സങ്കടം മായ്ച്ച് മുഖ്യമന്ത്രിയുടെ വിളി; പിന്നാലെ തൂക്കുപാത്രത്തിൽ പായസം; ജലീൽ

cmjaleel-01
SHARE

ക്വാറന്റീനിലായ തന്നെ തേടി മുഖ്യമന്ത്രിയുടെ വക പായസമെത്തിയെന്ന് മന്ത്രി കെ. ടി. ജലീൽ. ഗൺമാൻമാർക്കും ഡ്രൈവർക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മന്ത്രി സ്വയം ക്വാറന്റീനിൽ പ്രവേശിച്ചത്.തിരുവോണ ദിവസം രാവിലെ ക്ലിഫ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വിളിച്ചു. സ്നേഹപൂർവമുള്ള അന്വേഷണത്തിന് ശേഷം പായസം കൊടുത്തുവിടുന്നുണ്ടെന്നും പറഞ്ഞു. നാട്ടിലെത്താൻ പറ്റാതെ വിഷമിച്ചിരുന്ന തനിക്ക് മുഖ്യമന്ത്രിയുടെ സ്നേഹാന്വേഷണം ആശ്വാസമായെന്നും വിഷമം മാറ്റിയെന്നും ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ മന്ത്രി പറയുന്നു. 

കുറിപ്പിങ്ങനെ: 'തിരുവോണനാളിൽ രാവിലെ വന്ന വിളികളിൽ ഒന്ന് ക്ലീഫ് ഹൗസിൽ നിന്ന് മുഖ്യമന്ത്രിയുടേതായിരുന്നു. ഫോണെടുത്തയുടൻ ഞാനദ്ദേഹത്തിന് ഓണാശംസകൾ നേർന്നു. ''തിരുവനന്തപുരത്തുണ്ടല്ലോ അല്ലേ", അദ്ദേഹത്തിന്റെ ചോദ്യം."അതെ"എന്ന എന്റെ മറുപടി. സ്നേഹമസൃണമായ ക്ഷേമാന്വേഷണത്തിനൊടുവിൽ അദ്ദേഹം പറഞ്ഞു; "പായസം കൊടുത്തയക്കുന്നുണ്ട്". കുറച്ചു സമയം കഴിഞ്ഞപ്പോഴേക്ക് തൂക്കുപാത്രത്തിൽ പായസവുമായി ആളെത്തി. എനിക്ക് വലിയ സന്തോഷം തോന്നി.

എന്റെ രണ്ട് ഗൺമാൻമാർക്കും ഡ്രൈവർക്കും ഒരു സ്റ്റാഫിനും കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് സ്വയം കോറണ്ടൈനിലാണ് ഞാൻ. ഓണത്തിന് നാട്ടിലില്ലാത്തത് ആദ്യമാണെന്ന് തോന്നുന്നു. ബുദ്ധിയുറച്ച നാൾമുതൽ തൊട്ടടുത്ത അയൽവാസിയും കളിക്കൂട്ടുകാരനുമായ പപ്പന്റെ അമ്മ കൊടുത്തയക്കുന്ന കായ വറുത്തതും ശർക്കര ഉപ്പേരിയും പായസവും ഓണാഘോഷം പൊലിമ നിറഞ്ഞതാക്കിയിരുന്നു. കുറേ വർഷങ്ങളായി അവൻ്റെ വീട്ടിൽ നിന്നാണ് ഓണസദ്യ. പതിവുപോലെ അമ്മ പറഞ്ഞ്, പപ്പൻ ഇന്നലെ എന്നെ വിളിച്ചിരുന്നു. വരാൻ പറ്റാത്ത വിഷമം ഞാനവനോട് പങ്കുവെച്ചു. എന്നാലും മനസ്സിലെവിടെയോ ഒരു വിഷമം ബാക്കിനിന്നു. അതാണ് മുഖ്യമന്ത്രിയുടെ വിളിയിലൂടെയും അദ്ദേഹം കൊടുത്തയച്ച പായസത്തിലൂടെയും മാറിക്കിട്ടിയത്. മുഖ്യമന്ത്രിക്കും കമലേച്ചിക്കും കുടുംബത്തിനും, മഠത്തിലെ അമ്മക്കും രാജേട്ടനും ഹേമച്ചേച്ചിക്കും പ്രഭക്കും പപ്പനുമടക്കം മുഴുവൻ മലയാളികൾക്കും ഹൃദ്യമായ ഓണാശംസകൾ. മാപ്പിളപ്പാട്ടിന്റെ ഈണത്തിലുള്ള ഓണപ്പാട്ടാണ് വീഡിയോ ക്ലിപ്പായി താഴെ കൊടുക്കുന്നത്. എല്ലാവരും അത് കേൾക്കുമല്ലോ?

മന്ത്രി കെ.ടി.ജലീലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് പൂർണരൂപം

MORE IN KERALA
SHOW MORE
Loading...
Loading...