കോട്ടയത്തിന്റെ പടിഞ്ഞാറൻ മേഖല വെള്ളപ്പൊക്ക ആശങ്കയിൽ; വീടുകളിലേക്ക് വെള്ളം ഇരച്ചെത്തുന്നു

ktm-flood
SHARE

വെള്ളപ്പൊക്കത്തിൽ കോട്ടയത്തിന്റെ പടിഞ്ഞാറൻ മേഖല ആശങ്കയിൽ. കിഴക്കൻ വെള്ളത്തിന്റെ ഒഴുക്ക് വർധിച്ചതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ജില്ലയിൽ 43 ദുരിതാശ്വാസ ക്യാംപുകളിലായി 353 കുടുംബങ്ങളാണ് കഴിയുന്നത്. 

മഹാപ്രളത്തെയും കവച്ചുവെയ്ക്കും വിധമാണ് പാലായിൽ മീനച്ചിലാർ കരകവിഞ്ഞത്. റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങിയതോടെ പാലാനഗരം ഒറ്റപ്പെട്ടു. നേരം പുലർന്നതിന് പിന്നാലെ പാലായിൽ വെള്ളം സാവധാനം ഇറങ്ങി തുടങ്ങി. ഇതോടെ പടിഞ്ഞാറൻ മേഖലയിൽ ആശങ്ക കരകവിഞ്ഞു. 

കോട്ടയം നഗരസഭ പരിധിയിലുൾപ്പെടെ വീടുകളിലേക്ക് വെള്ളം ഇരച്ചെത്തുകയാണ്. ഉറ്റവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികളും ഊർജിതമാണ്.

മണിമലയാറ്റിൽ മുണ്ടക്കയത്തും മണിമലയിലും ജലനിരപ്പ് കുത്തനെ താഴ്ന്നു.എരുമേലി ചെമ്പകപ്പാറയിൽ ക്വാറിയിൽ ഉരുൾപ്പൊട്ടൽ സാധ്യത വർധിച്ചതോടെ ഇരുപതിലേറെ കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. മലവെള്ളപ്പാച്ചിലിൽ പഴയിടം കോസ് വേയും, മൂക്കാംപ്പെട്ടി പാലവും തകർന്നു. പടിഞ്ഞാറൻ മേഖലയിൽ കൂടുതൽ ദുരിതാശ്വാസക്യാമ്പുകൾ തുറക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ഭരണകൂടം. 

മൂവാറ്റുപുഴയാർ കരകവിഞ്ഞ് വൈക്കം മേഖലയിൽ മുന്നൂറിലേറെ വീടുകളിൽ വെള്ളം കയറി. അറുനൂറ്റിമംഗലത്ത് 3 ഇടങ്ങളിൽ കുന്നിടിഞ്ഞ് വീടിനു മേൽ പതിച്ചു. ആശ്വാസമായി ജില്ലയിൽ മഴ മാറിനിൽക്കുകയാണ്. 

MORE IN KERALA
SHOW MORE
Loading...
Loading...