പ്രവാസികള്‍ കൂടുതലായി എത്തുന്നു; തിരുവനന്തപുരത്ത് തീരപ്രദേശത്തും ജാഗ്രത ശക്തമാക്കും

tvmpozhiyoor
SHARE

തിരുവനന്തപുരം നഗരമേഖലയ്ക്ക് പുറമേ തീരപ്രദേശത്തും ജാഗ്രത ശക്തമാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. പൊഴിയൂരുള്‍പ്പെടെയുള്ള തീരപ്രദേശത്ത് പ്രവാസികള്‍ കൂടുതലായി എത്തുന്നത് കണക്കിലെടുത്താണ് നിയന്ത്രണം കര്‍ശനമാക്കാന്‍ മുഖ്യമന്ത്രി അവലോകനയോഗത്തില്‍ നിര്‍ദേശം നല്‍കിയത്. അതേസമയം പാളയം, ചാല മാര്‍ക്കറ്റുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നഗരത്തിലെ മറ്റ് മാര്‍ക്കറ്റുകളിലേക്കും വ്യാപിപിച്ചേക്കും.

തിരുവനന്തപുരം നഗരമേഖലകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും തീരപ്രദേശത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. ഇത് കണക്കിലെടുത്താണ് തീര പ്രദേശമായ പൊഴിയൂരില്‍ ഉള്‍പ്പെടെ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചത്. വിദേശത്തുനിന്ന് കൂടുതല്‍ ആളുകള്‍ പൊഴിയൂരിലേക്ക് ഇനിയുള്ള ദിവസങ്ങളില്‍ വരാനുണ്ട്. ജില്ലയിലേക്ക് വരുന്ന പ്രവാസികളുടെ എണ്ണവും കൂടും. രോഗവ്യാപനം തടയാന്‍ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും കോര്‍പറേഷന്‍ പരിധിയിലും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ സെന്റര്‍ തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ആവശ്യമെങ്കില്‍ സ്വകാര്യ ഹോട്ടലുകളും ലോഡ്ജുകളും ഏറ്റെടുക്കാനും മന്ത്രിതല യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. അനുയോജ്യമായ വിടുകളോ കെട്ടിടങ്ങളോ കണ്ടെത്താന്‍ തദ്ദേശസ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. കുട്ടികളോ പ്രായുള്ളവരോ ഉള്ള വീടുകളിലും ക്വാറന്റീനില്‍ കഴിയാന്‍ സാഹചര്യമില്ലാത്തവര്‍ക്കും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ നല്‍കും. തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ വീടുകളിലെ സാഹചര്യം പരിശോധിച്ച ശേഷമായിരിക്കും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ അനുവദിക്കുക. ഇവരുടെ ഭക്ഷണവും താമസ സ്ഥലത്തെ ശുചീകരണവും തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കും. തിരുവനന്തപുരത്ത് കോവിഡ് രോഗികളുടെ എണ്ണം മറ്റ് ജില്ലകളെ അപേക്ഷിച്ച് കുറവാണെങ്കിലും ഉറവിടമറിയാതെ രോഗം സ്ഥിരീകരിച്ചവുടെ എണ്ണമാണ് ആശങ്കയേറ്റുന്നത്. അതേസമയം ചാല പാളയം മാര്‍ക്കറ്റുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം, ആള്‍ക്കൂട്ടം കണക്കിലെടുത്ത് പേരൂര്‍ക്കട, കുമരിചന്ത എന്നീ മാര്‍ക്കറ്റുകളില്‍ കൂടി ഏർപ്പെടുത്തേണ്ടി വരുമെന്നാണ് കോര്‍പറേഷന്റെ വിലയിരുത്തല്‍.

MORE IN KERALA
SHOW MORE
Loading...
Loading...