പിഎസ്​സി റാങ്ക് പട്ടികയിലെ തിരിമറി; അന്വേഷണത്തിന് പ്രത്യേകസംഘം

psc-cas
SHARE

പി.എസ്.സി. റാങ്ക് പട്ടികയില്‍ തിരിമറി നടത്താന്‍ മൂന്നാം റാങ്കുകാരന്‍ വ്യാജ രേഖയുണ്ടാക്കിയെന്ന പി.എസ്.സി. സെക്രട്ടറിയുടെ പരാതി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം. കേസ് അന്വേഷിക്കുന്നതില്‍ കോഴിക്കോട് മുക്കം പൊലീസ് വീഴ്ച വരുത്തിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് പ്രത്യേക സംഘം കേസ് ഏറ്റെടുത്തിരിക്കുന്നത്.

പയ്യോളി ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്തിലാണ് അന്വേഷണം. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട് റാങ്ക് പട്ടികയിലാണ് മുക്കം സ്വദേശിയായ മൂന്നാം റാങ്കുകാരന്‍ തിരിമറി നടത്താന്‍ ശ്രമിച്ചത്. പി.എസ്.സി സെക്രട്ടറി 2015ല്‍ മുക്കം പൊലീസില്‍ നല്‍കിയ പരാതിയില്‍ നീതി ലഭിക്കാതെ വന്നതോടെയാണ് ഡിജിപിക്ക് വീണ്ടും പരാതി നല്‍കിയത്. 2019വരെ ഈ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന റിപ്പോര്‍ട്ടും ഡിജിപിയുടെ മുന്‍പിലുണ്ട്. 

തിരുവനന്തപരുത്തുള്ള രണ്ടാംറാങ്കുകാരി പത്തനംതിട്ടയിലും പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നുവെന്ന് ആരോപിച്ച് വ്യാജ രേഖകള്‍ മൂന്നാം റാങ്കുകാരന്‍ തയ്യാറാക്കുകയായിരുന്നു. പുതിയ അന്വേഷണ സംഘം ഈ രേഖകള്‍ കസ്റ്റഡിയിലെടുത്ത് പരിശോധിക്കും. പരാതിക്കാരനായ പി.എസ്.സി. സെക്രട്ടറിയില്‍നിന്നും മൊഴിയെടുക്കും. ജോലി ലഭിച്ച രണ്ടാംറാങ്കുകാരിക്ക് പരാതികളൊന്നും ഇല്ലെങ്കിലും ഇവരുടെയും മൊഴി രേഖപ്പെടുത്തും. വേഗത്തില്‍ ജോലി ലഭിക്കാനാണ് മൂന്നാംറാങ്കുകാരന്‍ വ്യാജ രേഖയുണ്ടാക്കി പി.എസ്.സിക്ക് പരാതി നല്‍കിയതെന്നാണ് സൂചന.

MORE IN KERALA
SHOW MORE
Loading...
Loading...