മുറിയിലെത്തി വായ പൊത്തി കള്ളന്‍; കള്ളനെ വീഴ്ത്തി അമൃതയുടെ അടവ്

smriti
SHARE

പുലര്‍ച്ചെ രണ്ടരയായിട്ടുണ്ട്. പ്ലസ്ടു വിദ്യാര്‍ഥിനി സ്മൃതി ശബ്ദം കേട്ടുണര്‍ന്നു. മുറിയില്‍ തനിച്ചാണ്. പന്തികേടു തോന്നി അമ്മയെ വിളിക്കാന്‍ നോക്കി. അപ്പോഴേയ്ക്കും കള്ളന്‍ വായ പൊത്തിപിടിച്ചു. ‘ആദ്യം ഒന്ന് പതറി. പിന്നെ, ധൈര്യം വീണ്ടെടുത്തു. കള്ളന്‍റെ കൈത്തണ്ടയില്‍ ശക്തിയായി പിടിച്ചു. ഇതോടെ, കള്ളന്‍ പിടിവിട്ടു. പിടിച്ചു തള്ളിയ ഉടനെ കള്ളന്‍ വീണു’. സ്മൃതിയുടെ ശബ്ദത്തില്‍ ആത്മധൈര്യമുണ്ട്. സ്റ്റുഡന്റ് പൊലീസ് കേഡറ്റായിരിക്കെ ലഭിച്ച പരിശീലനമാണ് വഴിത്തിരിവായത്. ആരെങ്കിലും ആക്രമിച്ചാല്‍, വായ പൊത്തിപിടിച്ചാല്‍ അയാളുടെ കൈത്തണ്ടയില്‍ അമര്‍ത്തി പിടിക്കണമെന്നാണ് പരിശീലിപ്പിച്ചിട്ടുള്ളത്. എതിരാളിയുടെ ശക്തി കുറയും. ഈ തക്കത്തില്‍ രക്ഷപ്പെടണം. റിട്ടയേര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പരിശീലിപ്പിച്ച ഈ വിദ്യാ സ്മൃതിയുടെ കാര്യത്തില്‍ വിജയിച്ചു. കള്ളന്‍ പെട്ടെന്ന് സ്ഥലംവിട്ടു.

മരത്തിലൂടെ മുകളില്‍ കയറി

തൃശൂര്‍ വാടാനപ്പള്ളിയ്ക്കു സമീപം ഇടശേരിയിലാണ് സ്മൃതിയുടെ വീട്. മുകളില്‍ പഠനമുറി പണിയുന്നുണ്ട്. നിര്‍മാണം നടക്കുന്നതിനാല്‍ മുകള്‍ഭാഗം തുറന്നിട്ടിരിക്കുകയാണ്. വീടിനോട് ചേര്‍ന്ന മരത്തിലൂടെയാണ് കള്ളന്‍ കയറിയത്. വീട്ടുമുറ്റത്തുണ്ടായിരുന്ന ഉടുമുണ്ട് എടുത്ത് തളപ്പാക്കി മാറ്റിയാണ് മരത്തിലൂടെ കള്ളന്‍ കയറിയത്. മുകളില്‍ നിന്ന് താഴോട്ടുള്ള മുറിയിലേക്കാണ് കള്ളന്‍ എത്തിയത്. ഈ മുറിയിലായിരുന്നു സ്മൃതി കിടന്നിരുന്നത്. ശബ്ദം കേട്ട ഉടനെ അച്ഛനും അമ്മയും സഹോദരനും ചാടിയെണീറ്റ് തിരഞ്ഞെങ്കിലും കള്ളനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വാടാനപ്പള്ളി പൊലീസ് ഉടനെ സ്ഥലത്ത് എത്തിയിരുന്നു. 

അലമാരയിലെ പണം നഷ്ടപ്പെട്ടില്ല

വീട്ടിലെ അലമാരയില്‍ വീടുനിര്‍മാണത്തിനുള്ള കൂലി നല്‍കാന്‍ പതിനായിരം രൂപ സൂക്ഷിച്ചിരുന്നു. ഈ തുക എടുക്കാന്‍ കള്ളന് കഴിഞ്ഞില്ല. ആഭരണം തട്ടിയെടുക്കാനുള്ള ശ്രമവും വിജയിച്ചില്ല. തളിക്കുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.കെ.രജനിയുടേയും ഹേനന്റേയും മകളാണ് സ്മൃതി. ഗ്രാമത്തിലെ മറ്റു ചിലവീടുകളിലും കള്ളന്‍ കയറിയിരുന്നു. ഒരു വീട്ടില്‍ ചുമരും ഗ്രില്ലും തകര്‍ത്ത നിലയിലായിരുന്നു. ജനലിലൂടെ മൊബൈല്‍ ഫോണ്‍ കവര്‍ന്നു. മറ്റൊരു വീട്ടിലും കവര്‍ച്ചാശ്രമമുണ്ടായി. എല്ലാ വീട്ടിലും കയറിയത് ഒരേ കള്ളനാകുമെന്ന സംശയത്തിലാണ് പൊലീസ്.

MORE IN KERALA
SHOW MORE
Loading...
Loading...