തുന്നൽ ടീച്ചറായാൽ എന്താ പ്രശ്നം?; ടീച്ചറെയും മറ്റുള്ളവരെയും പരിഹസിക്കുന്നവരോട്; കുറിപ്പ്

kk-sailaja
SHARE

സമൂഹാധ്യമങ്ങളിൽ ശൈലജടീച്ചറെയും മറ്റു നേതാക്കളെയും പരിഹസിക്കുന്നവരെ വിമര്‍ശിച്ച് സന്ദീപ് ദാസിന്റെ കുറിപ്പ്.  ശൈലജ തുന്നല്‍ ടീച്ചറെന്ന് വിളിക്കുന്നവരോടും പിണറായിയെ ചെത്തുകാരന്‍റെ മകനെന്നും വിളിക്കുന്നവരോടും മേഴ്സിക്കുട്ടിയമ്മയോട് അണ്ടിയാപ്പീസിൽ പൊക്കൂടേ എന്ന് ചോദിക്കുന്നവരോടുമാണ് സന്ദീപ് ദാസിന്റെ വിമർശനം.

കുറിപ്പിന്റെ പൂർണരൂപം:

''കെ കെ ശൈലജയെ ചിലർ വിളിക്കുന്നത് തുന്നൽ ടീച്ചർ എന്നാണ്.പിണറായി വിജയനെ ചെത്തുകാരന്റെ മകൻ എന്ന് പരിഹാസപൂർവ്വം വിശേഷിപ്പിക്കുന്നതും അവരാണ്. തോമസ് ഐസക് അവർക്ക് കയറുപിരി ശാസ്ത്രജ്ഞനാണ്. മേഴ്സിക്കുട്ടിയമ്മയെ പുച്ഛിക്കാൻ അവർ ഉപയോഗിക്കുന്നത് അണ്ടിയാപ്പീസ് എന്ന പദമാണ്.

ഈ വിളികളുടെ ടോൺ ആണ് പ്രശ്നം. തുന്നൽ ടീച്ചർമാർക്ക് വിവരമില്ല എന്ന് പറയാതെ പറയുകയാണ്. കശുവണ്ടിത്തൊഴിലാളികളും ചെത്തുജോലി ചെയ്യുന്നവരും മോശക്കാരാണെന്ന കാഴ്ച്ചപ്പാടാണ് ആ വിളികളിൽ നിഴലിക്കുന്നത്.

കേരളത്തിന്റെ ആരോഗ്യമന്ത്രിയായ കെ കെ ശൈലജ പണ്ട് അദ്ധ്യാപികയായിരുന്നു. അവർ കുട്ടികൾക്ക് പറഞ്ഞുകൊടുത്തിട്ടുള്ളത് സയൻസാണ്. ഇതറിഞ്ഞുകൊണ്ടുതന്നെയാണ് കള്ളം പറയുന്നത്. ശൈലജ പഠിപ്പിച്ചിരുന്നത് തുന്നലാണ് എന്ന നുണ ഒരു ഉളുപ്പും ഇല്ലാതെ പ്രചരിപ്പിക്കുകയാണ്.

ഉദ്ദ്യേശം വ്യക്തമാണ്. കേരളത്തിന്റെ ആരോഗ്യവകുപ്പിനെ നയിക്കുന്നത് 'വെറുമൊരു തുന്നൽ ടീച്ചർ' ആണെന്ന് സ്ഥാപിച്ചെടുക്കണം!ശൈലജ ടീച്ചർ കൊറോണ പ്രതിരോധത്തെക്കുറിച്ച് വിശദീകരിക്കുന്നത് കേട്ടിട്ടുണ്ടാവുമല്ലോ. ശാസ്ത്രീയപദങ്ങളും മറ്റും ഉപയോഗിച്ച് വളരെ സ്റ്റൈലിഷ് ആയിട്ടാണ് അവർ സംസാരിക്കാറുള്ളത്. അതെല്ലാം കണ്ടാൽ കേരളത്തിലെ ഒറ്റുകാർക്ക് സഹിക്കുമോ? അങ്ങനെയാണ് തുന്നൽ ടീച്ചർ എന്ന വിളി ജന്മംകൊള്ളുന്നത്.

ഇതിനുള്ള മറുപടി കഴിഞ്ഞദിവസം ആരോഗ്യമന്ത്രി പറഞ്ഞു.''തുന്നൽ ടീച്ചറെന്താ ടീച്ചറല്ലേ?'' എന്നാണ് അവർ ചോദിച്ചത്. അതാണ് അവരുടെ ക്വാളിറ്റി. അവർ കാലുറപ്പിച്ചുനിൽക്കുന്ന പ്രസ്ഥാനത്തിന്റെ ശൈലി അതാണ്. തന്നെ ചെത്തുകാരന്റെ മകൻ എന്ന് വിളിക്കുന്നതിൽ പിണറായി വിജയൻ ഇന്നേവരെ പരാതി പറഞ്ഞിട്ടില്ല. അച്ഛനും സഹോദരന്മാരും ചെത്തുജോലി ചെയ്തിട്ടുണ്ട് എന്ന് സന്തോഷത്തോടെ പറയാറുമുണ്ട്.

