മരണകാരണം കാലാവധി കുറച്ചതെങ്കില്‍ ഉത്തരവാദി യുഡിഎഫ്: ഡിവൈഎഫ്ഐ

rahim-dyfi-psc-post
SHARE

അനുവിന്റെ ആത്മഹത്യ കേരളത്തിൽ വലിയ പ്രതിഷേധം തീർക്കുമ്പോൾ മൗനം വെടിഞ്ഞ് പ്രതികരണവുമായി ഡിവൈഎഫ്ഐ രംഗത്ത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെ നേതൃത്വവും എ.എ റഹീമും യുവാവിന്റെ ആത്മഹത്യയിൽ ദു:ഖം രേഖപ്പെടുത്തി. മരണത്തിന്റെ മറവിൽ രാഷ്ട്രീയ പ്രചരണത്തിന്റെ സാധ്യത തേടുന്നത് അത്യന്തം നിന്ദ്യമാണെന്ന് അദ്ദേഹം പറഞ്ഞു. റാങ്ക് ലിസ്റ്റിന്റെ കാലാവധി കുറച്ചതാണ് മരണകാരണമെങ്കിൽ അതിന് ഉത്തരവാദി യുഡിഎഫ് ആണെന്നും അദ്ദേഹം ആരോപിക്കുന്നു.

‘സ്വർണ്ണ കള്ളക്കടത്ത് കേസിൽ പ്രതിരോധത്തിലായ ബിജെപിയെ രക്ഷിക്കുന്നതിന് വേണ്ടിയാണ് ദൗർഭാഗ്യകരമായ ഒരു മരണത്തെ രാഷ്ട്രീയ ആയുധമാക്കി മാറ്റാൻ ശ്രമിക്കുന്നത്. കണ്ടെടുത്ത ആത്മഹത്യ കുറിപ്പിൽ റാങ്ക് ലിസ്റ്റ് സംബന്ധിച്ച് ഒന്നും പരാമർശിച്ചിട്ടില്ല. കൃത്യ സമയത്തു ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതില്ലെന്നോ, അധികൃതരുടെ അനാസ്ഥ സംബന്ധിച്ചോ ഒരു പരാമർശവും കണ്ടെടുത്ത കത്തിൽ ഇല്ല. മരണ കാരണം സംബന്ധിച്ച് അന്വഷണത്തിൽ യാഥാർഥ്യം പുറത്തു വരട്ടെ.’ റഹീം കുറിച്ചു. 

കുറിപ്പ് വായിക്കാം: 

തിരുവനന്തപുരം വെള്ളറടയിൽ അനു എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവം അത്യന്തം ദുഖകരമാണ്. അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നതായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

ഈ മരണത്തിന്റെ മറവിൽ രാഷ്ട്രീയ പ്രചരണത്തിന്റെ സാധ്യത തേടുന്നത് അത്യന്തം നിന്ദ്യമാണ്. കണ്ടെടുത്ത ആത്മഹത്യ കുറിപ്പിൽ റാങ്ക് ലിസ്റ്റ് സംബന്ധിച്ച് ഒന്നും പരാമർശിച്ചിട്ടില്ല. കൃത്യ സമയത്തു ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതില്ലെന്നോ, അധികൃതരുടെ അനാസ്ഥ സംബന്ധിച്ചോ ഒരു പരാമർശവും കണ്ടെടുത്ത കത്തിൽ ഇല്ല. മരണ കാരണം സംബന്ധിച്ച് അന്വഷണത്തിൽ യാഥാർഥ്യം പുറത്തു വരട്ടെ.

