തുടരുന്ന പൊല്ലാപ്പ്; വേണ്ടത് സമഗ്ര ആപ്പ്; മദ്യം ഇനി ഇങ്ങനെയല്ലേ വില്‍ക്കേണ്ടത്..?

bev-q-article
SHARE

മദ്യവില്‍പന തുടങ്ങി ആഴ്ച മൂന്നായെങ്കിലും, ബവ്ക്യൂ ആപ്പ് വഴി പണി  കിട്ടിക്കൊണ്ടിരിക്കുകയാണെന്നാണ് ബവ്കോയുടേയും ഉപഭോക്താക്കളുടേയും പരാതി. ടോക്കണുകള്‍ ഏറെയും ബാറുകളിലേക്ക് പോകുന്നതാണ് ബവ്കോയ്ക്ക് തിരിച്ചടിയാകുന്നത്. ഓരോ ദിവസവും കോടിക്കണക്കണക്കിന് രൂപയുടെ വരുമാനനഷ്ടമാണ് ഇത് ബവ്കോയ്ക്ക് സൃഷ്ടിക്കുന്നത്.     

സമാനമായ പരാതിയാണ് ഉപഭോക്താക്കള്‍ക്കും ഉള്ളത്.  കൂടുതല്‍ പേര്‍ക്കും ടോക്കണ്‍ കിട്ടുന്നത് ബാറുകളിലേക്കാണ്. ബാറുകളില്‍ ക്യൂ നിന്ന് കൗണ്ടറിലെത്തുമ്പോഴായിരിക്കും ഇഷ്ട ബ്രാന്‍ഡുകള്‍ ഇല്ലെന്നറിയുന്നത്. വാങ്ങാതെ പോന്നാല്‍ നാലുദിവസം കഴിഞ്ഞേ വീണ്ടും ബുക്ക് ചെയ്യാന്‍ കഴിയൂ എന്നതിനാല്‍ ഏതെങ്കിലും ബ്രാന്‍ഡ് വാങ്ങി തിരിച്ചുപോരേണ്ട ഗതികേടിലാണ് ഉപഭോക്താക്കള്‍.    

അനുയോജ്യമായ സമയം തിരഞ്ഞെടുക്കാന്‍ കഴിയാത്തതും ഉപഭോക്താക്കളുടെ പരാതിക്കിടയാക്കുന്നു. രാവിലെ ഒന്‍പതുമുതല്‍ അഞ്ചുവരെയാണ് വില്‍പന സമയം എന്നതിനാല്‍ ജോലിയുള്ളവര്‍ക്ക് ഒഴിവുകണ്ടെത്തി മദ്യം വാങ്ങാന്‍ പ്രയാസമാണ്. ഇടവേളകളില്‍ എപ്പോഴെങ്കിലും മദ്യം വാങ്ങാമെന്ന് കരുതി ബുക്ക് ചെയ്താലും കിട്ടുന്നത് മറ്റേതെങ്കിലും സമയമായിരിക്കും. ബവ്ക്യൂ ആപ്പില്‍ സ്വന്തം പിന്‍കോഡ് അടിച്ചുകൊടുത്ത പലര്‍ക്കും കിട്ടുന്നത് കിലോമീറ്ററുകള്‍ അപ്പുറത്തുള്ള ബാറുകളാണ്. അതുകൊണ്ടുതന്നെ ബുക്ക് ചെയ്ത പലര്‍ക്കും മദ്യം വാങ്ങാന്‍ പോകാന്‍ പറ്റുന്നില്ല. അതും മദ്യവില്‍പന പ്രതീക്ഷിച്ചതിലും ഏറെ കുറയാന്‍ ഇടയാക്കുന്നുണ്ട്.   

വേണ്ടത് സമഗ്രമായ ആപ്പ്

തട്ടിക്കൂട്ടി തയാറാക്കിയ ബവ്ക്യൂ ആപ്പിനു പകരം, മദ്യം വാങ്ങാന്‍ സമഗ്രമായ ആപ്പ് തയാറാക്കണമെന്നാണ് ഉയരുന്ന ആവശ്യം. ഇഷ്ടമുള്ള ബ്രാന്‍ഡ്, ഇഷ്ടമുള്ള സ്ഥലത്തുനിന്ന് അനുയോജ്യമായ സമയത്ത് വാങ്ങാന്‍ സൗകര്യമൊരുക്കണം. 

