പ്രവാസികളുടെ വരവ് കുറയ്ക്കണം; കേന്ദ്രത്തോട് കേരളം; കത്തയച്ചെന്ന് മുരളീധരൻ

കേന്ദ്രസർക്കാരിന്റെ വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി വരുന്ന വിമാനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന് കേരളം ആവശ്യപ്പെട്ടതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് വന്നിറങ്ങുന്ന ആളുകളെ പരിശോധിക്കാനുള്ള ക്രമീകരണങ്ങള്‍ അതിന്റെ പരമാവധി ഉപയോഗത്തിലാണ്. കൂടുതല്‍ വിമാനങ്ങള്‍ വന്നാല്‍ യാത്രക്കാരെ പരിശോധിക്കാനുള്ള സംവിധാനങ്ങളൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ലെന്നും കേരളം പറയുന്നു. അതുകൊണ്ട് ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കടക്കം നിയന്ത്രണം വേണമെന്നാണ് സംസ്ഥാനമയച്ച കത്തിൽ ആവശ്യപ്പെടുന്നതെന്ന് മുരളീധരൻ വ്യക്തമാക്കി.

കോവിഡ് മൂലം ഗൾഫിൽ മരണപ്പെടുന്ന മലയാളികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലുള്ള കേരളത്തിന്റെ നിലപാട് വരും ദിവസങ്ങളിൽ രാഷ്ട്രീയചർച്ചയാകും. 160ലേറെ മലയാളികളാണ് ഇതിനോടകം മരിച്ചത്. വന്ദേ ഭാരത് മൂന്നാം ഘട്ടവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ തുടരുകയാണ്. ഇക്കാര്യത്തിൽ കേരളവുമായി ഉദ്യോഗസ്ഥ തലത്തിൽ ചർച്ചകൾ നടത്തും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കേരളത്തിലേക്ക് കൂടുതൽ വിമാനങ്ങൾ അയയ്ക്കുകയെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു.