ദുരിതപ്പെയ്ത്ത്: എന്താണ് എമര്‍ജന്‍സി കിറ്റ്? ആ കിറ്റില്‍ എന്തൊക്കെ?: വിഡിയോ

emergencykit
SHARE

അടിക്കടി ദുരന്തങ്ങളെ നേരിടുകയാണ് കേരളം. കോവിഡ് പടരുമ്പോള്‍ത്തന്നെ പെരുമഴ വന്നു. മഴ തുടങ്ങിയതുതന്നെ പെട്ടിമുടി പോലെ വലിയ ദുരന്തങ്ങള്‍ക്കൊപ്പമാണ്. പേമാരി കനക്കുമ്പോള്‍ ദുരന്തങ്ങള്‍ ഇനിയും വരാം. അതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ നമ്മളും തയാറെടുക്കണം. വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകേണ്ടിവരും. അങ്ങനെ പെട്ടെന്ന് വീടുവിട്ട് സുരക്ഷിതസ്ഥലത്തേക്ക് മാറുമ്പോള്‍ ഏറെ സഹായകമാകുന്ന ഒന്നാണ് എമര്‍ജന്‍സി കിറ്റ്. കഴിഞ്ഞ രണ്ടുവര്‍ഷത്തെ പ്രളയത്തിന്റെ അനുഭവങ്ങള്‍ വച്ചുനോക്കുമ്പോള്‍ ഇതിന് വലിയ പ്രാധാന്യമുണ്ട്. എമര്‍ജന്‍സി കിറ്റില്‍ എന്തൊക്കെ വേണം. എങ്ങനെ തയാറാക്കണം. ദുരന്തനിവാരണഅതോറിറ്റി ഇക്കാര്യത്തില്‍ നല്ലൊരു മാതൃക മുന്നോട്ടുവച്ചിട്ടുണ്ട്്. എന്തൊക്കെയാണ് എമര്‍ജന്‍സി കിറ്റില്‍ വേണ്ടത്. വിഡിയോ കാണാം. 

∙ ഒന്നാമതായി വേണ്ടത് കുടിവെള്ളമാണ്. ഒരു കുപ്പി വെള്ളം എമര്‍ജന്‍സി കിറ്റിലുണ്ടാവണം. ഒരാള്‍ക്ക് ഒരുദിവസം ഏറ്റവും ചുരുങ്ങിയത് ഒരുലിറ്റര്‍ വെള്ളം എന്ന അനുമാനത്തിലാണ് ഈ നിര്‍ദേശം.

∙ അടുത്തതായി പെട്ടെന്ന് കേടുപറ്റാത്ത ലഘുഭക്ഷണങ്ങള്‍ – ഉദാഹരണത്തിന് ബിസ്കറ്റ്, റസ്ക്, കപ്പലണ്ടി, നിലക്കടല, ഉണക്കമുന്തിരി, ഈന്തപ്പഴം തുടങ്ങിയവ കരുതാം.

∙ ചെറിയൊരു ഫസ്റ്റ് എയ്ഡ് കിറ്റ്  നിര്‍ബന്ധമാണ് – മുറിവ് വൃത്തിയാക്കാനും പുരട്ടാനുമുള്ള മരുന്നുകള്‍ ഇതില്‍ വേണം. സ്ഥിരമായി കഴിക്കുന്ന മരുന്നുകളുണ്ടെങ്കില്‍ അവയും മറക്കരുത്. പ്രത്യേകിച്ച് പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകള്‍. കുറച്ച് ക്ലോറിന്‍ ‍ഗുളികകള്‍ കൂടി ഉണ്ടെങ്കില്‍ ഫസ്റ്റ് എയ്ഡ് കിറ്റ് പൂര്‍ണമായി.

∙ പ്രധാനപ്പെട്ട രേഖകളാണ് അടുത്തത്. സ്ഥലത്തിന്റെ ആധാരം, ലൈസന്‍സ്, സര്‍ട്ടിഫിക്കറ്റുകള്‍, റേഷന്‍ കാര്‍ഡ്, ബാങ്ക് രേഖകള്‍, ആധാര്‍ കാര്‍ഡ് തുടങ്ങിയ വെള്ളം കടക്കാത്ത കവറില്‍ പൊതിഞ്ഞ് എമര്‍ജന്‍സി കിറ്റില്‍ ഉള്‍പ്പെടുത്താം.

