പരക്കെ മഴ; കാലവർഷം നേരിടാനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് റവന്യുമന്ത്രി

flood-at-edappally
SHARE

സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഇന്നും പരക്കെ മഴയെത്തുടര്‍ന്ന് പത്ത് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ജില്ലയില്‍ ഇന്നലെയുണ്ടായ കനത്ത കാറ്റില്‍ വന്‍ നാശനഷ്ടങ്ങളുണ്ടായി. 

സംസ്ഥാനത്ത് നാളെ മുതല്‍ തീവ്രമഴയ്ക്കും  വെള്ളപ്പൊക്കതിനും സാധ്യതയുള്ളതിനാല്‍ ജില്ലാഭരണകൂടങ്ങളോടും തദ്ദേശസ്ഥാപനങ്ങളോടും അതീവ ശ്രദ്ധ പുലര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കടലാക്രമണം ശക്തമായതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്.

ഒാഗസ്റ്റ് ഇരുപത് വരെയെങ്കിലും അതീവ ജാഗ്രതപുലര്‍ത്തണം.  പരക്കെ മഴ പെയ്തതിനാല്‍  തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട ,എറണാകുളം ജില്ലകളിലൊഴികെ പത്ത് ജില്ലകളിലും ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിൽ അർധരാത്രിക്ക് ശേഷം മിക്കയിടങ്ങളിലും കനത്ത മഴ ലഭിച്ചു. പലയിടങ്ങളിലും വീശിയടിച്ച ശക്തമായ കാറ്റിൽ നാശനഷ്ടങ്ങളുണ്ടായി. കോട്ടയം പ്രസ് ക്ലബിൻ്റെ മേൽക്കൂര തകർന്നു. 

ജില്ലയിൽ തുറന്ന ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം അഞ്ചായി. 45 കുടുംബങ്ങളിലെ 109 പേരാണ് നിലവിൽ ക്യാംപുകളിൽ കഴിയുന്നത്. കനത്ത മഴയിൽ കുട്ടനാട്ടിൽ നേരിയ അളവിൽ ജലനിരപ്പ് ഉയർന്നു. വെള്ളക്കെട്ടിനെ തുടർന്ന് ആദ്യ ദുരിതാശ്വാസ ക്യാംപ് തുറന്നു. ചേർത്തല താലൂക്കിന്റെ തീരമേഖലയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ അന്ധകാരനഴി പൊഴി തുറന്നിട്ടുണ്ട്. അതേസമയം കാലവര്‍ഷത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന്  റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍   മനോരമ ന്യൂസിനോട് പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്യാംപുകളുടെ എണ്ണം കൂട്ടി. നാലുതരം ക്യാപുകള്‍ ഒരോ സ്ഥലത്തും വേണ്ടിവരും. മൂവായിരത്തോളം കെട്ടിടങ്ങള്‍ കണ്ടെത്തിയെന്നാണ് ഇപ്പോള്‍ ലഭിച്ച റിപ്പോര്‍ട്ട് .

2018 ലും 2019 ലും ഒാഗസ്റ്റ് 5 മുതല്‍ 20 വരെയുള്ള കാലയളവിലാണ് തീവ്രമഴയും തുടര്‍ന്നുള്ള പ്രളയവും ഉണ്ടായത്. കഴി‍ഞ്ഞ ദിവസങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായ എറണാകുളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ അതീവജാഗ്രത പുലര്‍ത്താനാണ് സര്‍ക്കാരിന്‍റെ തീരുമാനം.  അതേസമയം  വൃഷ്ടിപ്രദേശത്തു മഴ കുറഞ്ഞതിനാൽ നിലവില്‍ ഇടുക്കി ജില്ലയിലെ അണക്കെട്ടുകളിലേക്കുള്ള  നീരൊഴുക്ക് കുറഞ്ഞിരിക്കുകയാണ് . 

MORE IN KERALA
SHOW MORE
Loading...
Loading...