ഫെമ’ ലംഘിച്ചു, അന്വേഷിക്കാൻ ഇഡിയും; എന്തും കണ്ടുകെട്ടാൻ ഒരുങ്ങി എൻഐഎ

swapna-sarith-nia
SHARE

ന്യൂഡൽഹി: കേരളത്തിലെ ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്തു കേസിന്റെ അന്വേഷണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) പങ്കുചേരും. കേസിൽ വിദേശനാണയ വിനിമയ നിയന്ത്രണച്ചട്ടം (ഫെമ) ലംഘിച്ചിട്ടുണ്ട് എന്ന സംശയത്തിലാണിത്. നിലവിൽ കസ്റ്റംസും ദേശീയ അന്വേഷണ ഏജൻസിയുമാണ് അന്വേഷണ രംഗത്തുള്ളത്. എന്നാൽ അന്വേഷണത്തിന്റെ ഏതു ഘട്ടത്തിലും മറ്റ് ഏജൻസികളെക്കൂടി കൊണ്ടുവരാൻ തയാറാകുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരത്തെ സ്വർണക്കടത്തു മാത്രമല്ല, കേരളത്തിൽ പലയിടത്തായി നടക്കുകയും അന്വേഷണം എങ്ങുമെത്താതെ നിൽക്കുകയും ചെയ്യുന്ന എല്ലാ കേസുകളും എൻഐഎ അന്വേഷിക്കും. ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഈ പണം ലഭ്യമാകുന്നുണ്ടോ എന്നതും അന്വേഷണത്തിന്റെ മുഖ്യപരിധിയിൽ വരുന്ന വിഷയമാണ്. തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളിലെ അറസ്റ്റ് ആയതിനാൽ മറ്റു വിപുലമായ അധികാരങ്ങളും എൻഐഎക്കുണ്ട്.

ക്രിമിനൽ പ്രൊസീജിയർ കോഡ് പ്രകാരം കോടതിയിൽ നിന്നുള്ള അനുമതി ലഭിച്ച ശേഷമേ പ്രതികളുടെ സ്ഥലങ്ങളിൽ അന്വേഷണം നടത്താനോ വസ്തുവകകൾ കണ്ടുകെട്ടാനോ കഴിയുള്ളൂ. എന്നാൽ യുഎപിഎ പ്രകാരം ഇതൊന്നും ആവശ്യമില്ല. പ്രതികളുടെ സ്ഥലങ്ങൾ പരിശോധിക്കാനും ബാങ്ക് അക്കൗണ്ടുകളടക്കം എന്തും കണ്ടുകെട്ടാനും എൻഐഎ അന്വേഷണ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്. ഡിവൈഎസ്പി റാങ്കിനും അതിനു മുകളിലുമുള്ള ഒാഫിസർമാർ തന്നെ അന്വേഷിക്കണം എന്നേയുള്ളൂ.

പ്രതികളുടെ വസ്തുവകകൾ കണ്ടുകെട്ടാൻ അതതു സംസ്ഥാനത്തെ ഡിജിപിയുടെ അനുമതി വേണമെന്നായിരുന്നു ആദ്യത്തെ യുഎപിഎ നിയമത്തിൽ ഉണ്ടായിരുന്നത്. എന്നാൽ സ്വർണവുമായി ബന്ധപ്പെട്ട കേസുകളിൽ പലപ്പോഴും ഡീമാറ്റ് വഴിയും ഡിജിറ്റൽ വഴിയും ഗോൾഡ് ബോണ്ടുകൾ നിമിഷനേരം കൊണ്ടു മാറ്റാൻ കഴിയുമെന്നതിനാൽ ഇവ കണ്ടുകെട്ടാൻ സംസ്ഥാന ഡിജിപിയുടെ അനുമതി വേണമെന്നില്ല. പകരം എൻഐഎ ഡയറക്ടർ ജനറലിനു തന്നെ അനുമതി നൽകാം.

MORE IN KERALA
SHOW MORE
Loading...
Loading...