തൊഴിലാളികളുടെ വാക്കിൽ 27 പ്രവാസികൾക്ക് ടിക്കറ്റ് നൽകി ബെൻജീന; അറിയണം ഈ കഥ

beljeena-help-new
SHARE

എല്ലാം നഷ്ടപ്പെട്ട് എങ്ങനെയും നാട്ടിലെത്തണം എന്ന് പ്രാർഥിച്ച് കൂടുന്ന പ്രവാസികളുടെ എണ്ണം കൂടുകയാണ്. കയ്യിൽ ടിക്കറ്റിന് പണമില്ലാത്ത പ്രവാസികൾ ഇനി കോവിഡ് ടെസ്റ്റിന് പണം കണ്ടെത്തേണ്ട അവസ്ഥയിലാണ് ഇപ്പോൾ. ഇതിനിടയിലും വേറിട്ട ശബ്ദവും യഥാർഥ കരുതലുമായി മാറുന്ന ഒരു സ്ത്രീയുണ്ട്. പ്രിൻറ്റിങ് പ്രസ് നടത്തുന്ന ബെൻജീനയാണ് ഇതിനോടകം 27 പ്രവാസികൾക്ക് ടിക്കറ്റെടുത്തു നൽകിയത്. ഈ കരുണയിലേക്ക് അവർ എത്തിയതിന് പിന്നിൽ തൊഴിലാളികളുടെ കരുതൽ കൂടിയുണ്ട്. ആ കഥ ബെൻജീന പറയുന്നതിങ്ങനെ.

‘എറണാകുളം വരാപ്പുഴ കൂനമ്മാവ് മറിയാമ്മ പാപ്പച്ചൻ മെമ്മോറിയൽ പ്രസിന്റെ മാനേജിങ് ഡയറക്ടറാണ് ഞാൻ. ഞങ്ങൾ മൂന്നു സുഹൃത്തുക്കൾ ചേർന്നാണ് ഇതു നടത്തുന്നത്. ഞങ്ങൾക്ക് 27 തൊഴിലാളികളുണ്ട്. ലോക്ഡൗൺ വന്നതോടെ പ്രസ് നടത്താൻ പറ്റാതെയായി. പക്ഷേ തൊഴിലാളികളുടെ ശമ്പളം പിടിക്കുന്നിനോട് യോജിപ്പില്ലായിരുന്നു. കൃത്യമായി എല്ലാവർക്കും ശമ്പളം നൽകി. എന്നാൽ ജോലി ചെയ്യാതെ മുഴുവൻ ശമ്പളം വാങ്ങുന്നതിൽ എന്റെ തൊഴിലാളികൾക്ക് താൽപര്യമുണ്ടായിരുന്നില്ല. അതിൽ നിന്നും വലിയ ഒരു ശതമാനം പ്രതിസന്ധിയിലായവർക്ക് നൽകാൻ അവർ പറഞ്ഞു. അപ്പോഴാണ് പുറത്ത് കണ്ണീരും പട്ടിണിയുമായി വലിയ ഒരു വിഭാഗം ഉണ്ടെന്ന തിരിച്ചറിവുണ്ടായത്.

mpm-press

അവരുടെ ആ വാചകം വല്ലാതെ ഉലച്ചു. ആ പണം എടുക്കാതെ തന്നെ ഒട്ടേറെ കുടുംബങ്ങൾക്ക് കിറ്റ് വിതരണം ചെയ്തു. ഇതിനിടയിലാണ് പ്രവാസികളുടെ പ്രശ്നങ്ങൾ അറിയുന്നത്. എന്നാൽ അർഹരായ അഞ്ചുപേർക്ക് ടിക്കറ്റെടുത്ത് നൽകാം എന്നു തീരുമാനിച്ചു. അങ്ങനെയാണ് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. എന്നാൽ ഞാൻ കരുതിയതിനും അപ്പുറമാണ് അവരുടെ അവസ്ഥയെന്ന് ലഭിച്ച സന്ദേശങ്ങളിൽ നിന്നും വ്യക്തമായി. ഭക്ഷണത്തിന് പോലും വഴിയില്ലാതെ കഷ്ടപ്പെടുന്ന ഒരുപാട് പേരെ കണ്ടു.

അങ്ങനെ അഞ്ചു പേർക്ക് എന്നു തീരുമാനിച്ച കണക്ക്‌ ഇപ്പോൾ 27 പേരിലെത്തി നിൽക്കുന്നു. എന്നെ കൊണ്ട് കഴിയുന്നതുപോലെ സഹായിക്കണം എന്നുണ്ട്. ഈ സംഭവം അറിഞ്ഞ് ആറുപേർ ഇത്തരത്തിൽ ഓരോ ടിക്കറ്റുകൾ എടുത്തു നൽകിയതായി എന്നോട് പറഞ്ഞു. അങ്ങനെ പ്രചോദനം ആയതിൽ സന്തോഷമുണ്ട്. നാലുലക്ഷത്തിലേറെ രൂപ ചെലവായി. ഇതിന് പിന്നാലെ സഹായം തേടി നാട്ടിൽ കഷ്ടപ്പെടുന്ന, തൊഴിൽ നഷ്ടമായ ഒട്ടേറേ പേരെത്തി. അങ്ങനെ രണ്ടുപേർക്ക് ജീവിതമാർഗമായി കട തുറന്നുകൊടുക്കാനും കഴിഞ്ഞു. എല്ലാവരെയും സഹായിക്കാൻ നമുക്ക് പറ്റില്ല. കഴിയും വിധം ചെയ്യും. അങ്ങനെ കഴിയുന്നവർ എല്ലാം ചെയ്തിരുന്നെങ്കിൽ...’ ബെൻജീന പറഞ്ഞുനിർ‌ത്തി. 

MORE IN KERALA
SHOW MORE
Loading...
Loading...