സപ്ലൈകോയിൽ വൻ ക്രമക്കേടെന്ന് സിഎജി; 8 കോടിയുടെ അധിക ചെലവ്

supplyco
SHARE

സപ്ലൈകോയിൽ ഡിപ്പോ തലത്തിൽ അരിയും പയറുവർഗങ്ങളും വാങ്ങിയതിൽ വൻ ക്രമക്കേടെന്ന്  സിഎജി റിപ്പോർട്ട്. ആവശ്യം നോക്കാതെ  സാധനങ്ങൾ വാങ്ങി കൂട്ടിയ വകയിൽ എട്ടു കോടിയുടെ അധിക ചെലവുണ്ടായി. നഷ്ടത്തിലുള്ള മെഡിക്കൽ സ്റ്റോറുകൾ സപ്ലൈകോയ്ക്ക്  വൻ സാമ്പത്തിക ബാധ്യത  സൃഷ്ടിക്കുന്നതായും 2017- 2018 സാമ്പത്തിക വർഷറിപ്പോർട്ടിൽ പറയുന്നു അഞ്ചു ലക്ഷം രൂപയ്ക്ക് മുകളിലുള്ള സാധനങ്ങൾ ഇ ടെൻഡറിലൂടേ വാങ്ങാവുവെന്നാണ് ചട്ടം. എന്നാൽ 2014 മുതൽ 2018 വരെ 1140 തവണ   ഡിപ്പോകൾ  നേരിട്ട് സാധനങ്ങൾ വാങ്ങി . 1108 എണ്ണത്തിൽ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ആളിനെ ഒഴിവാക്കി മറ്റുള്ളവരിൽ നിന്ന് സാധനങ്ങൾ വാങ്ങി. 

സാധനങ്ങളുടെ ആവശ്യകത വിലയിരുത്താൻ  ഹെഡ് ഓഫീസും ഡിപ്പോ, വിൽപന കേന്ദ്രങ്ങളും തമ്മിൽ സംയോജിത സോഫ്റ്റ് വെയർ സംവിധാനം ഇല്ല.  ഇതിന്റ മറവിൽ  സാധനങ്ങൾ ആവശ്യത്തിലധികം വാങ്ങിക്കൂട്ടി.  പരിശോധിച്ച 100 വിൽപന കേന്ദ്രങ്ങളിൽ 30 ഇടത്തും അധിക സാധനങ്ങൾ കണ്ടെത്തി. ഒരേ  സാധനം ഒരേ വിതരണക്കാരനിൽ നിന്ന് പല വിലയ്ക്ക് വാങ്ങിയതിലൂടെ എട്ടുകോടിയുടെ നഷ്ടമുണ്ടായി.

ഡിപ്പോകളിൽ നിന്ന് സാധനങ്ങൾ വിൽപന കേന്ദ്രങ്ങളിലേക്ക് കൈമാറാൻ വൈകിയത് കാരണം 23 കോടി രൂപയുടെ മാർജിൻ നഷ്ടപ്പെട്ടു.  ബ്രാൻഡഡ് അരിയുടെ വിൽപന വില തെറ്റായി  നിശ്ചയിച്ചതിലൂടെ 11.26 കോടി രൂപയുടെ നഷ്ടമുണ്ടായി. നഷ്ടത്തിലുള്ള 16 മെഡിക്കൽ സ്റ്റോറുകൾ പൂട്ടുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്യണ മെന്നും  മരുന്നുകൾ  പ്രാദേശിക തലത്തിൽ വാങ്ങിക്കൂട്ടിയതാണ്  നഷ്ടത്തിന് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു

MORE IN KERALA
SHOW MORE
Loading...
Loading...