‘ടീച്ചറെ, പാലത്തായി കുഞ്ഞിനെ ഓർമയില്ലേ?’; നിരാഹാരമിരുന്ന് രമ്യ ചോദിക്കുന്നു

ramya-shailaja-palathayi
SHARE

‘ശൈലജ ടീച്ചറേ... പാലത്തായിയിലെ ആ കുഞ്ഞിനെ ഓർമയുണ്ടോ? നിങ്ങളുടെ പൊലീസ് അറസ്റ്റ് ചെയ്യാൻ മടിച്ച അധ്യാപകനായ ബിജെപി നേതാവ് പീഡനത്തിനിരയാക്കിയ നാലാം ക്ലാസുകാരി. ടീച്ചറിന്റെ മണ്ഡലത്തിലാണ് ആ കുട്ടി. കേസിൽ പൊലീസ് ഇതുവരെ കുറ്റപത്രം സമർപ്പിക്കാതെ പ്രതിക്കൊപ്പം തുടരുകയാണ്. വലിയ കരുതലുള്ള ടീച്ചർ, സ്വന്തം മണ്ഡലത്തിലെ ആ കുഞ്ഞിനോട് എന്തു കരുതലാണ് കാണിക്കുന്നത്..’ 

ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറോട് രമ്യാ ഹരിദാസ് എംപിയുടെ ചോദ്യമാണ്. ബിജെപി നേതാവ് പത്മരാജന്‍ പ്രതിയായ പാലത്തായിയിലെ പോക്‌സോ കേസില്‍ ക്രൈം ബ്രാഞ്ച് 90 ദിവസത്തിനോട് അടുക്കുമ്പോഴും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഇതിനെതിരെ രമ്യാ ഹരിദാസ് അടക്കമുള്ളവർ ഇന്ന് നിരാഹാരസമരം നടത്തുകയാണ്.

രമ്യ പറയുന്നു: ‘കഷ്ടമാണ്. ബിജെപി നേതാവിന് ജാമ്യം കിട്ടാൻ ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. 90 ദിവസം തികയാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. വലിയ വിവാദങ്ങൾക്ക് പിന്നാലെയാണ് പ്രതിയെ പിടിക്കാൻ പോലും പൊലീസ് തയാറായത്. അന്ന് കേരളം പ്രതിഷേധിച്ചതാണ്. ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ അന്ന് പൊലീസ് നടപടിയെ വിമർശിച്ചിരുന്നു. എന്നിട്ട് ഇപ്പോഴും പൊലീസ് പ്രതിയെ രക്ഷിക്കാനുള്ള വഴി നോക്കുകയാണ്. ഇതിനെതിരെയാണ് ഞങ്ങളുടെ നിരാഹാരസമരം. വാളയാറിൽ കുഞ്ഞുങ്ങൾക്ക് സംഭവിച്ചതു പോലെ ഇവിടെയും നീതി നിഷേധിക്കുകയാണ്. ആ കുഞ്ഞിന്റെ മുഖവും പ്രായവും ഒന്നോർത്തുനോക്കൂ...’ രമ്യ പറയുന്നു.

ഇന്ന് രാവിലെ ആറുമണി മുതൽ വൈകിട്ട് ആറു മണിവരെ രമ്യാ ഹരിദാസ് അടക്കം പത്തോളം വനിതകൾ നിരാഹാരസമരം നടത്തുകയാണ്. കേസിൽ ബിജെപി നേതാവ് പത്മരാജൻ അറസ്റ്റിലായി 86 ദിവസം കഴിഞ്ഞിട്ടും ക്രൈംബ്രാഞ്ച് ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. കെ.കെ.ശൈലജയുടെ മണ്ഡലത്തിൽ തന്നെയാണ് കേരളത്തെ നടുക്കിയ പാലത്തായി പീഡനം നടന്നത്. കുട്ടിയുടെ അധ്യാപകൻ കൂടിയായ പത്മരാജനെ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...