മാധ്യമങ്ങൾക്ക് നൽകിയ ശബ്ദസന്ദേശം; കേന്ദ്ര ഇന്റലിജൻസിന് വഴിതെളിയിച്ചു

swapna-hotel
SHARE

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്തു കേസിൽ പ്രതികളായ സ്വപ്ന സുരേഷും സന്ദീപും ശനിയാഴ്ച ഉച്ചയോടെ തന്നെ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) വലയിൽ ആയിരുന്നതായി വിവരം. വൈകിട്ട് ഏഴു മണിയോടെയാണ് ബെംഗളൂരുവിലെ ഹോട്ടലിൽ എൻഐഎ ബെംഗളൂരു യൂണിറ്റിലെ ഉദ്യോഗസ്ഥർ ഇവരെ പിടികൂടുന്നത്.

ഫോൺ ഉൾപ്പെടെ പിന്തുടർന്നു പിടിക്കാൻ സഹായിക്കുന്ന ഒന്നും കയ്യിൽ കരുതാതെയായിരുന്നു സ്വപ്ന യാത്ര ചെയ്തിരുന്നത്. എന്നാൽ മകൾ ഉപയോഗിച്ച ഫോൺ ഇവർക്ക് കുരുക്കാകുകയായിരുന്നു. സ്വപ്നയ്ക്കൊപ്പം അവരുടെ ഭർത്താവും മക്കളും പ്രതി സന്ദീപും യാത്ര ചെയ്ത് ബെംഗളൂരുവിൽ എത്തി. ഇവർക്ക് താമസിക്കാൻ എത്തിയ ഹോട്ടൽ ഉൾപ്പെടെയുള്ള വിവരങ്ങൾ കേന്ദ്ര ഇന്റലിജൻസ് എൻഐഎയെ അറിയിച്ചിരുന്നു. തുടർന്നാണ് ഇവിടെ തമ്പടിച്ച സംഘം ഹോട്ടലിലുള്ളത് സ്വപ്നയും സംഘവും തന്നെയെന്ന് ഉറപ്പാക്കി പിടികൂടിയത്. 

മാധ്യമങ്ങളിലൂടെ പുറത്തു വന്ന ശബ്ദ സന്ദേശം കേന്ദ്ര ഇന്റലിജൻസിന് ഇവരെ പിന്തുടരാൻ സഹായകമായെന്നും സൂചനയുണ്ട്. സന്ദേശങ്ങൾ പല ഫോണുകൾ കൈമാറിയാണ് മാധ്യമപ്രവർത്തകർക്ക് ലഭിച്ചത് എങ്കിലും സന്ദേശത്തിന്റെ ഉറവിട ഐപി വിലാസം തിരിച്ചറിഞ്ഞ് അതിനെ വെള്ളിയാഴ്ച മുതൽ തന്നെ കേന്ദ്ര ഇന്റലിജൻസ് പിന്തുടരുന്നുണ്ടായിരുന്നു. ഇതിൽ നിന്ന് വന്നതും പോയതുമായ ഫോണുകളെല്ലാം ഏജൻസി പരിശോധനയ്ക്ക് വിധേയമാക്കി. ദേശവിരുദ്ധ പ്രവർത്തനത്തിന്റെ പരിധിയിൽ വരുന്ന കേസു കൂടിയായതിനാൽ ഈ വിവരങ്ങൾ ശേഖരിക്കുന്നതിന് കേന്ദ്ര ഏജൻസികൾക്ക് സംസ്ഥാന പൊലീസിനുള്ളതു പോലെ കടമ്പകൾ വേണ്ട എന്നതും സ്വപ്നയ്ക്കായുള്ള കുരുക്കു മുറുക്കി. 

ബെംഗളൂരുവിൽ നിന്നു പുറപ്പെടുന്ന എൻഐഎ സംഘം പ്രതികളെ ഞായറാഴ്ച രാവിലെ തന്നെ കൊച്ചിയിൽ എത്തിക്കുമെന്നാണ് അറിയുന്നത്. നടപടിക്രമങ്ങൾ വൈകിയാൽ സുരക്ഷാ വിഷയം മുൻനിർത്തി യാത്ര ഞായറാഴ്ചത്തേക്കു മാറ്റിവയ്ക്കാനും ഇടയുണ്ട്. രാജ്യാന്തര ഭീകര സംഘടനകളുമായുള്ള ബന്ധം കൂടി പരിശോധിക്കുന്നതിനാൽ പ്രതികളുടെ സുരക്ഷ ഗൗരവമായാണ് ഏജൻസി കാണുന്നത്. അങ്ങനെ വന്നാൽ ഞായറാഴ്ച ബാംഗ്ലൂർ എൻഐഎ കോടതിയിൽ ഹാജരാക്കിയ ശേഷമായിരിക്കും ഇവരെ കൊച്ചിയിലേയ്ക്ക് കൊണ്ടുവരിക. 

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട വിലക്കുകൾ നിലനിൽക്കുമ്പോൾ ഇവർക്ക് കേരളം വിടുന്നതിന് ഉന്നതതല സഹായം ലഭിച്ചിട്ടുണ്ടാകാമെന്നും വിലയിരുത്തലുണ്ട്. ഇതിനിടെ ബിജെപി പിന്തുണയിലാണ് ബെംഗളൂരുവിൽ ഇവർ എത്തിയതെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദനും മറ്റും രാഷ്ട്രീയമുന വച്ചുള്ള ആരോപണം ഉയർത്തിയിട്ടുണ്ട്. പാവങ്ങളെപ്പോലും തടഞ്ഞുവയ്ക്കുന്ന പൊലീസ് എങ്ങനെയാണ് സ്വപ്നയെ വിട്ടയച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും ആവശ്യപ്പെട്ടു. ഇതോടെ തലസ്ഥാനത്തെ സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങൾ ബെംഗളൂരുവിലെ അറസ്റ്റിലും തുടരുമെന്ന് ഉറപ്പായി.

MORE IN KERALA
SHOW MORE
Loading...
Loading...