പൂന്തുറയിൽ ദ്രുതപ്രതികരണ സംഘം: 24 മണിക്കൂറും പ്രവർത്തിക്കും

quick-response
SHARE

തിരുവനന്തപുരത്ത് പൂന്തുറ പ്രദേശങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി റവന്യു-പോലീസ്-ആരോഗ്യ ഉദ്യോഗസ്ഥരെ ഉൾക്കൊള്ളിച്ച് ദ്രുതപ്രതികരണ സംഘം  രൂപീകരിച്ചു. തഹസിൽദാറിനും ഇൻസിഡന്റ് കമാന്റർക്കും കീഴിലാകും ടീമിന്റെ പ്രവർത്തനം. സംഘം ഇരുപത്തിനാലുമണിക്കൂറും പ്രവർത്തിക്കുമെന്ന് ജില്ലാ കലക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു 

പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പളളി എന്നിവടങ്ങള്‍ കേന്ദ്രീകരിച്ചാണ് ദ്രുതപ്രതികരണ സംഘം അഥവാ ക്വിക് റസ്പോണ്‍സ് ടീം  പ്രവര്‍ത്തിക്കുക. ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണിലേക്കുള്ള ചരക്കുവാഹന നീക്കം, വെള്ളം, വൈദ്യുതി, തുടങ്ങി എല്ലാ പ്രവർത്തനങ്ങളും സംഘം നിരീക്ഷിക്കും. പോലീസ്, ആരോഗ്യ വകുപ്പ് എന്നിവയിൽ നിന്നും ഓരോ ഉദ്യോഗസ്ഥർ സംഘത്തിനൊപ്പം 24 മണിക്കൂറുമുണ്ടാകും. പൂന്തുറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ആവശ്യമായ ജീവനക്കാരെയും ആംബുലൻസ് അടക്കമുള്ള എല്ലാ സൗകര്യങ്ങളും 24 മണിക്കൂറും പ്രവർത്തിക്കാൻ നിർദ്ദേശം നൽകി. പ്രദേശത്തുള്ള ആശുപത്രികൾ ഒരുകാരണവശാലും ചികിത്സ നിഷേധിക്കാൻ പാടില്ല. കോവിഡ് രോഗലക്ഷണമുള്ള രോഗികളെത്തിയാൽ അവരെ നിർബന്ധമായും പരിശോധിക്കണം.  പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലുള്‍പ്പെടെ ശ്വാസകോശ പ്രശ്നങ്ങളുമായെത്തുന്നവരെ സ്രവ പരിശോധനയക്ക് വിധേയമാക്കാനാണ് തീരുമാനം. ബ്ലോക്ക് തലങ്ങളില്‍ സ്രവ പരിശോധന വ്യാപകമാക്കും. ആയിരത്തി അഞ്ഞൂറ് പേരെ വീതം പരിശോധിക്കും.

അവശ്യസാധനങ്ങള്‍ ലഭ്യമാക്കാന്‍ മൊബൈൽ മാവേലി സ്റ്റോർ, മൊബൈൽ എ.ടി.എം എന്നിവ രാവിലെ 10 മുതൽ 5 വരെ  പ്രദേശങ്ങളിൽ പ്രവർത്തിക്കും. രോഗികളുടെ എണ്ണം കൂടിയാല്‍‍‍ ഓഡിറ്റോറിയവും, പള്ളിവക ഹാളും ഏറ്റെടുത്ത് രോഗികളെ പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്. വിഴിഞ്ഞം ഉള്‍പ്പെടെയുള്ള തീരമേഖലകളിലേക്കും തീവ്ര പരിശോധന വ്യാപിപിച്ചു. പൂന്തുറയ്ക്ക് സമീപമുള്ള വളളക്കടവ്, ബീമാപളളി, ബീമാപളളി ഈസ്ററ്, വലിയതുറ, മുട്ടത്തറ എന്നിവടങ്ങളിലും വീടുകള്‍ സന്ദര്‍ശിച്ച് ശ്വാസകോശ സംബന്ധമായ മറ്റു രോഗങ്ങള്‍ ബാധിച്ചവരുണ്ടോ എന്ന് കണ്ടെത്താന്‍ ശ്രമംതുടങ്ങി. ഇവര്‍ക്ക് ആന്‍റിജന്‍ ടെസ്റ്റുകള്‍ തുടങ്ങി.

MORE IN KERALA
SHOW MORE
Loading...
Loading...