മുന്നറിയിപ്പില്ലാതെ അർധരാത്രി ഡാം തുറന്നു; ജനങ്ങളെ വെള്ളത്തിലാക്കി ജില്ലാ ഭരണകൂടം

flood-25
SHARE

യാതൊരു മുന്നറിയിപ്പും നൽകാതെ അർധരാത്രി അരുവിക്കര ഡാം തുറന്ന് വിട്ട തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഭാഗ്യം കൊണ്ടാണ് കഴിഞ്ഞ ദിവസത്തെ വെള്ളപ്പൊക്കത്തിൽ തിരുവനന്തപുരം നഗരത്തിൽ ആളപായം ഉണ്ടാവാതിരുന്നത്. ജീവൻ പന്താടുകയാണ് ഭരണകൂടമെന്ന് നാട്ടുകാർ ആരോപിക്കുന്നു. കരമനയാറിന്റെ വശങ്ങളിൽ താമസിക്കുന്നവർക്ക് അപായ സൂചന പോലും നൽകിയിരുന്നില്ല. നഗരത്തിലെത്തുന്ന വെള്ളം ഒഴുകിപ്പോകേണ്ട രണ്ട് ആറുകളിലും ക്രമാതീതമായി ജലനിരപ്പ് ഉയരുകയും ചെയ്തു. 

നൂറോളം വീടുകളിലാണ് വെള്ളം ഇരച്ചുകയറിയത്. തലസ്ഥാനത്തിന്റെ വലിയൊരുഭാഹം മുങ്ങുകയും ചെയ്തു. അരുവിക്കര ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മിനിയാന്നു വൈകിട്ടു മുതലേ ശക്തമായ മഴ തുടങ്ങിയിരുന്നു. അർധരാത്രിയോടെ  മഴ വ്യാപകമായി. അരുവിക്കര ഡാം കവിഞ്ഞൊഴുകുന്നതൊഴിവാക്കാൻ ജല അതോറിറ്റി പുലർച്ചെ 2 മുതൽ 4 നാലു മണി വരെ 5 ഷട്ടറുകളും ഒരുമിച്ച് പൂർണമായി തുറന്നു. 

എന്നാൽ യഥാസമയം മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് ജല അതോറിറ്റി പറയുന്നത്. ജില്ലാഭരണകൂടത്തിന്റെ വീഴ്ചയ്ക്കതെിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ജനങ്ങൾക്ക് ഒരു തരത്തിലുള്ള മുന്നറിയിപ്പും നൽകിയില്ല. ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകി പൊലീസ് മൈക്ക് അനൗൺസ്മെന്റ് നടത്തേണ്ടതാണെങ്കിലും അതുമുണ്ടായില്ല. നെടുമങ്ങാട് ഭാഗത്തെ ശക്തമായ മഴ കാരണം കിള്ളിയാറും കരകവിയാൻ തുടങ്ങി. രണ്ടു ആറുകളിലേയും ജലം ഉൾ‍ക്കൊള്ളാൻ കഴിയാതെ  നഗരത്തിന്റെ വലിയൊരു ഭാഗം പൂർണമായി  മുങ്ങി.

പുലർച്ചെയോടെയാണ് കരമന, കിള്ളിയാറിന്റെ വശങ്ങളിലെ വീടുകളിൽ വെള്ളം കയറിത്തുടങ്ങിയതെന്നതു മാത്രമാണ് അപകട തീവ്രത കുറച്ചത്. ഡാം തുറക്കുന്നത് കുറച്ചുകൂടി നേരത്തേ ആയിരുന്നുവെങ്കിൽ ഭൂരിഭാഗം ജനങ്ങളും ഉറക്കത്തിലായിരിക്കെ വീടുകളിൽ വെള്ളം കയറുകയും വലിയ ദുരന്തം ഉണ്ടാവുകയും ചെയ്യുമായിരുന്നു.  

MORE IN KERALA
SHOW MORE
Loading...
Loading...