റോഡിനായി അലഞ്ഞു തളർന്ന ഊരുമൂപ്പൻ മരിച്ചു; മൃതദേഹം തോളിലേറ്റി ശ്മശാനത്തിലേക്ക്

tribal-leader-death
SHARE

മുതലമട: റോഡിനായി ഓഫിസുകൾ കയറിയിറങ്ങിത്തളർന്ന ഊരുമൂപ്പൻ ചിന്നക്കണ്ണന്റെ മൃതദേഹം ആളുകൾ തോളിലേറ്റി ശ്മശാനത്തിലേക്കെടുത്തു. നല്ലൊരു വഴി ഉണ്ടാകുന്നതു കാണാൻ നിൽക്കാതെ ഊരുമൂപ്പൻ മരണത്തിനു കീഴടങ്ങി. മൃതദേഹം കൊണ്ടുപോകാൻ കൂടി വഴിയില്ലാത്തവരായി നാവിളുംതോട് കോളനിക്കാർ. വഴിയില്ലാതെ അലയേണ്ടി വന്നവരെ മുന്നിൽ നിന്നു നയിച്ച ഊരുമൂപ്പൻ ഇനിയില്ല. എങ്കിലും, ഊരുമൂപ്പന്റെ ആഗ്രഹം സഫലമാകുമെന്ന പ്രതീക്ഷയിലാണു കോളനിക്കാർ.

അസുഖത്തെ തുടർന്നു കഴിഞ്ഞ ദിവസമാണു ചിന്നക്കണ്ണൻ മരിച്ചത്. എറവാള വിഭാഗത്തിൽപ്പെട്ട 13 കുടുംബങ്ങൾ താമസിക്കുന്ന മീങ്കര അണക്കെട്ടിനോടു ചേർന്ന നാവിളുംതോട് കോളനിയിലേക്ക് റോഡ് വേണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. രണ്ടു സ്വകാര്യ വ്യക്തികളുടെ കൃഷിയിടത്തിലേക്കുള്ള റോഡിലൂടെ ഒരു കിലോമീറ്ററോളം സഞ്ചരിച്ചാലാണു കോളനിയിലെത്താനാവുക.

കോളനിക്കാരായ മുതിർന്നവർക്ക് അസുഖം ബാധിച്ചാൽ ചാണകം കടത്തുന്ന വണ്ടിയിൽ ഇരുത്തി ഒരു കിലോമീറ്ററോളം കൊണ്ടു പോയാൽ മാത്രമേ വാഹനം എത്തുന്ന സ്ഥലത്തെത്തിക്കാൻ കഴിയുകയുള്ളുവെന്നു മരിച്ച ചിന്നക്കണ്ണന്റെ മകൻ അരുണാചലം പറഞ്ഞു. ചിന്നക്കണ്ണനു സുഖമില്ലാതായപ്പോൾ ചാണക വണ്ടിയിലിരുത്തി മീനാക്ഷിപുരത്തെ ആശുപത്രിയിൽ കൊണ്ടു പോയിരുന്നു. പരാതികൾ പലവട്ടം പലർക്കും നൽകി. ജനപ്രതിനിധികൾ പോലും കണ്ടമട്ടു കാണിച്ചില്ല. ഇനി ആരോടാണിവർ സങ്കടം പറയേണ്ടത്?.

MORE IN KERALA
SHOW MORE
Loading...
Loading...