∙ അടുത്തതായി വേണ്ടത് ഒരുജോഡി വസ്ത്രം. ഇത് അത്യാവശ്യമാണെന്ന് പറയേണ്ടതില്ലല്ലോ.

∙ ടൂത്ത് പേസ്റ്റ്, ബ്രഷ്, സോപ്പ്, സാനിറ്ററി പാഡ് തുടങ്ങി വ്യക്തിശുചിത്വത്തിനുവേണ്ട വസ്തുക്കള്‍ എമര്‍ജന്‍സി കിറ്റില്‍ നിര്‍ബന്ധമായും വേണം

∙ ഏതെങ്കിലും കാരണവശാല്‍ കറന്റില്ലാതെ വന്നാല്‍ ഉപയോഗിക്കാന്‍ മെഴുകുതിരിയും തീപ്പെട്ടിയും കരുതണം. അല്ലെങ്കില്‍ ബാറ്ററിയുള്ള ടോര്‍ച്ചായാലും മതി.

∙ വീട്ടില്‍ ഭിന്നശേഷിക്കാരുണ്ടെങ്കില്‍ അവര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും മറക്കരുത്.

∙ വളരെ അത്യാവശ്യമുള്ള ഒന്നാണ് മൊബൈല്‍ ഫോണ്‍. അതിന്റെ ചാര്‍ജറും പവര്‍ ബാങ്ക് ഉണ്ടെങ്കില്‍ അതും കൈവശം വേണം

∙ കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് അധികമായി വേണ്ട മൂന്ന് കാര്യങ്ങള്‍ സാനിറ്റൈസറും മാസ്കും കയ്യുറയും സോപ്പുമാണ്. കോവിഡ് കാലത്ത് രോഗത്തേയും അകറ്റിനിര്‍ത്തിയേ മതിയാകൂ.

∙ അത്യാവശ്യഘട്ടത്തില്‍ ഉപയോഗിക്കാന്‍ ഒരു കത്തിയും ബ്ലേഡും കരുതുന്നത് നല്ലതാണ്.

∙ രക്ഷാപ്രവര്‍ത്തകരെ ആകര്‍ഷിക്കാന്‍ ഒരു വിസില്‍ ഉണ്ടെങ്കില്‍ വലിയ ഗുണം ചെയ്യും

∙ സാധിക്കുമെങ്കില്‍ ഒരു ചെറിയ ട്രാന്‍സിസ്റ്റര്‍ റേഡിയോ കൂടി കരുതുന്നത് നന്നായിരിക്കും. ദുരന്തസമയത്തെ മുന്നറിയിപ്പുകള്‍ അറിയാന്‍ ഇത് സഹായിക്കും.

സാധനങ്ങളുടെ എണ്ണം കണ്ട് അമ്പരക്കേണ്ട. ഇതെല്ലാം കൂടി ചെറിയൊരു ബാഗില്‍ ഉള്‍ക്കൊള്ളാവുന്നതേയുള്ളു. എമര്‍ജന്‍സി കിറ്റ് വീട്ടില്‍ എല്ലാവര്‍ക്കും ഏതുസമയത്തും എടുക്കാന്‍ കഴിയുംവിധം സുരക്ഷിതമായ ഒരിടത്ത് വയ്ക്കണം. വീട്ടിലെ കുട്ടികളടക്കം എല്ലാവരോടും ഈ വിവരം അറിയിക്കുക. അടിയന്തരഘട്ടത്തില്‍ ആരെയും കാത്തുനില്‍ക്കാതെ എമര്‍ജന്‍സി കിറ്റുമായി സുരക്ഷിത ഇടത്തിലേക്ക് മാറാന്‍ കഴിയുന്നവിധത്തില്‍ വീട്ടിലുള്ള എല്ലാവരേയും സജ്ജരാക്കുകയും ചെയ്യുക. ഒന്നോര്‍ക്കണം, മുന്‍കരുതലാണ് ആപത്തുകളെ നേരിടുന്നതിന് എല്ലായ്പ്പോഴും നല്ലത്. എല്ലാവരും സുരക്ഷിതരായിരിക്കുക.

MORE IN KERALA
SHOW MORE
Loading...
Loading...