കമ്പി വളച്ച് ഇരുമ്പ് വയറുകൾ കെട്ടി തുണി ചുറ്റും; കൈപ്പത്തിയില്ലാതെ വിധിയെ തോൽപ്പിക്കുന്നത് ഇങ്ങനെ

thiruvananthapuram-sreedharan-1
SHARE

കമ്പി വളച്ച് ഇരുമ്പ് വയറുകൾ കെട്ടി ബലപെടുത്തി തുണി ചുറ്റിയ ചെറുവളയങ്ങൾക്കുള്ളിൽ കൈപ്പത്തിയില്ലാത്ത ഇരു കൈകളും ഇറക്കി ശ്രീധരൻ കാണി മണ്ണിലേക്ക് ആഴ്ത്തുന്നത് മൂർച്ചയുള്ള പിക്കാസും മൺവെട്ടിയും. കരിമണ്ണിളക്കി വിത്തിറക്കി കൊയ്യുന്നത് നൂറ്മേനി.  നീളമുള്ള പൈപ്പിൽ പിടിപ്പിച്ച ടാപ്പിങ് കൈത്തിയിൽ കൈക്കുഴ കയറ്റി പട്ട തെളിക്കുമ്പോൾ റബ്ബർമരങ്ങൾ ചുരത്തുന്നത് ഒരു കുടം പാൽ. പ്രതിബന്ധങ്ങൾ തട്ടി നീക്കി പ്രതിസന്ധികൾ ജീവിക്കാനുള്ള പ്രചോദനമാക്കിയ കോട്ടൂർ കൊമ്പിടി സെറ്റിൽമെന്റിലെ ശ്രീധരൻ കാണി(40) പറയാതെ പറയുന്നു.

അങ്ങിനെയൊന്നും കൈവിട്ടു കളയാനുള്ളതല്ല ജീവിതം. കാർഷിക വിള നഷ്ടപ്പെടാതെ കാക്കാൻ മൃഗങ്ങളെ തുരത്തുന്നതിനിടെ അപകടത്തിലാണ് 10 വർഷം മുമ്പ്  ഇരു കൈപ്പത്തികളും നഷ്ടമായത് . എങ്കിലും ശ്രീധരൻകാണിയുടെ കൃഷിയിടം തരിശായില്ല. പ്രതിസന്ധികൾ നേരിടാനുള്ള മനക്കരുത്തിൽ ശ്രീധരന് മുന്നിൽ വഴങ്ങാത്തതായി കൃഷിയുടെ ഒരു വഴിയുമില്ല. പോരാടുന്നത് സ്വന്തം ജീവിതത്തിനുവേണ്ടിയായപ്പോൾ സ്വന്തമായി  പണി ആയുധങ്ങളും രൂപകൽപ്പന ചെയ്യേണ്ടിവന്നു ശ്രീധരന്. ചോര നീരാക്കിയുണ്ടാക്കുന്ന വിളകൾ കൂട്ടമായെത്തി നശിപ്പിക്കുന്ന കാട്ടു പന്നികളെ തുരത്താനുള്ള കെണിയൊരുക്കലിനിടെയാണ് ശ്രീധരൻകാണിക്ക് 12 കൊല്ലം മുമ്പ് ഇരു കൈപ്പത്തികളും  നഷ്ടമായത്. തളർന്നില്ല.

    

തുണി ചുറ്റി ഉറപ്പിച്ച കത്തിയുമായി വെറ്റിലക്കൃഷി.

പിന്നാക്കം പോയില്ല. ഇനിയെന്തെന്ന് ഓർത്ത് ദുഃഖിച്ചിരുന്നില്ല.രണ്ട് കൊല്ലത്തിനുള്ളിൽ ശ്രീധരൻ മണ്ണിലേക്കിറങ്ങി. സ്വന്തമായി വികസിപ്പിച്ച ‘ടെക്നോളജി’യിലൂടെ. ശ്രീധരൻ ചെയ്യാത്ത ജോലികളില്ല. അതിരാവിലെ റബ്ബർ ടാപ്പിങ്ങ്. സ്വന്തമായുള്ള 250 മരങ്ങളും ഒറ്റയ്ക്ക് ശ്രീധരൻ ടാപ്പ് ചെയ്യും. പിന്നെ മറ്റൊരു പറമ്പിലേക്ക് ഓടും.അവിടെ 500 മരങ്ങളിൽ ശ്രീധരന്റെ കത്തി താഴും.പിന്നാലെ പിക്കാസും മൺവെട്ടിയും കുന്താലിയുമായി കരി മണ്ണിലേക്ക്. തെങ്ങിന് തടമെടുക്കും.വാഴയ്ക്കൊപ്പം പച്ചക്കറി, വെറ്റില കൃഷി.വെറ്റില കൊടിയിലെ പതിവയ്ക്കലും വെള്ളം കോരലുമൊ ക്കെ സ്വന്തമായി. കിണറ്റിൽ നിന്ന് വെള്ളം കോരിയിരുന്ന ശ്രീധരന് രണ്ട് മാസം മുമ്പ് ഒരു സംഘം ചെറുപ്പക്കാർ പമ്പ് സെറ്റ് നൽകി.