റാങ്ക് ലിസ്റ്റിന്റെ കാലാവധി സംബന്ധിച്ച് ആരോപണം ഉന്നയിച്ചത് പ്രതിപക്ഷ നേതാവാണ്.സിവിൽ എക്‌സൈസ്‌ ഓഫീസറിന് ഒരു വർഷമാണ് കാലാവധി. മുൻകാലങ്ങളിൽ (2014 വരെ) മൂന്ന് വർഷമായിരുന്നു കാലാവധി. കാലാവധി കുറച്ചതാണ് മരണകാരണമെങ്കിൽ അതിന് ഉത്തരവാദി യുഡിഎഫ് ആണ്.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് യൂണിഫോം സർവ്വീസുകളുടെ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വർഷമായി ചുരുക്കിയത്. ഇതിനെ തുടർന്ന് 2014 ന് ശേഷം നോട്ടിഫിക്കേഷൻ വന്ന എസ് ഐ, സിവിൽ എക്സൈസ് ഓഫീസർ, സിവിൽ പൊലീസ് ഓഫീസർ, ഫയർമാൻ തുടങ്ങി മുഴുവൻ യൂണിഫോം സർവ്വീസിലേക്കുള്ള റാങ്ക് ലിസ്റ്റുകളും ഒരു വർഷമായി നിജപ്പെടുത്തുകയായിരുന്നു. ഇതിന് തൊട്ട് മുമ്പ് അവസാനിച്ച സിവിൽ എക്സൈസ് ഓഫീസർ 2013 ലെ നോട്ടിഫിക്കേഷൻ പ്രകാരം പുറത്തിറങ്ങിയ ലിസ്റ്റായിരുന്നു. അതിന് മൂന്ന് വർഷം കാലാവധി ഉണ്ടായിരുന്നു. മൂന്ന് വർഷത്തിനിടയിൽ തിരുവനന്തപുരം ജില്ലയിൽ 148 പേർക്ക് മാത്രമാണ് ആകെ നിയമന ശുപാർശ നൽകിയത്. അതായത് പ്രതിവർഷം ശരാശരി അമ്പതോളം പേർക്ക് മാത്രം. അതേസമയം ഈ വർഷം 72 പേർക്ക് നിയമനശുപാർശ നൽകി, അതിൽ ആകെയുള്ള 54ഒഴിവുകളിലേയ്ക്കും നിയമനവും നൽകി.

സർക്കാർ നിയമന നിരോധനം ഏർപ്പെടുത്തുകയോ, നിയമനം മുടങ്ങുകയോ ചെയ്യാതെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ കഴിയില്ല എന്ന് കഴിഞ്ഞ ദിവസവും ഹൈക്കോടതി ഉത്തരവ് ഇട്ടിരുന്നു. നിലവിൽ ഈ തസ്തികയിലേക്ക്, മുഴുവൻ ഒഴിവുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഒരു നിയമനവും മുടങ്ങിയിട്ടില്ല.

വസ്തുത ഇതായിരിക്കെ,റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാത്തതാണ് ആത്മഹത്യയുടെ കാരണമെന്ന് ആരോപണം ഉന്നയിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണ്.സർക്കാർ വിരുദ്ധ കലാപത്തിനുള്ള അവസരമായി ഒരു ചെറുപ്പക്കാരന്റെ മരണത്തെ ഉപയോഗിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്

പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയിൽ ഡി.വൈ.എഫ്.ഐ.യെ ഉപദേശിക്കുന്നുണ്ടായിരുന്നു. എന്തായാലും അങ്ങയുടെ ഉപദേശം സ്വീകരിക്കാൻ ഇപ്പോൾ ഡിവൈഎഫ്ഐ ആലോചിക്കുന്നില്ല. പ്രതിപക്ഷ നേതാവിന്റെയും ഉമ്മൻ ചാണ്ടിയുടേയും ഭരണകാലത്ത് നടന്ന നിയമനങ്ങളേക്കാൾ ഗണ്യമായ വർദ്ധനവാണ് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടത്തിട്ടുള്ളത്. രാജ്യത്ത് സ്ഥിരം നിയമനങ്ങൾ ഇപ്പോഴും നിലനിൽക്കുന്ന ഒരേ ഒരു സംസ്ഥാനം കേരളം മാത്രമാണ്. കേന്ദ്രസർക്കാരിന് കീഴിലോ മറ്റ് സംസ്ഥാനങ്ങളിലോ നാമമാത്രമായ സ്ഥിരം നിയമനങ്ങൾ പോലും വർഷങ്ങളായി നടക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

സ്വർണ്ണ കള്ളക്കടത്ത് കേസിൽ പ്രതിരോധത്തിലായ ബിജെപിയെ രക്ഷിക്കുന്നതിന് വേണ്ടിയാണ് ദൗർഭാഗ്യകരമായ ഒരു മരണത്തെ രാഷ്ട്രീയ ആയുധമാക്കി മാറ്റാൻ ശ്രമിക്കുന്നത്. വസ്തുതകൾ മനസ്സിലാക്കാതെയുള്ള പ്രതിപക്ഷ നേതാവിന്റെ പ്രതികരണങ്ങൾ അപക്വവും ബാലിശവുമാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

MORE IN KERALA
SHOW MORE
Loading...
Loading...