കൊല്ലപ്പെട്ട വർമ ആരാണ്?; കോടികളുടെ 3647 അമൂല്യ രത്നങ്ങൾ എങ്ങനെ കിട്ടി; ദുരൂഹം

hari-murder-case
SHARE

കൊലയാളികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചെങ്കിലും മരിച്ചയാളുടെ പശ്ചാത്തലം കണ്ടെത്താന്‍ കഴിയാത്തതാണ് 'ഹരിഹരവര്‍മ' കൊലക്കേസിനെ ശ്രദ്ധേയമാക്കുന്നത്. കേരള പൊലീസിന്റെ ചരിത്രത്തില്‍തന്നെ ആപൂര്‍വമാണ് ഇത്തരമൊരു കേസ്. റെക്കോര്‍ഡുകളില്‍ ഹരിഹരവര്‍മയെന്നു പേരുള്ള ആളിന്റെ നാട് എവിടെ, ബന്ധുക്കള്‍ ആരൊക്കെ തുടങ്ങി വ്യക്തിജീവിതത്തെക്കുറിച്ച് ഒരു സൂചനപോലും കണ്ടെത്താനാകാതെയാണ് കേസ് പൊലീസ് അവസാനിപ്പിച്ചത്. ഹരിഹരവര്‍മയെന്ന പേരുപോലും യഥാര്‍ഥമാണോ എന്ന് മനസിലാക്കാന്‍ പൊലീസിനു കഴിഞ്ഞില്ല. ഉന്നത ഉദ്യോഗസ്ഥയായിരുന്ന ഭാര്യയ്ക്കുപോലും വര്‍മയുടെ ജീവിത ചരിത്രത്തെക്കുറിച്ച് ധാരണയുണ്ടായിരുന്നില്ല. വര്‍മയുടെ കൈയ്യിലുണ്ടായിരുന്ന അമൂല്യമായ രത്‌നങ്ങള്‍ എവിടെനിന്നു ലഭിച്ചു എന്നതും അജ്ഞാതം.

കൈവശമുള്ള രത്‌നങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് 2012 ഡിസംബര്‍ 24ന് ഹരിഹരവര്‍മ സുഹൃത്തായ അഡ്വ.ഹരിദാസിന്റെ വീട്ടില്‍വച്ച് കൊല്ലപ്പെടുന്നത്. രത്‌നവ്യാപാരിയാണെന്നും രാജകുടുംബാംഗമാണെന്നുമാണ് ഇയാള്‍ മറ്റുള്ളവരോട് പറഞ്ഞിരുന്നത്. രത്‌നങ്ങള്‍ പരിശോധിക്കുന്നതിനിടെ പ്രതികള്‍ മദ്യം കലര്‍ത്തിയ ജ്യൂസ് വര്‍മയ്ക്കു നല്‍കി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷന്‍ കേസ്. എസി: കെ.ഇ. ബൈജു, പേരൂര്‍ക്കട സിഐ ആയിരുന്ന ആര്‍. പ്രതാപന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലെ പ്രത്യേക സംഘമാണു കേസ് അന്വേഷിച്ചത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ അഞ്ചു പ്രതികളെയും ബെംഗളൂരുവില്‍നിന്നു പിടികൂടി. കവര്‍ച്ച ചെയ്ത രത്‌നങ്ങള്‍ അടക്കം മുഴുവന്‍ തൊണ്ടിമുതലും പൊലീസ് കണ്ടെടുത്തു. കേസില്‍ 72 സാക്ഷികളെ വിസ്തരിച്ചു. 142 തൊണ്ടി മുതലും 244 രേഖകളും ഹാജരാക്കി. തലശേരി സ്വദേശികളായ ജിതേഷ്, രഖില്‍, വടകര സ്വദേശി അജീഷ്, ചാലക്കുടി സ്വദേശി രാഗേഷ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. കുടക് സ്വദേശി ജോസഫ് കാഞ്ഞിരംപാറ, അഡ്വ. ഹരിദാസ് എന്നിവരെ വിട്ടയച്ചു. 

ഹരിഹരവര്‍മ ആരെന്ന ചോദ്യം ബാക്കി

ഹരിഹരവര്‍മ്മ ആരാണെന്ന് ഭാര്യയ്ക്കുപോലും അറിവുണ്ടായിരുന്നില്ല. 2001ലാണു വര്‍മ വാണിജ്യ വകുപ്പ് ഡപ്യൂട്ടി കമ്മിഷണറായിരുന്ന ഉദ്യോഗസ്ഥയെ വിവാഹം ചെയ്തത്. താന്‍ മാവേലിക്കര രാജകുടുംബാംഗമാണെന്നും അച്ഛന്‍ ഭാസ്‌കര വര്‍മയാണെന്നുമാണു വര്‍മ ഭാര്യയോടു പറഞ്ഞിരുന്നത്. എന്നാല്‍ വര്‍മ കൊലചെയ്യപ്പെട്ടപ്പോള്‍ മാവേലിക്കര രാജകുടുംബാംഗമെന്ന നിലയില്‍ വന്ന വാര്‍ത്തകള്‍ അവര്‍ പൂര്‍ണമായി നിഷേധിച്ചു. വര്‍മ രാജകുടുംബാംഗമല്ലെന്നു പൊലീസും പിന്നീട് അറിയിച്ചു. അതോടെയാണു വര്‍മ ആരെന്ന ചോദ്യം ഉയരുന്നത്. അതിനിടെ വര്‍മയ്ക്കു പാലക്കാട്ട് രണ്ടാമതൊരു ഭാര്യയുണ്ടെന്ന വാര്‍ത്തയും പ്രചരിച്ചു. വര്‍മ മുന്‍പു കോയമ്പത്തൂരില്‍ താമസിച്ചിരുന്നതായി വിമലാദേവി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അവിടെ അന്വേഷിച്ചെങ്കിലും അതു വ്യാജ വിലാസമായിരുന്നു.

