‘ഞാൻ വിഷ്ണുവിനെ എന്നും കാണുന്നുണ്ടല്ലോ..’; രോഗക്കിടക്കിയിലും കൈവിടാത്ത ഭക്തി; കുറിപ്പ്

karunakaran-vishnunadh
SHARE

കേരള രാഷ്ട്രീയത്തിലെ ഒരേയെരു ലീഡറുടെ ചിത്രമാണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്. കോൺഗ്രസ് നേതാക്കൾ എല്ലാം തന്നെ കെ. കരുണാകരന്റെ ചിത്രം പങ്കുവച്ച് അദ്ദേഹവുമായുള്ള ഓർമകൾ പങ്കുവച്ചു. ഇക്കൂട്ടത്തിൽ പി.സി വിഷ്ണുനാഥ് പങ്കുവച്ച കുറിപ്പ് ഏറേ ശ്രദ്ധേയമാണ്. ഏതു പ്രതിസന്ധിയിലും അദ്ദേഹം കൈവിടാത്ത ഭക്തിയും ചിരിയും നിറഞ്ഞുനിൽക്കുന്ന ആ ഓർമക്കുറിപ്പിൽ. 

കുറിപ്പ് വായിക്കാം: ലീഡർ കെ കരുണാകരന്റെ ജീവിത സായാഹ്നങ്ങളിൽ ഒരിക്കൽ, അദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ കാണാൻ ചെന്നതായിരുന്നു.ചെറുമയക്കം വിട്ട് കണ്ണ് തുറക്കാൻ ആയാസപ്പെടുന്നതിനിടെ ഞാൻ പറഞ്ഞു : ഞാൻ വിഷ്ണുവാണ്... ലീഡറെ കാണാൻ വന്നതാണ്. ഒരു ചെറുചിരിയോടെ പെട്ടന്നായിരുന്നു പ്രതികരണം: ‘ഞാനതിന് വിഷ്ണുവിനെ ദിവസവും കാണുന്നുണ്ടല്ലോ,,’ സാക്ഷാൽ മഹാവിഷ്ണു ഭക്തനായ ലീഡർ അങ്ങനെയല്ലാതെ എന്തു പറയാൻ!

ഏതൊരു പ്രതിസന്ധി ഘട്ടത്തിലും അദ്ദേഹത്തിന് തുണയായത് എല്ലാം പുഞ്ചിരിയോടെ നേരിടാനുള്ള കഴിവായിരുന്നു; ഒപ്പം ഭക്തിയും ജനങ്ങളിലുള്ള വിശ്വാസവും. കേരള രാഷ്ട്രീയത്തിൽ പകരക്കാരനില്ലാതെ, പ്രഭയോടെ അദ്ദേഹം ഇന്നും ജീവിക്കുന്നുണ്ടെന്ന് തോന്നാറുണ്ട്. കാസർഗോഡ് മുതൽ പാറശ്ശാല വരെ എവിടെ തിരിഞ്ഞാലും കെ കരുണാകരന്റെ കയ്യൊപ്പ് പതിഞ്ഞ ചെറുതും വലുതുമായ എത്രയോ വികസന നേട്ടങ്ങൾ- നെടുമ്പാശ്ശേരി വിമാനത്താവളം,

ഏഴിമല നേവൽ അക്കാദമി, പരിയാരം മെഡിക്കൽ കോളേജ്, കോഴിക്കോട് വിമാനതാവളം, കണ്ണൂർ സർവകലാശാല, കാലടി സംസ്കൃത സർവകലാശാല, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം തുടങ്ങി എത്രയെത്ര നിത്യസ്മാരകങ്ങൾ...

ഇന്ന് ഓർക്കുമ്പോൾ ശരിക്കും വിസ്മയമാണ് അദ്ദേഹം. കണ്ണൂരിൽ നിന്ന് തൃശൂരിലെത്തി, തൊഴിലാളികളെ സംഘടിപ്പിച്ച്, ക്വിറ്റിന്ത്യാ പ്രക്ഷോഭത്തിൽ പങ്കെടുത്ത് തുടങ്ങിയ പൊതുജീവിതം; കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിനും ഐക്യജനാധിപത്യ മുന്നണിക്കും കരുത്തുറ്റ നേതൃത്വമായി മാറി; മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായപ്പോഴും സാധാരണ പ്രവർത്തകനെ പേരെടുത്ത് വിളിക്കാൻ സാധിച്ച ബന്ധങ്ങൾ; പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും നിർണയിച്ച യഥാർത്ഥ കിംഗ് മേക്കർ; തികഞ്ഞ മതേതര പോരാളി. എതിരാളികൾക്ക് പോലും ഒരു ഘട്ടം കഴിഞ്ഞാൽ അംഗീകരിക്കേണ്ടി വന്ന രാഷ്ട്രീയ കർമ്മ കുശലതയായിരുന്നു ലീഡറുടേത്..പ്രതിസന്ധി ഘട്ടങ്ങളെ പുഞ്ചിരിയോടെ അദ്ദേഹം നേരിട്ട ശൈലി ഏതൊരു രാഷ്ട്രീയ പ്രവർത്തകനും മാതൃകയാണ്. കേരളത്തിന്റെ ഒരേ ഒരു ലീഡറുടെ ഓർമ്മകൾക്ക് മുമ്പിൽ നൂറ്റിമൂന്നാം ജന്മദിനത്തിൽ അഞ്ജലി..

MORE IN KERALA
SHOW MORE
Loading...
Loading...