തരിശുഭൂമിയിൽ കൃഷി; സുഭിക്ഷ കേരളം പദ്ധതിക്ക് പാലക്കാട്ട് മികച്ച പ്രതികരണം

krishi-project-05
SHARE

തരിശുഭൂമിയിൽ കൃഷിയിറക്കുന്ന സുഭിക്ഷ കേരളം പദ്ധതിക്ക് പാലക്കാട്ട് മികച്ച പ്രതികരണം. ജില്ലയിൽ അയ്യായിരത്തിമുന്നൂറു ഹെക്ടര്‍ തരിശുഭൂമിയാണ് കൃഷിവകുപ്പ്‌ കണ്ടെത്തിയിരിക്കുന്നത്. കൃഷിയിറക്കുന്ന കര്‍ഷകര്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ നല്‍കുന്ന സാമ്പത്തിക സഹായവും നേട്ടമാണ്. 

പാലക്കാട് നഗരസഭാ പരിധിയിലെ യാക്കര തോട്ടിങ്ങല്‍ പാടശേഖരത്തില്‍ കാലങ്ങളായി തരിശുകിടക്കുന്ന മണ്ണാണ്. ഇനിയിതൊക്കെ കൃഷിയിടങ്ങളാകും. യന്ത്രങ്ങളുപയോഗിച്ച് മണ്ണിളക്കി ഭൂമി കൃഷിയോഗ്യമാക്കുന്ന പ്രവൃത്തികള്‍ ഇങ്ങനെ മിക്കയിടത്തും തുടങ്ങി. 

ജില്ലയില്‍ നെല്‍കൃഷിയാണ് പ്രധാനം. മണ്ണിന്റെ ഘടനയും ജലാംശവും നോക്കി ചിലയിടങ്ങളില്‍ പച്ചക്കറി കൃഷിയ്ക്കും കര്‍ഷകര്‍ തുടക്കമിട്ടു. കൃഷിയിറക്കാൻ താൽപ്പര്യമില്ലാത്തവരുടെ ഭൂമി മറ്റൊരാള്‍ക്ക് ഏറ്റെടുത്ത് കൃഷിയിറക്കാം. ഹെക്ടറിന് നാല്‍പതിനായിരം രൂപ വരെ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിക്കും. കൃഷിയിടങ്ങളിലേക്ക് തൊഴിലുറപ്പു തൊഴിലാളികളെ ലഭ്യമാക്കുന്നതിന് ഉള്‍പ്പെടെ തദ്ദേശസ്ഥാപനങ്ങളുടെ പിന്തുണയുണ്ട്. 

ജില്ലാ പഞ്ചായത്ത് 785 ഏക്കറില്‍ കൃഷിയിറക്കുമെന്ന് അറിയിച്ചു. കുടുംബശ്രീ യൂണിറ്റുകള്‍ വഴി അടുക്കളത്തോട്ടവും ഉണ്ട്. 

പാടങ്ങളുടെ തരംമാറ്റലും ദീര്‍ഘനാള്‍ പാടങ്ങള്‍ തരിശിട്ട ശേഷം മുറിച്ചു വില്‍ക്കുന്നത് തടയാനും സുഭിക്ഷകേരളം പദ്ധതി പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തല്‍.

MORE IN KERALA
SHOW MORE
Loading...
Loading...