പൂഞ്ഞാര്‍ രാജകുടുംബാംഗവും കുടുംബ ട്രസ്റ്റ് അംഗവുമായ തനിക്കു ട്രസ്റ്റിനു കീഴിലുള്ള കൊട്ടാരംവക സ്വത്തുക്കളുടെ ക്രയവിക്രയാധികാരമുണ്ടെന്ന രേഖ കാട്ടിയാണു വര്‍മ രത്‌നവ്യാപാരം നടത്തിയത്. കോയമ്പത്തൂര്‍ റേസ്‌കോഴ്സ് ക്ലബ്ബിനടുത്തുള്ള വ്യാജവിലാസത്തില്‍ ഭാസ്‌കര വര്‍മയുടെ മകനെന്ന പേരില്‍ സംഘടിപ്പിച്ച പാസ്പോര്‍ട്ട്, മട്ടാഞ്ചേരി ഗുജറാത്തി സ്‌കൂളിലെ വ്യാജരേഖ നല്‍കിയെടുത്ത തിരിച്ചറിയല്‍ കാര്‍ഡ് -ഇതാണു വര്‍മയുടെ രേഖകള്‍. വിവിധ രാജവംശങ്ങളില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഭാസ്‌കര വര്‍മ, മകന്‍ ഹരിഹര വര്‍മ എന്നിങ്ങനെ ആരുമില്ലെന്നു കണ്ടെത്തി. വര്‍മയുടെ മൂന്നു വര്‍ഷത്തെ ഫോണ്‍ വിളികള്‍ പരിശോധിച്ചിട്ടും ഫലമുണ്ടായില്ല. 

അപൂര്‍വമായ രത്‌നങ്ങള്‍ വര്‍മ്മയ്ക്ക് എങ്ങനെ കിട്ടി?

അപൂര്‍വമായ മരതക ഗണപതി, മരതക മാലകള്‍ എന്നിവയടക്കം 3647 രത്‌നങ്ങളാണു വര്‍മ വില്‍പനയ്ക്കു വച്ചത്. ഇതില്‍ 341 രത്‌നങ്ങളില്‍ ഗ്ലാസ് ഉരുക്കിച്ചേര്‍ത്തു മിനുക്കിയെടുത്തിരുന്നു. രാജ്യാന്തര വിപണിയില്‍ ഈ രത്‌നങ്ങള്‍ക്കു മോഹവിലയാണെന്നും വര്‍മയുടെ പക്കലുണ്ടായിരുന്ന രത്‌നങ്ങളുടെ മൂല്യം നിര്‍ണയിക്കാനാവില്ലെന്നുമാണു മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയത്. വൈഡൂര്യം, മരതകം, അലക്സാണ്ടറേറ്റ് തുടങ്ങിയ അമൂല്യ രത്‌നങ്ങളടങ്ങിയ തന്റെ രത്‌നശേഖരത്തിനു കോടികളാണു വര്‍മ വിലയിട്ടത്. 65 മുത്ത്, 16 പവിഴം, 73 മരതകം, 22 വൈഡൂര്യം, നാലു മാണിക്യം, അഞ്ച് ഇന്ദ്രനീലം, 29 പുഷ്യരാഗം എന്നിവയും മറ്റു പ്രകൃതിദത്ത രത്‌നങ്ങളുമാണു ശേഖരത്തിലുള്ളതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. പാലക്കാട്-കോയമ്പത്തൂര്‍ ബൈപാസിലും ആറ്റിങ്ങല്‍ മാമത്തും വീടും സ്ഥലവും വര്‍മയ്ക്കുണ്ടായിരുന്നു. കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും വര്‍മയുടെ ബന്ധുക്കളായി ആരും മുന്നോട്ടുവന്നിട്ടില്ല.

3647 രത്‌നങ്ങള്‍ വര്‍മയ്ക്ക് എവിടെ നിന്നു ലഭിച്ചു എന്ന് അന്വേഷണത്തില്‍ കണ്ടെത്താനായില്ല. രാജകൊട്ടാരങ്ങളില്‍ കാണുന്ന പുരാതന വിഗ്രഹങ്ങളടക്കം പാലക്കാട്ടെ വീട്ടില്‍ നിന്നു സിഐ ഷീന്‍ തറയിലിന്റെ നേതൃത്വത്തില്‍ കണ്ടെത്തിയിരുന്നു. സംസ്ഥാനത്തിനു പുറത്തടക്കം വര്‍മ നടത്തിയിട്ടുള്ള രത്‌നവ്യാപാരങ്ങളും പുറത്തുവന്നിട്ടില്ല.

MORE IN KERALA
SHOW MORE
Loading...
Loading...