വിധി വരുന്നത് 13 വർഷം നീണ്ട വ്യവഹാരത്തിന്; കേസ് നാൾ വഴികൾ ഇങ്ങനെ

templecase-13
SHARE

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് പതിമൂന്നുവര്‍ഷത്തിലേറെ നീണ്ട വ്യവഹാരങ്ങള്‍ക്കൊടുവിലാണ് സുപ്രിംകോടതി വിധി വരുന്നത്. തിരുവനന്തപുരം മുന്‍സിഫ് കോടതി മുതല്‍ സുപ്രിംകോടതി വരെ നീണ്ടു നിയമനടപടികള്‍. നിലവറകള്‍ തുറന്നുപരിശോധിച്ചതോടെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം ആഗോള ശ്രദ്ധാകേന്ദ്രവുമായി.

ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ സ്വത്തുവകകള്‍ കൈകാര്യംചെയ്യുന്നത് സംബന്ധിച്ച കേസില്‍ 2007 സെപ്റ്റംബര്‍ 13 ന് ക്ഷേത്രത്തലെ സ്‌ട്രോങ് റൂമുകൾ മേലിൽ ഉത്തരവുണ്ടാകുന്നതുവരെ തുറക്കരുതെന്ന് പ്രിൻസിപ്പൽ സബ്‌ജഡ്‌ജി എസ്.എസ്. വാസൻ ഉത്തരവിട്ടു. ഇവ തുറന്ന് സ്വർണം പുറത്തെടുക്കുന്നത് അനധികൃതമാണെന്നും ആചാരവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലായിരുന്നു  ഉത്തരവ്. 

അതേവര്‍ഷം ഡിസംബറില്‍  ശ്രീപത്മനാഭസ്വാമിക്ഷേത്രവും സ്വത്തുക്കളും  രാജകുടുംബത്തിന്റെ വകയല്ലെന്ന് കോടതിയുടെ ഇടക്കാല വിധി. 

2010ഫെബ്രുവരി: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെയും ഭണ്ഡാരം വക വസ്‌തുക്കളുടെയും മേൽ തനിക്കുള്ള ഭരണാധികാരം ചോദ്യം ചെയ്‌ത് സിവിൽകോടതിയിലുള്ള കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ ഹൈക്കോടതിയിൽ ഹർജി നൽകി.

16 മാർച്ച് 2010: ശ്രീപത്മനാഭസ്വാമി ക്ഷേത്രവും പണ്ടാരവക വസ്‌തുക്കൾ ഉൾപ്പെടെയുള്ള സ്‌ഥാവര ജംഗമങ്ങളും തിരുവിതാംകൂർ മഹാരാജാവിന്റേതാണെന്നു സർക്കാർ. ഇതു സംബന്ധിച്ച പത്രിക പ്രിൻസിപ്പൽ സബ് കോടതിയിൽ സർക്കാർ ഫയൽ ചെയ്‌തു. 

2011 ഫെബ്രുവരി: ഒന്നിനായിരുന്നു ശ്രീപത്മനാഭസ്വാമി ക്ഷേത്രം സംസ്‌ഥാന സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതിയുടെ സുപ്രധാന വിധി.

 മൂന്നു മാസത്തിനുള്ളി ഇതിനായി ട്രസ്‌റ്റോ സമിതിയോ രൂപീകരിക്കണം. ക്ഷേത്ര സ്വത്തുക്കളും ഭരണവും ഏറ്റെടുത്ത് അനുഷ്‌ഠാനങ്ങൾ ആചാരപ്രകാരം നടത്തണം. ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയെയും പിൻമുറക്കാരെയും ‘പത്മനാഭദാസൻ’ എന്ന നിലയി ആചാരാനുഷ്‌ഠാനങ്ങളി പങ്കെടുപ്പിക്കണം. ക്ഷേത്ര പരിസരത്തു മ്യൂസിയം നിർമിച്ച് ക്ഷേത്രത്തിന്റെ അമൂല്യവസ്‌തുക്കൾ ഭക്‌തർക്കും സഞ്ചാരികൾക്കും കാണാൻ അവസരമൊരുക്കണമെന്നും കോടതി നിർദേശിച്ചു.

03 മേയ് 2011:   ശ്രീപത്മനാഭസ്വാമി ക്ഷേത്രം സംസ്‌ഥാന സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവു സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. എന്നാൽ, കല്ലറകളിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങളുടെ വസ്‌തുവിവരപ്പട്ടിക തയാറാക്കുന്നതിന്റെ മേൽനോട്ടത്തിന് ഏഴംഗ നിരീക്ഷക സംഘത്തെ ചുമതലപ്പെടുത്തി

28 ജൂണ്‍ 2011:  ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളുടെ പരിശോധനക്ക് ഉത്തരവ്.തുടര്‍ന്ന് പരിശോധനകളില്‍ ഒന്നര നൂറ്റാണ്ടിലേറെയായി തുറന്നിട്ടില്ലെന്നു കരുതപ്പെടുന്ന രണ്ടു നിലവറകളിൽ അമൂല്യ രത്നങ്ങളും സ്വർണം, വെള്ളി ഉരുപ്പടികളും കണ്ടെത്തി

09 ജൂലൈ 2011 : ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി’ നിലവറ തുറക്കരുതെന്നു സുപ്രീം കോടതി ഉത്തരവായി. ക്ഷേത്രത്തിൽ നിന്നു കണ്ടെടുത്ത അപൂർവ നിധിശേഖരം എങ്ങനെ സംരക്ഷിക്കാമെന്നതിനെക്കുറിച്ചു വിശദമായ ശുപാർശ സമർപ്പിക്കാൻ രാജകുടുംബത്തോടും സംസ്‌ഥാന സർക്കാരിനോടും ജസ്‌റ്റിസ് ആർ.വി. രവീന്ദ്രൻ, ജസ്‌റ്റിസ് എ.കെ. പട്നായിക് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.

