നിഷയുടെ അതേ പേര്; വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർക്കു നേരെയും അധിക്ഷേപം

nisha-cyber-bullying
SHARE

മനോരമ ന്യൂസിലെ മാധ്യമപ്രവർത്തക നിഷ പുരുഷോത്തമനെതിരെ ഒരു വിഭാഗത്തിന്റെ സൈബർ ആക്രമണം തുടരുന്നതിനിടെ, അതേ പേരുള്ള വൈൽഡ് ലൈഫ് ഫോട്ടോഗ്രഫർക്കു നേരെയും കടുത്ത അധിക്ഷേപം. തന്റെ ചിത്രങ്ങൾ പോലും ഉപയോഗിച്ച് നീചമായ ആക്രമണമാണ് നടക്കുന്നതെന്ന് സ്വന്തം പേജിൽ പോസറ്റ് ചെയ്ത വിഡിയോയിൽ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫർ നിഷ പുരുഷോത്തമൻ പറഞ്ഞു. ആർക്ക് മെസേജ് അയക്കുകയാണെങ്കിലും അൽപ്പം സഭ്യതയോടെ ആകണമെന്നും ദയവായി മാന്യത കാട്ടണമെന്നും വിഡിയോയിൽ അവർ അഭ്യർത്ഥിക്കുന്നു.

അവരുടെ വാക്കുകൾ ഇങ്ങനെ: എന്റെ പേര് നിഷ പുരുഷോത്തമനെന്നാണ്. എന്റെ പേരിന്റെ പുറത്ത് നിർഭാഗ്യവശാൽ ഞാൻ സൈബർ ബുള്ളിയിങ് നേരിടുകയാണ്. മനോരമ ന്യൂസിലെ നിഷാ പുരുഷോത്തമനാണെന്ന് തെറ്റിധരിച്ച് ഒരുപാട് പേർ എനിക്ക് മെസേജ് അയക്കുന്നുണ്ട്. കൂട്ടത്തിൽ നല്ല മെസേജും മോശം മെസേജുമുണ്ട്. രണ്ട് ആളുകളോടും നിങ്ങൾ ഉദ്ദേശിക്കുന്ന നിഷ പുരുഷോത്തമൻ ഞാൻ അല്ല എന്ന് പറയുന്നുണ്ട്. ഞാനൊരു വന്യജീവി ഫോട്ടോഗ്രാഫറാണ്. വാർത്താ വായനയുമായി എനിക്ക് യാതൊരു ബന്ധമില്ല. 

ആർക്ക് മെസേജ് അയക്കുകയാണെങ്കിലും അൽപ്പം സഭ്യതയോടെ മെസേജ് അയക്കണമെന്ന് അപേക്ഷയുണ്ട്. ഇപ്പോൾ പ്രൈവറ്റ് മെസേജ് മാത്രമല്ല പബ്ലിക്കായും ആളുകൾ മെസേജിടുന്നുണ്ട്. നിനക്ക് പോയി ചത്തൂടെ തുടങ്ങി പിന്നീടുള്ളത് വളരെ മോശം ഭാഷയാണ്. 70 ശതമാനം ആളുകളും മാപ്പ് പറയാറുണ്ട്. ഇപ്പോൾ ഇങ്ങനെ ലൈവിൽ വരാനുള്ള ഒരു കാരണം എന്റെ ഫോട്ടോ ഉപയോഗിച്ചുള്ള സൈബർ ബുള്ളിയിങ്ങും ആരംഭിച്ചിട്ടുണ്ട്. ഫോട്ടോ ഉപയോഗിച്ച വ്യക്തിയെ നേരിട്ട് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരിക്കുന്നില്ല. അതുകൊണ്ട് പ്രൊഫൈലും ഇട്ടിരിക്കുന്ന പോസ്റ്റും ഷെയർ ചെയ്യുന്നു. അതിന്റെ താഴെ വരുന്ന കമന്റും മോശമാണ്. പറയുന്നത് ആരെക്കുറിച്ചാണെന്ന് പരിശോധിക്കാനുള്ള മിനിമം മര്യാദ കാണിക്കേണ്ടതാണ്. വിനോദ് വർഗീസ് എന്ന മഹാനായ സുഹൃത്ത് പോസ്റ്റ് ഡിലീറ്റ് ചെയ്യുക, അൽപ്പമെങ്കിലും നല്ല ഭാഷയിൽ സംസാരിക്കുക. ഇൻബോക്സിൽ വരുന്നത് വളരെ മോശം മെസേജാണ്. എനിക്ക് രാഷ്ട്രീയമില്ല, താൽപര്യവുമില്ല. എന്നെ ഇതിൽ നിന്ന് ഒഴിവാക്കിതരണം. ഇതൊരു അപേക്ഷയാണ്.

ഇതിനിടെ, മാധ്യമപ്രവർത്തകർ നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.

MORE IN KERALA
SHOW MORE
Loading...
Loading...