‘പാറ നീക്കി; 110 കോടിയിൽ 74 കോടിയും ഈ സർക്കാർ നൽകി’; ആരോഗ്യമന്ത്രിയുടെ കുറിപ്പ്

konni-medical-college-shailaja
SHARE

മണിക്കൂറുകൾക്കുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയൻ കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഒ.പി. വിഭാഗത്തിന്റെ ഉദ്ഘാടനം നിർവഹിക്കാനിരിക്കെ നേട്ടം അവകാശപ്പെട്ട് യുഡിഎഫും എൽഡിഎഫും സജീവമായി രംഗത്ത്. സമൂഹമാധ്യമങ്ങളിൽ ഇരുകൂട്ടരും അവകാശവാദവുമായി രംഗത്തുണ്ട്. ഇതിന് പിന്നാലെ ഫെയ്സ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ.

‘2016ല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നിര്‍മ്മാണത്തില്‍ വലിയ പുരോഗതി കണ്ടില്ല. ഇവിടത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ തടസം സൃഷ്ടിച്ചത് പാറ നീക്കം ചെയ്യുക എന്നതായിരുന്നു. തുടര്‍ന്ന് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് പാറ പരമാവധി നീക്കം ചെയ്യുന്നതിനും കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും നടപടി സ്വീകരിച്ചത്. നാളിതുവരെയുളള നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി 110 കോടി രൂപ ചെലവഴിച്ചതില്‍ 74 കോടി രൂപ വിനിയോഗിച്ചത് ഈ സര്‍ക്കാരിന്റെ കാലത്താണ്.’ മന്ത്രി പറയുന്നു.

കുറിപ്പ് വായിക്കാം: 

കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഒ.പി. വിഭാഗത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു. പത്തനംതിട്ട ജില്ലയിലേയും സമീപ ജില്ലകളിലെയും ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ കോന്നി മെഡിക്കല്‍ കോളേജ് ഒരു മുതല്‍ക്കൂട്ടായി മാറും. ശബരിമലയില്‍ നിന്നും വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന മെഡിക്കല്‍ കോളേജ് എന്ന പ്രത്യേകതയും കോന്നിക്കുണ്ട്.

കോന്നി നിയോജക മണ്ഡലത്തില്‍ അരുവാപ്പുലം പഞ്ചായത്തിലാണ് മെഡിക്കല്‍ കോളേജ് സ്ഥിതി ചെയ്യുന്നത്. റവന്യൂ വകുപ്പില്‍ നിന്നും ലഭ്യമായ 50 ഏക്കര്‍ ഭൂമിയിലാണ് കോന്നി മെഡിക്കല്‍ കോളേജ് നിര്‍മ്മിച്ചിട്ടുള്ളത്. ആശുപത്രി മന്ദിരം 32,900 സ്‌ക്വയര്‍ മീറ്ററും അക്കാദമിക് ബ്ലോക്ക് 16,300 സ്‌ക്വയര്‍ മീറ്ററും ഉള്‍പ്പെടെ 49,200 സ്‌ക്വയര്‍ മീറ്റര്‍ കെട്ടിട നിര്‍മാണമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്.

2012ല്‍ അനുമതി ലഭിച്ച് നിര്‍മ്മാണം ആരംഭിച്ചെങ്കിലും 2016ല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നിര്‍മ്മാണത്തില്‍ വലിയ പുരോഗതി കണ്ടില്ല. ഇവിടത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ തടസം സൃഷ്ടിച്ചത് പാറ നീക്കം ചെയ്യുക എന്നതായിരുന്നു. തുടര്‍ന്ന് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് പാറ പരമാവധി നീക്കം ചെയ്യുന്നതിനും കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും നടപടി സ്വീകരിച്ചത്. 300 കിടക്കകളുള്ള ആശുപത്രിയാണ് സജ്ജമാക്കിവരുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ക്യാന്റീന്‍, ഹോസ്റ്റലുകള്‍, ക്വാര്‍ട്ടേഴ്‌സുകള്‍, ലോണ്‍ട്രി, അനിമല്‍ ഹൗസ്, ആഡിറ്റോറിയം, മോര്‍ച്ചറി തുടങ്ങിയവ രണ്ടാംഘട്ട നിര്‍മാണത്തില്‍ ഉള്‍പ്പെടുത്തി. ഇത് കിഫ്ബി മുഖേന നടപ്പാക്കുന്നതിനായി 351.72 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. ഇതിനായി 338.5 കോടിയുടെ പ്രപ്പോസല്‍ കിഫ്ബിക്ക് നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണത്തിനായി 5 കോടി രൂപ വകയിരുത്തി. നാളിതുവരെയുളള നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി 110 കോടി രൂപ ചെലവഴിച്ചതില്‍ 74 കോടി രൂപ വിനിയോഗിച്ചത് ഈ സര്‍ക്കാരിന്റെ കാലത്താണ്.

മെഡിക്കല്‍ കോളേജ് വരെ എത്താനുളള വിശാലമായ റോഡ് 18 കോടി രൂപ ചെലവില്‍ അടുത്തിടെ പൂര്‍ത്തിയാക്കി. കൂടാതെ 14 കോടി ചെലവില്‍ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റും സജ്ജീകരിച്ചിട്ടുണ്ട്. സൃഷ്ടിക്കപ്പെട്ട തസ്തികകളില്‍ ഡോക്ടമാരെയും, മറ്റു ജീവനക്കാരെയും നിയമിച്ച് ഒ.പി ആരംഭിക്കുന്നതിനുളള നടപടി സ്വീകരിച്ചു. കൂടാതെ എം.സി.ഐ. മാനദണ്ഡ പ്രകാരം 50 വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനും ആശുപത്രി സുഗമമായി നടത്തിക്കൊണ്ടുപോകാനും ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാനുളള നടപടികളും ആരംഭിച്ചു.

പ്രിന്‍സിപ്പാളിന്റെയും ആശുപത്രി സൂപ്രണ്ടിന്റെയും ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കൂടാതെ ആധുനിക ഒ.പി. ആരംഭിക്കുന്നതിന് ആവശ്യമായ ഫര്‍ണിച്ചറുകളും ലഭ്യമാക്കി. ഒ.പിയിലേക്ക് ആവശ്യമായ 73 ലക്ഷത്തിന്റെ ഉപകരണങ്ങള്‍ കോന്നി എം.എല്‍.എ ഫണ്ടില്‍ നിന്നും വിനിയോഗിച്ച് കെ.എം.എസ്.സി.എല്‍ വഴി ലഭ്യമാക്കി. ഒ.പിയില്‍ വരുന്ന രോഗികള്‍ക്ക് മരുന്ന് വിതരണത്തിനായി ഫാര്‍മസിയും സജ്ജീകരിച്ചു. ഇതിനായി 75 ലക്ഷം രൂപയുടെ മരുന്നുകള്‍ കെ.എം.എസ്.സി.എല്‍ വഴി ലഭ്യമാക്കിയിട്ടുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...