കേട്ടാൽ അറപ്പുതോന്നുന്ന തരം തെറികൾ തനിക്കുനേരെ വന്നപ്പോൾ മേഴ്സിക്കുട്ടിയമ്മ ഇപ്രകാരമാണ് പ്രതികരിച്ചത്. ''മന്ത്രിയായതുകൊണ്ട് എന്റെ സ്വഭാവം മാറിയിട്ടില്ല.അണ്ടിയാപ്പീസിൽ പൊക്കൂടേ എന്ന് ചില ട്രോളന്മാർ ചോദിക്കുന്നുണ്ട്. ഞാൻ ഇനിയും കശുവണ്ടിഫാക്ടറിയിൽ പോകും. അതെനിക്ക് അഭിമാനമാണ്....''

തോമസ് ഐസക്കിന്റെ നിലപാടും ഇത് തന്നെയാണ്. കയറുപിരി മോശമാണെന്ന് അദ്ദേഹം കരുതുന്നില്ല. പിണറായി വിജയനും ശൈലജ ടീച്ചറും തോമസ് ഐസക്കും മേഴ്സിക്കുട്ടിയമ്മയുമെല്ലാം ഈ നാട്ടിലെ തൊഴിലാളികളുടെ നേതാക്കളാണ്. വൈറ്റ് കോളർ ജോലി ചെയ്യുന്നവർ മാത്രമാണ് യോഗ്യർ എന്ന ചീഞ്ഞളിഞ്ഞ പൊതുബോധമല്ല അവരെ നയിക്കുന്നത്. അതുകൊണ്ട് ഇത്തരം വിളികൾ അവരെ വേദനിപ്പിക്കില്ല. തുന്നലും ചെത്തും കയറുപിരിയും അഭിമാനമാണെന്ന് അവർ തിരിച്ചുപറയും. പണിയെടുക്കുന്നവരുടെ നോവ് മനസ്സിലാക്കാൻ സാധിക്കാത്ത മൂരാച്ചികൾക്ക് ഈ ഔന്നത്യം സ്വപ്നം കാണാൻ പോലും സാധിക്കില്ല.

ഒരു അന്താരാഷ്ട്ര ചാനലിൽ സംസാരിക്കുന്നതിനിടെ ശൈലജ ടീച്ചർക്ക് ഒരബദ്ധം പറ്റിയിരുന്നു. മാഹി എന്ന് പറയേണ്ടിടത്ത് ഗോവ എന്ന് പറഞ്ഞുപോയി. രാഷ്ട്രീയ പ്രതിയോഗികൾ അതൊരു സുവർണ്ണാവസരമായി കണ്ടു. ടീച്ചറെ പരിഹസിച്ച് ഭസ്മമാക്കാം എന്ന് കിനാവുകണ്ടു. ഒന്നും നടന്നില്ല. ആ പിഴവ് കേരളീയസമൂഹം മറന്നുകഴിഞ്ഞു.

ബുദ്ധിശക്തിയും അർപ്പണബോധവും ഉള്ള സ്ത്രീയാണ് ശൈലജ ടീച്ചർ എന്ന് മലയാളികൾക്കറിയാം. ആർക്കും ഉണ്ടാകാവുന്ന ഒരു പിഴവ് മാത്രമാണ് ആരോഗ്യമന്ത്രിയ്ക്ക് സംഭവിച്ചത്. തെറ്റുതിരുത്താനും മാപ്പുപറയാനും അവർ തയ്യാറായി. ശൈലജ ടീച്ചറെ പുച്ഛിക്കുന്ന ആളുകളും അവരുടെ നേതാക്കളും എത്രയോ നുണകൾ പറഞ്ഞിരിക്കുന്നു. അവർ തെറ്റുകൾ തിരുത്താറുണ്ടോ? എപ്പോഴെങ്കിലും ഖേദം പ്രകടിപ്പിച്ചതായി അറിയാമോ?

കൊറോണക്കാലത്ത് ശൈലജ ടീച്ചർ വിലകുറഞ്ഞ രാഷ്ട്രീയം കളിച്ചിട്ടില്ല. പാരവെയ്ക്കുന്നവരെ വരെ ഒപ്പം നിർത്താനാണ് അവർ എന്നും ശ്രമിച്ചിട്ടുള്ളത്. നാടിന്റെ സുരക്ഷയ്ക്കാണ് ആരോഗ്യമന്ത്രി മുൻഗണന നൽകിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ടീച്ചറുടെ ഇമേജ് അങ്ങനെയൊന്നും പൊയ്പ്പോവില്ല. പി.ആർ വർക്കിലൂടെ നേടിയതല്ല അത്. കഷ്ടപ്പെട്ട് സമ്പാദിച്ചതാണ്.

അതുകൊണ്ട് ഉറക്കെ ചോദിച്ചുകൊണ്ടിരിക്കും...

എന്താ പെണ്ണിന് കുഴപ്പം?

തുന്നൽ ടീച്ചറായാൽ എന്താ പ്രശ്നം?

MORE IN KERALA
SHOW MORE
Loading...
Loading...