ഓരോ ഷോപ്പിലും ഏതൊക്കെ ബ്രാന്‍ഡുകള്‍  ലഭ്യമാണെന്ന് അറിയാന്‍ കഴിയണം. ഓരോന്നിന്റെ വിലയും ആപ്പ് വഴി അറിയാനാകണം.  ഓരോന്നും വിറ്റുപോകുന്നത് ഓണ്‍ലൈനായി അപ്ഡേറ്റ് ചെയ്യണം. ഡെബിറ്റ് കാര്‍ഡുകളോ നെറ്റ് ബാങ്കിങ്ങോ വഴി പണം അടയ്ക്കാന്‍ കഴിയണം.  ബുക്ക് ചെയ്ത മദ്യം തിരക്കു കുറഞ്ഞ സമയത്ത് എത്തി വാങ്ങാന്‍ കഴിയണം.

സാങ്കേതികവിദ്യ ഇത്രയും പുരോഗമിച്ച കാലത്ത് ഇത്തരമൊരു ആപ്പ് ഡെവലപ് ചെയ്യാന്‍ അധികം ബുദ്ധിമുട്ട് വേണ്ടിവരില്ല. ഇഷ്ടമുള്ള സിനിമ, ഇഷ്ടമുള്ള തിയറ്ററുകളില്‍ സൗകര്യപ്രദമായ സമയത്ത് ബുക്ക് ചെയ്യാന്‍ കഴിയുന്ന വിധത്തിലുള്ള വെബ് പ്ലാറ്റ്ഫോമുകളെല്ലാം വളരെ സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ട്. സമാനമായ രീതിയില്‍ മദ്യവില്‍പനയ്ക്ക് ആപ്ലിക്കേഷന്‍ തയാറാക്കിയാല്‍ ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടും. 

ഓരോ ഷോപ്പിലേയും സ്റ്റോക്ക് വിവരങ്ങള്‍ ഓണ്‍ലൈന്‍ ആകുന്നതോടെ, വ്യാജമദ്യമെന്ന ഭീഷണിയും ഒഴിവാകും. സര്‍ക്കാരില്‍ നിന്ന് വാങ്ങുന്ന മദ്യമെത്ര, വില്‍ക്കുന്ന മദ്യമെത്ര എന്നതെല്ലാം കൃത്യമായ ഓണ്‍ലൈന്‍ ഓഡിറ്റിനു വിധേയമാക്കാന്‍ കഴിയും. ഒപ്പം ജനപ്രിയ ബ്രാന്‍ഡുകള്‍ ഏതൊക്കെയെന്ന് തിരിച്ചറിഞ്ഞ് അവ കൂടുതല്‍ സ്റ്റോക് ചെയ്യാന്‍ ബവ്റിജസ് കോര്‍പറേഷന് കഴിയും. 

സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്ത, ആപ്പ് കൈകാര്യം ചെയ്യാന്‍ അറിയാത്തവര്‍ക്കും മദ്യം വാങ്ങാന്‍ സംവിധാനം ഒരുക്കണം. കൂടുതല്‍ കൗണ്ടറുകളുള്ള ഔട്ട്‌ലെറ്റുകളില്‍ ഒരു കൗണ്ടര്‍ ഇവര്‍ക്കായി നീക്കിവയ്ക്കുന്നതാകും ഉചിതം. അല്ലെങ്കില്‍ ഉചിതമായ മറ്റേതെങ്കിലും സംവിധാനം കണ്ടെത്തണം. 

മദ്യവില്‍പനശാലകളിലെ തിരക്ക് ഇപ്പോള്‍ തന്നെ കുറഞ്ഞു. ബവ്ക്യൂ ആപ്പിന്റെ പ്രസക്തിയും കുറഞ്ഞു. ബവ്ക്യൂ ആപ്പ് ഒഴിവാക്കുകയാണെങ്കിലും മദ്യവില്‍പന പഴയ  രീതിയിലേക്ക് പോകുന്നത് ശരിയല്ല. സര്‍ക്കാരിന് കോടിക്കണക്കിനു രൂപയുടെ നികുതി വരുമാനം ലഭിക്കുന്ന മദ്യവില്‍പന പരമ്പരാഗത രീതിയില്‍ നിന്ന് മാറേണ്ട സമയം അതിക്രമിച്ചു. നികുതിദായകരെ പൊരിവെയിലില്‍ ക്യൂ നിര്‍ത്തുന്ന സമ്പ്രദായം മാറ്റാന്‍ അനുയോജ്യമായ അവസരമായി ഈ കാലഘട്ടത്തെ കാണണമെന്നാണ് ഉയര്‍ന്നുവരുന്ന വികാരം. 

MORE IN KERALA
SHOW MORE
Loading...
Loading...