വീടിന് സമീപത്തും കുറച്ചകലയുമായുള്ള മൂന്ന് ഏക്കറിൽ നട്ടിരിക്കുന്നവയ്ക്ക് നനയ്ക്കാൻ കൈപ്പത്തികളില്ലെന്നത് ശ്രീധരനെ അലട്ടിയിട്ടേയില്ല. കാട്ടിലൂടെയുള്ള യാത്രയിൽ വഴിമുട ക്കുന്ന മരചില്ലകൾ വെട്ടിമാറ്റാൻ, കൃഷിയിടത്തിലേക്ക് അടുക്കുന്ന വന്യ മൃഗങ്ങളെ വിരട്ടാൻ തീകൂട്ടാനുള്ള വിറക് വെട്ടാനുള്ള മഴുവും വെറ്റില നുള്ളാനുള്ള ചെറു പിച്ചാത്തിയുമെല്ലാം ശ്രീധരൻകാണി യുടെ നിശ്ചയ ദാർഢ്യത്തിന് മുന്നിൽ വഴങ്ങുന്നു. കൃഷിക്കു  പുറമേ തൊഴിലുറപ്പ് പദ്ധതി ജോലിയിലും സജീവം. ഇവിടെ മറ്റാരെക്കാളും ഒരു മുഴം മുന്നിലാണ്.

കമുക് അടക്കം മരങ്ങളിൽ കയറുന്നതും ജീവിതത്തിന്റെ ഭാഗം. ശ്രീധരൻകാണി എല്ലാം തന്റെ പിടിയിൽ നിർത്തുന്നത് സ്വന്തം ‘എൻജിനീയറിങ്ങ്’ വൈദഗ്ധ്യത്തിൽ. എല്ലാറ്റിനും ശ്രീധരന്റെ മനസിൽ ടെക്നിക്കുണ്ട്. ശാസ്ത്രീയമായി രൂപകൽപന ചെയ്ത പണി ആയുധങ്ങൾ ഉപയോഗിച്ചല്ല  മണ്ണിനോടുള്ള പോരാട്ടം.തന്റെ വഴക്കത്തിനനുസരിച്ച് പിക്കാസിന്റെയും മൺവെട്ടിയുടെയുമൊക്കെ പിടിയിൽ കമ്പി കൊണ്ട് ഉണ്ടാക്കിയ ചെറിയ വളയങ്ങൾ തുളച്ചു കയറ്റിയിട്ടുണ്ട്. ഓട്ടോറിക്ഷയുടെ ഗീയർ കേബിൾ കൊണ്ട് ചുറ്റി ബലപ്പെടുത്തിയിട്ടുണ്ട്.

thiruvananthapuram-sreedharan-2

വിധി വേദനിപ്പിച്ചെങ്കിലും അത് ബാക്കി വച്ച കൈപ്പത്തിക്ക് മുകളിലെ ഭാഗം വേദനിക്കാതിരിക്കാൻ വളയങ്ങൾ തുണികൊണ്ട് പൊതിഞ്ഞിട്ടുണ്ട്. ഈ വളയത്തിലേക്ക് കൈകളിറക്കിയാണ് ശ്രീധരൻ പണി തുടങ്ങുന്നത്. വെറ്റില വിൽപനയിലൂടെ മാത്രം  ആഴചതോറം ആയിരത്തിലേറെ രൂപ പോക്കറ്റിലെത്തുന്നുവെന്ന് ശ്രീധരൻകാണിയുടെ സാക്ഷ്യം അവസരങ്ങൾക്കായി അലയുന്നവർക്കുള്ള മറുപടിയാണ്.

അതേ, ശ്രീധരൻകാണിയെന്ന ഈ 42കാരൻ ഒരു പ്രതിഭാസം തന്നെയാണ്. ഇരു കൈപത്തികളും നഷ്ടപെട്ടതോടെ സ്വന്തമായി രൂപ കൽപന ചെയ്ത പണി ആയുധങ്ങളിലൂടെ സാക്ഷരത പ്രേരകിന്റെ കരുണയിൽ പേരെഴുതാൻ മാത്രം പഠിച്ച ശ്രീധരൻ കാണിയുടെ എൻജിനീയറിംഗ് വൈദഗ്ധ്യം തന്റെ പണിആയുധ ങ്ങളിൽ പ്രകടം.തോൽക്കാൻ മനസില്ലെന്ന് പ്രഖ്യാപിച്ചിറങ്ങിയ പോരാളി. പ്രതിസന്ധിക്കൾക്ക് ഒപ്പം സഞ്ചരിച്ച് ജീവിത വിജയം നേടാൻ പഠിപ്പിക്കുന്നവൻ.

thiruvananthapuram-sreedharan-3

ഭാര്യ സിന്ധുവും  മകൻ ശ്രീരാജും മകൾ സീതാലക്ഷമിയുമടങ്ങുന്ന കുടുംബത്തിന്റെ നെടുന്തൂണായ ശ്രീധരന്റെ ഫോൺ :8547936784 

MORE IN KERALA
SHOW MORE
Loading...
Loading...