സ്വപ്ന സുരേഷിന്റെ നിയമനം: മുടക്കിയ പണം തിരിച്ചുപിടിച്ച് മുഖം രക്ഷിക്കാൻ ഐടി വകുപ്പ്

swapna-it
SHARE

തിരുവനന്തപുരം: ബിരുദ സർട്ടിഫിക്കറ്റ് വ്യാജമെന്നു തെളിഞ്ഞതോടെ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ കരാർ അടിസ്ഥാനത്തിൽ സർക്കാരിലേക്ക് അയച്ച കൺസൽറ്റൻസി സ്ഥാപനമായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനു (പിഡബ്ല്യുസി) നൽകിയ ഫീസ് തിരിച്ചുപിടിക്കാൻ സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്(കെഎസ്ഐടിഐഎൽ). കരാർ ലംഘനത്തിന് പി‍ഡബ്ല്യുസിക്കെതിരെ കേസ് ഫയൽ ചെയ്യാനും ഏകദേശ ധാരണയായി. കൂടുതൽ നിയമോപദേശം തേടും.

സ്വപ്നയുടെ വ്യാജബിരുദം സംബന്ധിച്ച ‘മനോരമ’ വാർത്തയെ തുടർന്ന് ഐടി ഇൻഫ്രാസ്ട്രക്ചർ കഴിഞ്ഞ ദിവസം വിശദീകരണം തേടിയെങ്കിലും പിഡബ്ല്യുസി മറുപടി നൽകിയിട്ടില്ല. പിഡബ്ല്യുസിയും ഇടനില ഏജൻസിയായ വിഷൻ ടെക്നോളജിയും സ്വപ്നയ്ക്കെതിരെ നിയമനടപടിക്കു പോകുമെന്നും സൂചനയുണ്ട്.

ഉന്നത ഇടപെടലിന് സംശയമേറുന്നു

വിവാദമാരംഭിച്ച ആദ്യ ദിവസം തന്നെ സ്വപ്നയുടെ സേവനം ആവശ്യമില്ലെന്നു പിഡബ്ല്യുസിയോട് ഐടി വകുപ്പ് പറഞ്ഞെങ്കിലും ക്രിമിനിൽ പശ്ചാത്തലമുള്ള ഒരാളെ സർക്കാർ സംവിധാനത്തിലേക്ക് കയറ്റിവിട്ടതു സംബന്ധിച്ച് ഒരു വാക്കു പോലും ചോദിച്ചില്ല. അഞ്ചാം ദിവസം സ്വപ്നയുടെ ബിരുദം വ്യാജമെന്ന് തെളിഞ്ഞതോടെയാണു പേരിനെങ്കിലും നോട്ടിസ് അയച്ചത്.

പിഡബ്ല്യുസിക്കെതിരെ നടപടിയെടുക്കാനുള്ള മടി സ്വപ്നയുടെ നിയമനത്തിൽ ഉന്നത ഇടപെടലുണ്ടെന്ന സംശയം ശക്തമാക്കുന്നു.  കഴിഞ്ഞ ഒക്ടോബർ 21 മുതൽ ഈ ഏപ്രിൽ 20 വരെയായിരുന്നു സ്വപ്നയുടെ കരാർ. എന്നാൽ, വിഎസ്‍എസ്‍സിയിൽ‌ നിന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥൻ ചുമതല ഏൽക്കുന്നതു വരെ തുടരണമെന്ന വ്യവസ്ഥയിൽ കരാർ നീട്ടിക്കൊടുത്തു. എന്നാൽ അദ്ദേഹം ഇതുവരെ ചാർജ് എടുത്തിട്ടില്ല.

പഴിചാരൽ മാത്രം; ഉത്തരവാദി ആര്?

സ്വപ്ന എത്തിയതിന്റെ ഉത്തരവാദിത്തം പിഡബ്ല്യുസിക്കാണെന്ന് ഐടി വകുപ്പ് പറയുമ്പോൾ, പിഡബ്ല്യുസി പഴിചാരുന്നത് ഇടനില ഏജൻസിയായ വിഷൻ ടെക്നോളജിയെ. വിഷൻ ടെക്നോളജി വിരൽ‌ചൂണ്ടുന്നത് സ്വപ്നയുടെ പശ്ചാത്തല പരിശോധന നടത്തിയ ‘നോവൈ’ എന്ന ഏജൻസിയെയും. ആരും ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല. 

സ്പേസ് പാർക്ക് സ്പെഷൽ ഓഫിസർ അടക്കമുള്ളവർ അഭിമുഖം നടത്തിയാണ് സ്വപ്നയെ നിയമിച്ചത്. ശമ്പളമടക്കമുള്ള കൺസൽറ്റൻസി ചാർജ് സർക്കാരിൽ നിന്ന് വാങ്ങുന്നത് പിഡബ്ല്യുസിയാണ്. അതുകൊണ്ടു തന്നെ പിഡബ്ല്യുസിക്കും ഐടി വകുപ്പിനും ഒഴിഞ്ഞുനിൽക്കാനാവില്ല.

MORE IN KERALA
SHOW MORE
Loading...
Loading...