ചിങ്ങമാസം വന്നുചേർന്നാൽ കല്ല്യാണമേളം; സ്വര്‍ണവില ഇനിയും കുതിച്ചേക്കും

gold-wb
SHARE

കേരളത്തിൽ സ്വർണമാണ് എങ്ങും ചര്‍ച്ചാവിഷയം. ശുദ്ധ സ്വർണത്തിനൊപ്പം കള്ളനും വാര്‍ത്താതലക്കെട്ടുകളില്‍ നിറയുന്നു. സ്വർണക്കടത്തിലെ പുതിയ അവതാരങ്ങളും അവരുടെ രഹസ്യ ഇടനാഴികളും പരിചിതമായി വരുന്നു കേരളത്തിന്. അതേസമയം തന്നെ വരാനിരിക്കുന്നത് വിവാഹ സീസണാണ്. ഇക്കാലത്തും സ്വർണവില  ഇനിയും കുതിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ദരുടെ വിലയിരുത്തൽ.

ചിങ്ങമാസമെത്തുമ്പോൾ നല്ലൊരു വിഭാഗം മലയാളികളെയും അലട്ടുന്ന കാര്യം കുതിക്കുന്ന സ്വർണവിലയാകും. കർക്കിടകം പത്തുനാൾ പിന്നിട്ടു. കല്യാണങ്ങൾക്ക് ഈ കോവിഡ് കാലത്ത് ഇടവേളയാണ് ചിലയിടത്ത്. മാറ്റി വയ്ക്കാത്തതും നിരവധി. അതിനാൽ തന്നെ മലയാളപ്പുതുവർഷത്തിൽ വിവാഹ വേലിയേറ്റത്തിന് സാധ്യതയുണ്ടെന്നാണ് പൊതു വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ഓഫ് സീസണായിട്ടുപോലും സ്വർണവില ഒരു അന്തവുമില്ലാതെ കുതിക്കുന്നത്.

പവനിപ്പോൾ 38000 രുപയ്ക്ക് അരികെയാണ്. 2020ലെ 7 മാസം കൊണ്ട് 30 ശതമാനമാണ് ഉയർന്നത്. ഇങ്ങനെ പോയാൽ വില നാൽപതിനായിരമെത്തുമോ എന്നാണ് ആശങ്ക. ആഗോളസാഹചര്യങ്ങൾ അങ്ങനെയാണ്. കോവിഡിൽ പകച്ച സാമ്പത്തികരംഗം സ്വര്‍ണത്തെ വിടാതെ പിടിച്ചിരിക്കുകയാണ്. എല്ലാ സെൻട്രൽ ബാങ്കുകളും ഈ മഞ്ഞലോഹത്തെ കരുതൽ നിക്ഷേപമായി വകഞ്ഞു കൂട്ടുന്നു. സ്വർണം കയ്യിലുള്ള പൊതുജനത്തിനും നിലപാട് ഇതു തന്നെ. അതിനാൽ കോവിഡ് പ്രതിസന്ധി തുടരുമ്പോൾ ഈ പ്രവണത നിലനിൽക്കുമെന്ന് സാമ്പത്തിക വിദഗ്ധൻ റാംകി മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു. ലോകരാജ്യങ്ങളുടെ ‘സേഫ് ഹെവനാ’യി സ്വര്‍ണം തുടരുക തന്നെ ചെയ്യും. വിപണിയിൽ സർക്കുലേറ്റ് ചെയ്യുന്ന സ്വർണത്തിന്റെ അളവ് കുറഞ്ഞു നിൽക്കും. വിൽപനവിലയിൽ അത് പ്രതിഫലിക്കുകയും ചെയ്യും.

കേരളത്തിലെ സ്വർണക്കടത്തും വിലവർധനയുമായി നേരിട്ട് ബന്ധമില്ലെന്നാണ് വിദഗ്ധരുടെ പക്ഷം. ഏതായാലും ചിങ്ങപ്പുലരിയ്ക്ക് ഇനി മൂന്നാഴ്ച മാത്രം. കതിർമണ്ഡപങ്ങൾ സ്വർണത്തിളക്കത്തിൽ മഞ്ഞളിക്കേണ്ട കാലമാണ്. എന്നാൽ ഈ പോക്ക് പോയാൽ അത് പ്രതീക്ഷ നൽകുന്ന ചിന്തയാകാനിടയില്ല എന്നും വിദഗ്ധര്‍ പറയുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...