്വകാര്യവല്‍ക്കരണം; കോടതിയെ സമീപിക്കാന്‍ കേരളത്തിനാകില്ല; കേന്ദ്രം

privitiation
SHARE

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യകമ്പനിയെ ഏല്‍പ്പിക്കാനുള്ള തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ കേരളത്തിന് അവകാശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ലേല വ്യവസ്ഥകളില്‍ ഇളവു നല്‍കിയിട്ടും പാലിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചില്ലെന്ന് വ്യോമയാനമന്ത്രി രാജ്യസഭയില്‍ പറഞ്ഞു. സ്വകാര്യവല്‍ക്കരണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.  

വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് നല്‍കിയത് നയപരമായ തീരുമാനമാണെന്ന് വ്യോമയാനമന്ത്രാലയം ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. പൊതുജന താല്‍പര്യം മുന്‍നിര്‍ത്തിയാണ് തീരുമാനം. വിമാനത്താവളങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‍റെ പരിധിയില്‍ വരുന്ന വിഷയമാണ്. സംസ്ഥാന വിഷയമല്ല. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലെ കേസ് പരിഗണിക്കേണ്ടത് സുപ്രീംകോടതിയാണെന്നും വ്യോമയാനമന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചു.  സ്വകാര്യവല്‍ക്കരണ നടപടിയില്‍ വന്‍ അഴമതി നടന്നിട്ടുണ്ടെന്ന് കെ സി വേണുഗോപാല്‍ രാജ്യസഭയില്‍ ആരോപിച്ചു.

ചട്ടങ്ങള്‍ മറികടന്ന് കേന്ദ്ര സര്‍ക്കാര്‍ അദാനിയുടെ കമ്പനിക്ക് വിമാനത്താവളങ്ങള്‍ നല്‍കിയെന്ന് ബിനോയ് വിശ്വം പറഞ്ഞു. കേരളത്തിന്‍റെ അപേക്ഷപ്രകാരം ലേല നടപടികളില്‍ ഇളവു നല്‍കിയിരുന്നുവെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി മറുപടി നല്‍കി. അദാനിയുടെ കമ്പനി കേരളത്തില്‍ തുറമുഖം നടത്തുന്നുണ്ട്. എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിച്ചില്ലെങ്കില്‍ അടച്ചു പൂട്ടേണ്ടിവരുമെന്നും ഹര്‍ദീപ് സിങ് പുരി രാജ്യസഭയില്‍ പറഞ്ഞു. 

MORE IN KERALA
SHOW MORE
Loading...
Loading...