പ്രവാസികളെ നാട്ടിലെത്തിക്കുന്നതില്‍ ഗുരുതര വീഴ്ച; കാസര്‍കോട് സ്വദേശികളെത്തിയത് 14 മണിക്കൂറിന് ശേഷം

pravasi-travel-02
SHARE

കരിപ്പൂരിലിറങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതില്‍ അധികൃതര്‍ക്ക് വീഴ്ച. രാവിലെ പത്തിന് കെ.എസ്.ആര്‍.ടി.സിയില്‍ കയറിയ കാസര്‍കോട് സ്വദേശികള്‍ വീട്ടിലെത്തിയത് പതിനാല് മണിക്കൂറിന് ശേഷം. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേക്കുള്ളവര്‍ പാലക്കാട് വരെയെത്തി പ്രവാസികളെയിറക്കിയ ശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്. കുപ്പിവെള്ളം മാത്രമായിരുന്നു വിശപ്പടക്കാന്‍ ഉണ്ടായിരുന്നതെന്നും പ്രവാസികള്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

വേഗത്തില്‍ വീടണയാന്‍ കൊതിച്ചാണ് രാവിലെ കെ.എസ്.ആര്‍.ടി.സിയില്‍ കയറിയത്. കോഴിക്കോട് ഭാഗത്തേക്ക് നീങ്ങുന്നതിന് പകരം ബസോടിയത് പാലക്കാട്ടേക്ക്. മലപ്പുറം വഴി പാലക്കാടെത്തി പ്രവാസികളെയിറക്കി. തിരികെ വീണ്ടും മലപ്പുറം വഴി കോഴിക്കോട്ടേക്ക്. ഇതിനിടയില്‍ പെരിന്തല്‍മണ്ണയിലെ ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയപ്പോള്‍ പ്രവാസികള്‍ക്ക് ആഹാരമില്ലെന്നറിയിച്ച് ഉടമ ഇവരെ മടക്കി. കോഴിക്കോടെത്തും വരെ കുപ്പിവെള്ളം മാത്രമായിരുന്നു ആശ്രയം. ആരും ഭക്ഷണം നല്‍കിയില്ല.  

രാവിലെ പത്തിന് ബസില്‍ കയറിയവര്‍ കണ്ണൂരിലിറങ്ങുമ്പോള്‍ രാത്രി ഒന്‍പത് മണി. കാസര്‍കോടുള്ളവരെത്തുമ്പോള്‍ രാത്രി പന്ത്രണ്ടിനോട് അടുത്തിരുന്നു. ക്വാറന്റിന്‍ ചട്ടം മറികടന്ന് പ്രവാസികളെ ഇത്രയേറെ ദൂരം അകാരണമായി യാത്ര ചെയ്യിപ്പിച്ചതില്‍ അധികൃതര്‍ക്കുണ്ടായത് ഗുരുതര വീഴ്ചയാണ്. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പ്രവാസികള്‍ അറിയിച്ചു. 

MORE IN KERALA
SHOW MORE
Loading...
Loading...