കരാർ പൂർത്തിയായി, ജോലികൾ നിലച്ചു; മിഴിപൂട്ടി 104 ക്യാമറകൾ

camera
SHARE

കാസര്‍കോട് ജില്ലയില്‍ പൊലീസിന്റെ നിരീക്ഷണ ക്യാമറകളില്‍ ഭൂരിഭാഗവും പ്രവര്‍ത്തനരഹിതമായി.  സമയബന്ധിതമായി അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ് ക്യാമറകള്‍ മിഴിപൂട്ടാന്‍ കാരണം. പുതിയത് സ്ഥാപിക്കുന്നതിനുള്ള നടപടികളും എങ്ങുമെത്തിയില്ല. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ജില്ലയിലെ 104 ക്യാമറകള്‍ ഇന്ന് വെറും നോക്കുകുത്തികളാണ്. 

നിരത്തിലേയ്ക്ക് നീണ്ടു നില്‍ക്കുന്ന ക്യാമറകളെ പേടിച്ചാണ് പലരും ഗതാഗത നിയമങ്ങള്‍ പാലിക്കുന്നത്. പല കേസുകളിലും പൊലീസിന് നിര്‍ണായക തെളിവുകള്‍ ലഭിക്കുന്നതും ഈ ക്യാമറ കണ്ണുകളില്‍ നിന്നു തന്നെ. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിട്ടും കാസര്‍കോട് ജില്ലയില്‍ പൊലീസിന്റെ സിസിടിവി ക്യാമറകള്‍ പാടെ അവഗണിക്കപ്പെട്ട അവസ്ഥയിലാണ്. അഞ്ചു വര്‍ഷം മുമ്പാണ് ജില്ലയെ രണ്ടു മേഖലകളായി തിരിച്ച് 

കുറ്റകൃത്യങ്ങള്‍ തടയുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ക്യാമറകള്‍ സ്ഥാപിച്ചത്. കാഞ്ഞങ്ങാട് മേഖലയില്‍ 32 ക്യാമറകളും, കാസര്‍കോട് 72 ക്യാമറകളും സ്ഥാപിച്ചു. ഇവയുടെ അറ്റകുറ്റപണികള്‍ക്കുള്ള കരാര്‍ കെല്‍ട്രോണിനായിരുന്നു. കരാര്‍ കാലാവധി പൂര്‍ത്തിയായതോടെ ജോലികളും നിലച്ചു. ഇതോടെയാണ് ക്യാമറകള്‍ ഒന്നിനു പുറെകെ ഒന്നായി മിഴിപൂട്ടാന്‍ തുടങ്ങിയത്.  90 ശതമാനം ക്യാമറളിലേയ്ക്കുള്ള വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടിട്ട് നാളേറെയായി. മിക്കവയുടെ ഹാര്‍ഡ് ഡിസ്ക്കുകളും തകരാറിലാണ്. അനുബന്ധ ഉപകരണങ്ങളും നാശത്തിന്റെ വക്കില്‍ തന്നെ. പുതിയ ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ഒരു വര്‍ഷം മുമ്പ് ആരംഭിച്ചിരുന്നു. എന്നാല്‍ നിരീക്ഷണ ക്യാമറകളുടെ കണക്കെടുത്തതിനപ്പുറം ജോലികള്‍ മുന്നോട്ട് പോയില്ല.നിലവില്‍ കേസന്വേഷണത്തിനായി സ്വകാര്യ വ്യക്തികളും, വ്യാപാരികളും സ്ഥാപിച്ച ക്യാമറകളെയാണ് പൊലീസ് ആശ്രയിക്കുന്നത്. 

MORE IN KERALA
SHOW MORE
Loading...
Loading...