വഞ്ചിയൂർ സബ് ട്രഷറിയിലെ തട്ടിപ്പ്; വിജിലൻസ് അന്വേഷണത്തിന് ആവശ്യം

sub-treasury
SHARE

വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നിന്ന് രണ്ടുകോടിരൂപ തട്ടിയതില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് സിപിഐ അനുകൂല സര്‍വീസ് സംഘടന. തുടര്‍ച്ചയായി തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ട്രഷറി ഡയറക്ടറെയും ജോയിന്റ് ഡയറക്ടറെയും മാറ്റി നിര്‍ത്തി വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ജോയിന്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. നേരത്തെ എറണാകുളം സബ്ട്രഷറിയിലെ ജീവനക്കാരുടെ സ്ഥലംമാറ്റ ഉത്തരവിന്റെ പേരില്‍ ട്രഷറി ഡയറക്ടറെ നീക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു.

തട്ടിപ്പുകളില്‍ ട്രഷറി ഡയറക്ടര്‍ എ.എം.ജാഫറും വിജിലന്‍സ് ചുമതലയുള്ള ജോയിന്റ് ഡയറക്ടര്‍ വി.സാജനും സംശയനിഴലിലാണെന്നാണ് ജോയിന്റ് കൗണ്‍സിലിന്റെ ആരോപണം. ഇരുവരും ചേര്‍ന്ന് തട്ടിപ്പ് നടത്തിയവരെ സംരക്ഷിക്കുന്നതാണ് തുടര്‍ച്ചയായ ക്രമക്കേടുകളുണ്ടാകാന്‍ കാരണം. ചങ്ങരംകുളം ട്രഷറി തട്ടിപ്പ് കേസിലെ പ്രതിയെ സംരക്ഷിക്കാനുള്ള നീക്കത്തിന് എതിരുനിന്ന പൊന്നാനി സബ് ട്രഷറി ഓഫിസറായ വനിതയെ റിട്ടയര്‍മെന്റ് മാസം വരെ സ്ഥലം മാറ്റം നല്‍കാതെ ഇരുവരും ചേര്‍ന്ന് ദ്രോഹിച്ചെന്ന് സംഘടന ആരോപിച്ചു. കണ്ണൂര്‍ ജില്ലാ ട്രഷറിയില്‍ കരാറുകാരന് ചെക്കില്‍ കൂടുതല്‍ തുക അുവദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുത്തില്ല. ഈ സാഹചര്യത്തില്‍ ഇരുവരെയും മാറ്റിനിര്‍ത്തി വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ജോയിന്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.

തട്ടിപ്പ് നടത്തുന്നവരെ സംരക്ഷിക്കുന്ന ഡയറക്ടറും ജോയിന്റ് ഡയറക്ടറുമാണ് എറണാകുളം ജില്ലാ ട്രഷറിയിലെ വനിതാജീവനക്കാരിയുടെ പേരെടുത്തുപറഞ്ഞ് അപമാനിച്ച് ഉത്തരവ് ഇറക്കിയതെന്നും സംഘടന ആരോപിക്കുന്നു. സ്ത്രീവിരുദ്ധ പരാമര്‍ശമുള്ള ഈ സ്ഥലം മാറ്റ ഉത്തരവിന്റെ പേരില്‍ കഴിഞ്ഞദിവസം ഡയറക്ടറെയും ജോയിന്റ് ഡയറക്ടറെയും ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി താക്കീത് ചെയ്തിരുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...