‘ബില്ലുണ്ടോ സാറേ ഷോക്കടിപ്പിക്കാന്‍’; മീറ്റര്‍ റീഡര്‍മാർക്ക് ചീത്തവിളി; കയ്യേറ്റം

kseb-bill
SHARE

‘ബില്ലുണ്ടോ സാറേ ഷോക്കടിപ്പിക്കാന്‍’ എന്ന ആമുഖത്തോടെ പലയിടങ്ങളിലും ജനങ്ങള്‍ സ്വീകരിക്കുമ്പോൾ, കടുത്ത മാനസിക സമ്മർദത്തിൽ ജോലി ചെയ്യുകയാണ് കെഎസ്ഇബിയുടെ മീറ്റർ റീഡർമാർ. കെഎസ്ഇബി ബില്ലുകളെ സംബന്ധിച്ച് വ്യാപകമായ ആക്ഷേപങ്ങളുയരുമ്പോൾ, ജനങ്ങളുമായി നേരിട്ട് ഇടപെടേണ്ട മീറ്റർ റീഡർമാർ നേരിടുന്നത് പല തരത്തിലുള്ള വെല്ലുവിളികളാണ്.

ലോക്‌ഡൗണിൽ സാമ്പത്തികമായി തകർന്നവരുടെ മുന്നിലേക്കാണു റീഡർമാർ എത്തുന്നത്. ശാപവാക്കുകളും അധിക്ഷേപങ്ങളും ചിലയിടങ്ങളിൽ കയ്യേറ്റത്തിന്റെ വക്കിലെത്തുന്നു. കഴിഞ്ഞ തവണത്തേക്കാൾ ഉയർന്ന ബിൽത്തുക രേഖപ്പെടുത്തുമ്പോൾ ഉപഭോക്താവിന്റെ സംശയങ്ങൾ തീർക്കേണ്ട ബാധ്യത റീഡർക്കാണ്. ‘ഉപഭോക്താക്കളുടെ സംശയം തീർക്കാൻ വളരെയധികം സമയം ചെലവഴിക്കേണ്ടിവരുന്നുണ്ട്. ദേഷ്യത്തോടെയാണു പല വീട്ടുകാരും പെരുമാറുന്നത്. ചിലയിടങ്ങളിൽ അത് മോശം പദപ്രയോഗങ്ങളിലേക്കും കടക്കുന്നു’– ഒരു മീറ്റർ റീഡർ ‘മനോരമ ഓൺലൈനോട്’ പറഞ്ഞു.

വൈദ്യുതി ബില്ലിന്റെ ഘടന സങ്കീർണമായതിനാൽ വിശദീകരിച്ച് മനസ്സിലാക്കാനും പ്രയാസമാണ്. എത്ര വിശദീകരിച്ചാലും സംശയം മാറാത്ത ഉപഭോക്താക്കള്‍ ബില്ലിൽ തട്ടിപ്പെന്ന വാദത്തിൽ ഉറച്ചു നിൽക്കുന്നതോടെ മീറ്റർ റീഡർ വെട്ടിലാകും. ‘അവൻ വന്ന് തോന്നിയ ബിൽ എഴുതിയിട്ടുപോകുന്നു എന്ന വാക്കുകളാണ് വീടുകളിൽനിന്ന് ഇറങ്ങുമ്പോൾ കേൾക്കുന്നത്’– മറ്റൊരു മീറ്റർ റീഡർ പറയുന്നു.

മീറ്ററിലെ യൂണിറ്റ് പരിശോധിച്ച് ബിൽ തുക കണക്കുകൂട്ടുന്നതു മീറ്റർ റീഡറല്ല. കയ്യിലുള്ള മെഷീനിൽ മീറ്റർ റീഡർ യൂണിറ്റ് രേഖപ്പെടുത്തും. മെഷീനാണ് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ബിൽ നൽകുന്നത്. എന്നാൽ റീഡറുടെ കണക്കുകളിലെ പിഴവാണ് ബിൽത്തുക ഉയരാൻ കാരണമെന്ന ആരോപണവും അവർക്ക് നേരിടേണ്ടിവരുന്നു. ഉപഭോക്താക്കളോട് ദേഷ്യപ്പെടരുതെന്നും അവരുടെ സംശയങ്ങൾ തീർക്കണമെന്നുമാണ് മീറ്റർ റീഡർമാർക്കുള്ള നിർദേശം. സംശയങ്ങൾ ശേഷിക്കുന്നവരോട് കെഎസ്ഇബി ഓഫിസുകളിലെത്താനും നിര്‍ദേശിക്കുന്നുണ്ട്.

കെഎസ്ഇബിക്ക് സ്ഥിരം മീറ്റർ റീഡർമാർ കുറവാണ്. കരാർ ജീവനക്കാരാണ് അധികവും. 1800 മീറ്റർ റീഡർമാരാണ് കെഎസ്ഇബി കരാർ തൊഴിലാളി ഫെഡറേഷനിലുള്ളത്. ബിൽത്തുക ഉയർന്നത് മീറ്റർ റീഡർമാർക്ക് പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്ന് സംഘടനയുടെ ഓർഗനൈസിങ് സെക്രട്ടറി അനിൽകുമാർ പറഞ്ഞു. ഒരു മീറ്ററിൽ റീഡിങ് എടുത്താൽ 7.37 രൂപയാണ് റൂറലിൽ ലഭിക്കുന്നത്.

റൂറലിൽ ഒരു ദിവസം 75 റീഡിങ് എടുക്കണം. ഉൾപ്രദേശങ്ങളിലും മലയോര മേഖലകളിലും 50 റീഡിങ്. മുനിസിപ്പാലിറ്റികളിൽ 90 ഉം കോർപ്പറേഷനിൽ 110 ഉം. കരാർ തൊഴിലാളികൾക്ക് ഇതിൽ കൂടുതൽ റീഡിങ് എടുക്കേണ്ടിവരുന്നുണ്ട്. അധികം ചെയ്യുന്ന ജോലിക്ക് അധികവരുമാനമില്ല. 600 രൂപയാണ് ഒരു ദിവസം ശരാശരി ലഭിക്കുന്നത്. മാസത്തിൽ എല്ലാദിവസവും ജോലി ഉണ്ടാകില്ല. ഗ്രാമപ്രദേശങ്ങളിലെ മീറ്റർ റീഡർമാർക്ക് ഇന്ധന ചെലവിനത്തിലും മാസം നല്ലൊരു തുക ചെലവാകുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...