ചിരിക്കുന്ന ആ മുഖം മതി ഓര്‍മയില്‍; വിങ്ങലോടെ അമ്മ; മെറിന്റെ മൃതദേഹം നാട്ടിലെത്തിക്കില്ല

merin-update
SHARE

മോനിപ്പള്ളി: കുത്തേറ്റു മരിച്ച മലയാളി നഴ്സ് മെറിൻ ജോയിയുടെ സംസ്കാരം ഈ ആഴ്ച അമേരിക്കയിൽ നടത്തും. റ്റാംപയിലെ കത്തോലിക്കാ ദേവാലയത്തിൽ ആയിരിക്കും സംസ്കാരം. മെറിന്റെ പിതാവ് ജോയിയുടെ മാതൃസഹോദരന്മാർ ഉൾപ്പെടെയുള്ള ബന്ധുക്കൾ റ്റാംപയിലുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ മൃതദേഹം നാട്ടിലെത്തിക്കുക എളുപ്പമല്ലെന്നു ബന്ധുക്കൾ അറിയിച്ചു.

മൃതദേഹം മയാമിയിലെ ഫ്യൂണറൽ ഹോമിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഏറ്റുവാങ്ങാനും ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും അന്തിമോപചാരം അർപ്പിക്കാൻ സൗകര്യം ഒരുക്കാനും തീരുമാനിച്ചിരുന്നു. പക്ഷേ, കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ അത് ഉപേക്ഷിച്ചു. മെറിൻ ജോലി ചെയ്തിരുന്ന ബ്രൊവാഡ് ഹെൽത്ത് ഹോസ്പിറ്റലിലെ സഹപ്രവർത്തകർക്ക് അന്തിമോപചാരം അർപ്പിക്കാൻ ചൊവ്വാഴ്ച സൗകര്യം ഒരുക്കും.

മോനിപ്പള്ളി ഊരാളിൽ വീട്ടിൽ താമസിക്കുന്ന പിറവം മരങ്ങാട്ടിൽ ജോയ്,‌ മേഴ്സി ദമ്പതികളുടെ മകളാണ് മെറിൻ ജോയി (27). ആശുപത്രിയുടെ പാർക്കിങ് സ്ഥലത്താണ് മെറിന് കുത്തേറ്റത്. തുടർന്ന് മെറിന്റെ ദേഹത്ത് കാർ കയറ്റി കൊലപ്പെടുത്തുകയായിരുന്നു. ഭർത്താവ് ചങ്ങനാശേരി വെളിയനാട് ആഞ്ഞിലിക്കാത്തറയിൽ ഫിലിപ് മാത്യു (നെവിൻ) അറസ്റ്റിലാണ്. കോറൽ സ്പ്രിങ്സിലെ ജോലി വിട്ട് റ്റാംപയിലെ സെന്റ് ജോസഫ്സ് ആശുപത്രി ഗ്രൂപ്പിൽ മെറിൻ ജോലി നേടിയിരുന്നു. അങ്ങോട്ടു താമസം മാറാൻ തയാറെടുത്തിരിക്കുമ്പോഴായിരുന്നു മരണം. 

മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയില്ലെന്ന വിവരം ഇന്നലെ ഉച്ചയോടെയാണ് പിതാവിനെയും അമ്മയെയും അറിയിച്ചത്. ‘മെറിനെ അവസാനമായി ഒരു നോക്കു കാണാൻ ആഗ്രഹിച്ചിരുന്നു. ക്രൂരമായ ആക്രമണമേറ്റ മകളുടെ മുഖം കാണാൻ പോലും വയ്യാത്ത അവസ്ഥയിലായിട്ടുണ്ട്.

ചിരിച്ചു വർത്തമാനം പറയുന്ന പഴയ മുഖം മതി ഓർമയിൽ. നോറയിലൂടെ ഞങ്ങൾ ഇനി മെറിനെ കാണും...’ അമ്മ മേഴ്സി പറഞ്ഞു. മെറിന്റെ മകളായ നോറ (2) ഇപ്പോൾ മോനിപ്പള്ളിയിലെ വീട്ടിലുണ്ട്.

എംബാം ചെയ്യാൻ കഴിയാത്തതു മൂലമാണു മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ഒഴിവാക്കിയതെന്നു സൂചന. 17 കുത്തേൽക്കുകയും വാഹനം കയറ്റുകയും ചെയ്തതിനാൽ എംബാം ചെയ്യാൻ കഴിയില്ലെന്നാണ് ആശുപത്രിയിൽ നിന്ന് അറിയിച്ചത്. മെറിനെതിരായ സമൂഹമാധ്യമത്തിലെ അധിക്ഷേപത്തിനെതിരെ മാതാപിതാക്കൾ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

MORE IN KERALA
SHOW MORE
Loading...
Loading...