കര്‍ഷകര്‍ ചോദിച്ചു; പള്ളിയും അമ്പലവും ഹാളുകള്‍ ‘നെല്ലറ’യാക്കി: മാതൃക

tcr-farmer
SHARE

ലോക്ഡൗണ്‍ കാരണം പലയിടത്തും കൊയ്ത്തു വൈകിയിരുന്നു. ഇടവപ്പാതിയില്‍ കൊയ്ത്തു നടക്കുമ്പോള്‍ മഴയാണ് പ്രശ്നം. കൊയ്ത്തു കഴിഞ്ഞ ഉടനെ െനല്ല് മഴക്കൊള്ളാതെ മാറ്റണം. ഇല്ലെങ്കില്‍, നെല്ലിന് കനം കൂടും. അരിമില്ലുകാര്‍ നെല്ല് എടുക്കാന്‍ മടിക്കും. എത്രയും വേഗം നെല്ല് ഉണക്കാനുള്ള സൗകര്യമായിരുന്നു കര്‍ഷകര്‍ക്കു വേണ്ടത്. മില്ലുകാര്‍ നെല്ലെടുത്തില്ലെങ്കില്‍ വന്‍ സാമ്പത്തിക ബാധ്യത വരും കര്‍ഷകര്‍ക്ക്. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി വന്‍തോതില്‍ നെല്‍വിത്തിറക്കിയിരുന്നു. നല്ല വിളവും കിട്ടി. പക്ഷേ, കോവിഡ് ഉയര്‍ത്തിയ പ്രതിസന്ധിയില്‍ കര്‍ഷകര്‍ ത്രിശങ്കുവിലായി. 

നെല്ലുണക്കാന്‍ എങ്ങനെ കഴിയുമെന്ന് കര്‍ഷകര്‍ തലപുകഞ്ഞ് ചിന്തിച്ചു. തൃശൂര്‍ കൊഴുക്കുള്ളി ഗ്രാമത്തില്‍‍ ഒട്ടേറെ കര്‍ഷകരുണ്ട്. കൃഷിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ഗ്രാമം കൂടിയാണ് കൊഴുക്കുള്ളി. നടത്തറ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.ആര്‍.രജിത് ഒരു ആശയം മുന്നോട്ടുവച്ചു. 

ആരാധാനലായങ്ങളോടു ചേര്‍ന്ന് ചടങ്ങുകള്‍ക്കും വിവാഹങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്ന ഹാളുകള്‍ മൂന്നു മാസമായി പൂട്ടിയിട്ടിരിക്കുകയാണ്. കോവിഡ് കാരണം പെട്ടെന്ന് ഇനി, ചടങ്ങുകളും വിവാഹ ആഘോഷങ്ങളും ഉണ്ടാകില്ല. പള്ളി, ക്ഷേത്രം അധികൃതരോട് ഹാള്‍ വിട്ടുതരാന്‍ അനുവാദം ചോദിക്കാം. കൊഴുക്കുള്ളി നിത്യസഹായമാത പള്ളി ഫാ.ജോയ് കുത്തൂരിനേയും ചീരക്കാവ് രുധിരമാല ഭഗവതി ക്ഷേത്രം ഭാരവാഹി അജിയോടും പഞ്ചായത്ത് പ്രസിഡന്റും കര്‍ഷകരും ചേര്‍ന്ന് അനുവാദം ചോദിച്ചു. മറ്റുള്ളവരുമായി കൂടിയാലോചിച്ച ശേഷം പള്ളി, ക്ഷേത്രം നേതൃത്വം ഒരു തീരുമാനമെടുത്തു. ‘‘കര്‍ഷകരുടെ കണ്ണീരൊപ്പുക. നെല്ലുണക്കാന്‍ ഹാളുകള്‍ വിട്ടുനല്‍കുക’’. 

അങ്ങനെ, കൊഴുക്കുള്ളി ഗ്രാമത്തിലെ കര്‍ഷകരുടെ കണ്ണീരൊപ്പി ഈ ആരാധനാലയങ്ങള്‍. രാഷ്ട്രീയവും മതവും മറന്ന് എല്ലാവരും ഒറ്റക്കെട്ടായി കര്‍ഷകര്‍ക്കൊപ്പം നിന്നു. വരനും വധുവും നില്‍ക്കുന്ന സ്റ്റേജില്‍ ഇപ്പോള്‍ നെല്ലാണ്. വിഭവ സമൃദ്ധമായി സദ്യ നടത്തുന്ന ഹാളില്‍ നെല്‍കൂമ്പാരമാണ്. രണ്ടാഴ്ച നെല്ല് ഉണക്കിയെടുത്താല്‍ കര്‍ഷകര്‍ക്കു നഷ്ടം വരില്ല. നെല്ലു വാങ്ങാന്‍ മില്ലുകാര്‍ക്കു പ്രിയമായിരിക്കും. കര്‍ഷകരുടെ സാമ്പത്തിക നഷ്ടവും ഇല്ലാതാക്കാം. 

സംസ്ഥാനത്ത് ഒട്ടുമിക്ക ആരാധാനാലയങ്ങളോടു ചേര്‍ന്നും ഇത്തരം ഹാളുകള്‍ ഉണ്ടാകും. ഭക്തരുടേയും വിശ്വാസികളുടേയും വിവിധ ആഘോഷങ്ങള്‍ക്കായി വിട്ടുനല്‍കുന്ന ഹാളുകള്‍. കോവിഡ് എന്ന മഹാമാരി പടര്‍ന്നു പിടിക്കുമ്പോള്‍ ഇത്തരം ഹാളുകള്‍ പലരീതിയില്‍ ജനോപകാരപ്രദമായി ഉപയോഗിക്കാമെന്നതിന്റെ ഉത്തമ മാതൃകയാണ് കൊഴുക്കുള്ളി ഗ്രാമത്തില്‍ നടന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...