20 ഓഗസ്റ്റ് 2011: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി’ നിലവറ തുറക്കരുതെന്നും വിദഗ്‌ധ സമിതിയുടെ നടപടികൾക്കു സംസ്‌ഥാന സർക്കാർ തുക അനുവദിക്കണമെന്നും ഉത്തരവിടണമെന്നാവശ്യപ്പെട്ട് മൂലം തിരുനാൾ രാമവർമ സുപ്രീം കോടതിയിൽ ഇടക്കാല അപേക്ഷ നൽകി. 

07 നവംബർ 2012: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്ത് ദേവന്റേതാണെന്നും അവ ക്ഷേത്രബാഹ്യമായ കാര്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കരുതെന്നും സുപ്രീം കോടതിക്കു നൽകിയ റിപ്പോർട്ടിൽ അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്‌മണ്യം ശുപാർശ ചെയ്‌തു. ക്ഷേത്ര പുനരുദ്ധാരണത്തിന് അടിയന്തര നടപടി വേണം. ക്ഷേത്രത്തിൽ രാഷ്‌ട്രീയക്കാരുടെ ഇടപെടൽ അനുവദിക്കരുത്. ക്ഷേത്ര നിലവറകളിലെ സമ്പത്ത് രാജകുടുംബവും വിശ്വാസികളും നൽകിയിട്ടുള്ളതാണ്. അതു പുറത്തേക്കു കൊണ്ടുപോകാൻ ആരെയും അനുവദിക്കരുത്.

25 ഏപ്രിൽ 2014:  രാജകുടുംബത്തിന്റെ നിയന്ത്രണം മാറ്റിക്കൊണ്ടുള്ള ആദ്യ ഉത്തരവ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രം സംസ്‌ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് സുപ്രിംകോടതി. 2011 ജനുവരിയിൽ ഹൈക്കോടതി നൽകിയ വിധി ചോദ്യംചെയ്‌തുള്ള ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമയുടെ ഹർജിയിലാണു ക്ഷേത്രഭരണം രാജകുടുംബത്തിന്റെ നിയന്ത്രണത്തിൽനിന്നു മാറ്റി സുപ്രീം കോടതി ഇടക്കാല ഉത്തരവു നൽകിയത്

25 ഏപ്രിൽ 2014: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണച്ചുമതല താൽക്കാലിക സംവിധാനമായി തിരുവനന്തപുരം ജില്ലാ ജഡ്‌ജി അധ്യക്ഷനായുള്ള അഞ്ചംഗസമിതിയെ ഏൽപിക്കാൻ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ഗുരുവായൂർ ദേവസ്വം മുൻ കമ്മിഷണർ കെ.എൻ. സതീഷിനെ എക്‌സിക്യൂട്ടീവ് ഓഫിസറായും മുൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) വിനോദ് റായിയെ കണക്കെടുപ്പിനു നേതൃത്വം നൽകാനും കോടതി നിയമിച്ചു. മൂലം തിരുനാൾ രാമവർമ ട്രസ്‌റ്റിയായി തുടരാനും ഉത്തരവ്  

05 ജൂലൈ 2017:  ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് മൂല്യനിർണയം നടത്തുന്നതിനായി ബി നിലവറ തുറക്കണമെന്നു സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

30 ഓഗസ്റ്റ് 2017:  ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ബി നിലവറ തുറക്കാനാവില്ലെന്ന നിലപാടിലുറച്ചു തിരുവിതാംകൂർ രാജകുടുംബം. നിലവറ തുറക്കാൻ തന്ത്രിമാർ തീരുമാനിച്ചാൽ നടപടികളിൽ നിന്നു വിട്ടുനിൽക്കുമെന്നും രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ബായി പറഞ്ഞു.  

23 ജനുവരി 2019:  ശ്രീ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസുകളിൽ അവസാനവാദം രണ്ടുദിവസമായി കേൾക്കുമെന്നു സുപ്രീം കോടതി ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

30 ജനുവരി 2019:  ശ്രീപത്മനാഭസ്വാമി ക്ഷേത്രം പൊതുക്ഷേത്രമാണെന്നും പ്രതിഷ്ഠയ്ക്കാണ് സ്വത്തിൽ അവകാശമെന്നും തിരുവിതാംകൂർ രാജകുടുംബം സുപ്രീം കോടതിയിൽ വ്യക്തമാക്കി.

MORE IN KERALA
SHOW MORE
Loading...
Loading...